ചെന്നൈ- കേന്ദ്ര മന്ത്രി അനന്തകുമാര്‍ ഹെഗ്‌ഡെയുടെ വിവാദ പരാമര്‍ശങ്ങളടങ്ങുന്ന വീഡിയോ ഉയര്‍ത്തിക്കാട്ടി പ്രമുഖ നടന്‍ പ്രകാശ് രാജിന്റെ ട്വീറ്റ്. കന്നഡയില്‍ നടത്തിയ ഒരു പത്രസമ്മേളനത്തിന്റെ തീയതിയില്ലാത്ത വീഡിയോ ദൃശ്യമാണ് നടന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇസ്ലാമിനെ ഈ ലോകത്തു നിന്നും തുടച്ചു നീക്കണമെന്നാണ് കര്‍ണാടകയിലെ ബിജെപി നേതാവ് കൂടിയായ കേന്ദ്രമന്ത്രി വീഡിയോയില്‍ പറയുന്നത്. നമ്മുടെ മതേതര രാജ്യത്ത് ഈ മന്ത്രിയുടെ ലക്ഷ്യങ്ങളും നാണംകെട്ട രാഷ്ട്രീയവും വിലയിരുത്തപ്പെടേണ്ടതുണ്ടെന്ന് പ്രകാശ് രാജ് ട്വീറ്റില്‍ പറയുന്നു.
ദേശീയതയും ഹിന്ദുത്വയും രണ്ടല്ല ഒന്നു തന്നെയാണെന്ന് മന്ത്രി പറയുന്ന മറ്റൊരു വീഡിയോയും പ്രകാശ് രാജ് ഉയര്‍ത്തിക്കാട്ടി. ദേശീയതയും ഹിന്ദുത്വയും ഒന്നാണെന്ന് താങ്കള്‍ പറയുന്നു. എന്തിനാണ് ദേശീയതയിലേക്ക് ഒരു മതത്തെ ചേര്‍ത്ത് വെക്കുന്നത്? അപ്പോള്‍ അംബേദ്കര്‍, അബുല്‍ കലാം, കുശ്വന്ത് സിങ്, അമൃത പ്രീതം, ഡോ. വര്‍ഗീസ് കൂര്യന്‍ തുടങ്ങി ഹിന്ദുവല്ലാത്ത മറ്റു മതക്കാരുടെ കാര്യമോ? എന്നെ പോലെ മതമില്ലാത്ത മറ്റുള്ളവരുടെ കാര്യമോ? ഞങ്ങളും ഈ രാജ്യത്തെ പൗരന്മാര്‍ തന്നെയല്ലെ? നിങ്ങളാരാണ്? നിങ്ങളുടെ അജണ്ട എന്താണ്? ജന്മങ്ങളില്‍ വിശ്വസിക്കുന്ന നിങ്ങള്‍ ജര്‍മനിക്കാരുടെ ഹിറ്റ്‌ലറിന്റെ പുനരവാതരങ്ങളാണോ?- രൂക്ഷമായ ഭാഷയില്‍ പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.