അസ്മാറ- എരിത്രിയൻ അഭയാർത്ഥികൾ പാർക്കുന്ന എത്യോപ്യയിലെ യുദ്ധബാധിത പ്രദേശമായ ടിഗ്രേയിലെ ക്യാമ്പിൽ സ്ത്രീകൾ കൂട്ട ബലാൽസംഗത്തിന് ഇരയാകുന്നതായി റിപ്പോർട്ട്. അഞ്ഞൂറോളം ബലാൽസംഗക്കേസുകളാണ് ഇവിടെ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഈ മേഖലയിലേക്ക് അയൽരാജ്യമായ എരിത്രിയയിൽ നിന്നും സൈനികർ കടന്നുവന്നാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. എരിത്രിയൻ സൈനികർ ക്യാമ്പുകളിലേക്ക് കടന്നുവരികയും കൊലപാതകങ്ങളും കൂട്ടബലാൽസംഗങ്ങളും നടത്തുകയും ചെയ്യുന്നത് പതിവാണെന്ന് സ്ഥലത്ത് ജീവിക്കുന്നവരെ ഉദ്ധരിച്ച് യുഎൻ റിപ്പോർട്ട് ചെയ്യുന്നു.
യുൻ റിപ്പോർട്ടിൽ പറയുന്ന ഏറ്റവും അസ്വാസ്ഥ്യജനകമായ കാര്യം, എരിത്രിയൻ സേന അഭയാർത്ഥി കുടുംബങ്ങളിലേക്ക് കടന്നുചെന്ന് അവിടുത്തെ പുരുഷന്മാരോട് അവരുടെ സ്ത്രീകളെ ബലാൽസംഗം ചെയ്യാൻ ആവശ്യപ്പെടുന്നതാണ്. മനസ്സ് മരവിപ്പിക്കുന്ന ഇത്തരം സംഭവങ്ങൾ നടക്കുന്നുവെന്ന ആരോപണത്തെ നേരത്തെ എരിത്രിയ നിഷേധിച്ചു കൊണ്ടിരുന്നതാണ്. ഇപ്പോൾ യുഎൻ റിപ്പോർട്ട് വന്നതോടെ പിഴവ് സമ്മതിക്കാൻ എരിത്രിയ നിർബന്ധിതമായിട്ടുണ്ട്.
തങ്ങളുടെ സൈന്യം ടിഗ്രേയിലുണ്ടെന്ന വസ്തുത എത്യോപ്യൻ പ്രധാനമന്ത്രി ആബി അഹ്മദ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ എരിത്രിയൻ സർക്കാർ ഇതിനെ നിഷേധിക്കുകയാണ് ചെയ്തിരുന്നത്. യാതൊരു വിവേചനവുമില്ലാതെ സാധാരണക്കാരെ ആക്രമിക്കുന്ന എരിത്രിയൻ സൈന്യത്തിന്റെ നടപടിയെ യുഎൻ അപലപിച്ചു. ഇവിടുത്തെ സൈനികനടപടികളിൽ ആയിരക്കണക്കിനാളുകൾ കൊല്ലപ്പെടുകയും നൂറുകണക്കിന് കുടുംബങ്ങൾ അഭയാടത്ഥികളാകുകയും ചെയ്തിട്ടുണ്ട്.