ദൽഹി- ഒരു വനിതാ പൊലീസ് ഓഫീസർ നേതൃത്വത്തിലുള്ള അന്വേഷക സംഘം പിടികിട്ടാപുള്ളികളായ രണ്ടുപേരെ ഏറ്റുമുട്ടലിലൂടെ സാഹസികമായി പിടികൂടി. ദൽഹി പൊലീസ് ക്രൈംബ്രാഞ്ച് എസ്ഐ പ്രിയങ്ക ശർമയാണ് ധീരമായ നീക്കത്തിലൂടെ കുറ്റവാളികളെ പിടികൂടിയത്. ഏറ്റുമുട്ടലിനിടെ അക്രമികൾ പ്രിയങ്ക ശർമയ്ക്കു നേരെ വെടിയുതിർത്തു. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാലാണ് രക്ഷപ്പെട്ടത്. വ്യാഴാഴ്ചയാണ് ഏറ്റുമുട്ടൽ നടന്നത്. രോഹിത് ചൌധരി, തിത്തു എന്നീ രണ്ടുപേരാണ് പിടിയിലായത്. രാജ്യത്ത് പൊലീസ് സേനയിൽ സ്ത്രീകൾ ധാരാളമുണ്ടെങ്കിലും ഏറ്റുമുട്ടലുകൾ പോലുള്ള സാഹസിക നീക്കങ്ങളിൽ വനിതാ ഓഫീസർമാർ അപൂർവമാണ്. ദൽഹി പൊലീസ് പറയുന്നത് പ്രകാരം ഇത് രാജ്യത്തെ ആദ്യത്തെ സംഭവമാണ്.