ആഗ്ര- മറ്റൊരു വിവാഹത്തിന് ശ്രമം നടത്തുന്ന കാമുകനെ ആസിഡാക്രമണം നടത്തി കാമുകി കൊന്നു. ഉത്തർപ്രദേശിലെ ആഗ്രയിലുള്ള ഖന്ദാരി മേഖലയിലാണ് സംഭവം. 28കാരനായ ദേവേന്ദ്ര രജ്പുത്താണ് മരിച്ചത്. ഒരു സ്വകാര്യ ലാബിൽ ദേവേന്ദ്രയും ആക്രമണം നടത്തിയ യുവതിയും ഒരുമിച്ച് ജോലി ചെയ്തിരുന്നു. ഈ സമയത്താണ് രണ്ടുപേരും പ്രണയത്തിലായത്. ഇതിനിടയിൽ യുവാവിന്റെ കുടുംബം മറ്റൊരു വിവാഹം നിശ്ചയിച്ചതായി കാമുകി അറിഞ്ഞു.
തന്റെ വീട്ടിൽ ഒരു ഫാൻ നന്നാക്കാനുണ്ടെന്ന് പറഞ്ഞ് യുവതി ദേവേന്ദ്രയെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. യുവാവ് ഫാൻ നന്നാക്കുന്നതിനിടയിൽ യുവതി അയാളുടെ ദേഹത്തേക്ക് ആസിഡ് വീഴ്ത്തുകയായിരുന്നു. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവാവ് പിന്നീട് മരിച്ചു. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും ആഗ്ര പൊലീസ് സൂപ്രണ്ട് ബിആർ പ്രമോദ് അറിയിച്ചു.