ഗാന്ധിനഗർ- 'വിവാഹത്തിലൂടെ മതംമാറ്റം' നടത്തുന്നത് തടയുന്ന ബില്ല് ഗുജറാത്ത് അസംബ്ലിയിൽ മേശപ്പുറത്ത് വെച്ചു. വിവാഹവാഗ്ദാനം നൽകി ആകർഷിച്ച് മതംമാറ്റുന്നത് തടയുന്ന ബില്ലാണ് ബിജെപി സർക്കാർ കൊണ്ടുവന്നിരിക്കുന്നത്. ഇത്തരം വിവാഹങ്ങൾ നടത്തുന്നവർക്ക് 3 മുതൽ 10 വരെ വർഷം തടവ് ശിക്ഷയും 5 ലക്ഷം രൂപ വരെ പിഴയും ലഭിക്കുന്ന വിധത്തിൽ നിയമം പാസാക്കാനാണു നീക്കം.
ഗുജറാത്ത് മതസ്വാതന്ത്ര്യ (ഭേദഗതി) ബില്ല് വെള്ളിയാഴ്ചയാണ് സഭയിൽ വെച്ചത്. വിവാഹത്തിലൂടെയുള്ള നിർബന്ധിതമായ മതപരിവർത്തനം തടയേണ്ടതുണ്ടെന്ന് ബില്ല് പറയുന്നു. മികച്ച ജീവിത സൌകര്യങ്ങൾ വാഗ്ദാനം ചെയ്തും ദൈവ പ്രീതിയുണ്ടാകുമെന്ന് വിശ്വസിപ്പിച്ചും മതപരിവർത്തനം നടക്കുന്നുണ്ടെന്നും അത് തടയുകയാണ് ലക്ഷ്യമെന്നും ബില്ല് വ്യക്തമാക്കുന്നു. ഇത്തരം വിവാഹങ്ങൾ അസാധുവായി പരിഗണിക്കപ്പെടും. കൂടാതെ, വിവാഹം നടന്നത് ആരോപിതമായ രീതിയിലല്ലെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്വം കുറ്റാരോപിതനിലായിരിക്കും.