ന്യൂദൽഹി- വിദേശരാജ്യങ്ങളിലെ ജയിലുകളിൽ ഏതാണ്ട് 8000 ഇന്ത്യൻ തടവുകാർ കഴിയുന്നുണ്ടെന്ന് വിദേശകാര്യമന്ത്രാലയം. ഇതിൽ വിചാരണത്തടവുകാരും ഉൾപ്പെടും. 82 രാജ്യങ്ങളിലെ ഇന്ത്യക്കാരായ തടവുകാരുടെ കണക്കാണ് സർക്കാർ പാർലമെന്റിൽ വെച്ചത്. ഏറ്റവും കൂടുതൽ ഇന്ത്യൻ തടവുകാരുള്ളത് സൗദി അറേബ്യയിലാണ്. 1570 പേർ. യുഎഇയിൽ 1292 ഇന്ത്യൻ തടവുകാരാണുള്ളത്. കുവൈത്തിലെ ജയിലുകളിൽ 460 ഇന്ത്യാക്കാരുണ്ട്. ഖത്തറിലെ ജയിലുകളിൽ കഴിയുന്നത് 439 ഇന്ത്യാക്കാരാണ്. ബഹറൈനിൽ 178 പേർ ജയിലിൽ കഴിയുന്നു. ഇറാനിൽ 70 പേരും ഒമാനിൽ 49 പേരും ജയിലുകളിൽ കഴിയുന്നുണ്ട്. വിവിധ രാജ്യങ്ങളിലായി ആകെ 7,890 ഇന്ത്യക്കാരാണ് ജലിയുകളിൽ കഴിയുന്നത്.
ആറ് ഗൾഫ് രാജ്യങ്ങളിലും ഇറാനിലുമായി 4058 ഇന്ത്യക്കാർ തടവുകാരുണ്ട്. ഏറ്റവും കൂടുതൽ ഇന്ത്യൻ പ്രവാസികളുള്ള രാജ്യങ്ങളാണിവ. യുഎസ്സിൽ 267 ഇന്ത്യൻ തടവുകാരാണുള്ളത്. യുകെയിൽ 373 പേരുണ്ട്. അയൽരാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാർ ജയിലിലടയ്ക്കപ്പെട്ടിട്ടുള്ളത് നേപ്പാളിലാണ്. 886 പേർ. പാകിസ്താനിൽ 524 ഇന്ത്യക്കാരും വിവിധ ജയിലുകളിൽ കഴിയുന്നു. ചൈന (157), ബംഗ്ലദേശ് (128), ഭൂട്ടാൻ (91), ശ്രീലങ്ക (67), മ്യാൻമർ (65) എന്നിങ്ങനെയാണ് മറ്റ് അയൽ രാജ്യങ്ങളിൽ നിന്നുള്ള കണക്കുകൾ. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം അഫ്ഗാനിസ്ഥാനിൽ ഒറ്റ ഇന്ത്യക്കാരനും ജയിലിൽ കഴിയുന്നില്ല.