ന്യൂദൽഹി- അസം മതാടിസ്ഥാനത്തിലും സാംസ്കാരികാടിസ്ഥാനത്തിലും വിഭജിക്കപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും വോട്ടർമാർ ബുദ്ധിപൂർവ്വം തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്. അസംബ്ലി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസമിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് കഴിഞ്ഞദിവസം സിങ് അയച്ച വീഡിയോ സന്ദേശത്തിലാണ് ഇക്കാര്യം പറയുന്നത്. രാജ്യസഭയിൽ അസമിനെ പ്രതിനിധീകരിച്ച് 28 വർഷത്തോളം എംപിയായിരുന്നു ഡോ. മൻമോഹൻ സിങ്.
എല്ലാ പൗരന്മാരേയും സമുദായങ്ങളെയും ഒരുപോലെ കാണാൻ കഴിയുന്നവർക്കായിരിക്കണം വോട്ട് നൽകേണ്ടതെന്ന് സിങ് പറഞ്ഞു. മുൻ മുഖ്യമന്ത്രിയായ തരുൺ ഗോഗോയിയുടെ നേതൃത്വത്തിൽ വലിയ പുരോഗതികളാണ് സംസ്ഥാനം കൈവരിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വലിയ പ്രതിസന്ധികളെ അതിജീവിച്ച് വന്ന സംസ്ഥാനം ഇപ്പോൾ വീണ്ടും പ്രതിസന്ധികളിലേക്ക് വീണിരിക്കുകയാണ്. വളരെ ഗൌരവകരമായ തിരിച്ചടികളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്, അദ്ദേഹം ചൂണ്ടിക്കാട്ടി. സാംസ്കാരികവും മതപരവുമായ വിഭാഗീയത വളരുന്നതിനൊപ്പം സാമ്പത്തികമായ പ്രശ്നങ്ങളെയും നേരിടുകയാണ് സംസ്ഥാനം. തെറ്റായ നോട്ടുനിരോധന പരിപാടിയും തോന്നിയപോലെ നടപ്പാക്കിയ ജിഎസ്ടി നികുതി സംവിധാനവും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിരതയ്ക്ക് കോട്ടം തട്ടിച്ചിരിക്കുന്നുവെന്നും സിങ് കൂട്ടിച്ചേർത്തു.