മുംബൈ- ഇന്ത്യ ഒപെക് രാജ്യങ്ങള്‍ക്ക് പുറത്തുള്ള രാജ്യങ്ങളില്‍നിന്ന് വില കുറച്ച് അസംസ്‌കൃത എണ്ണ വാങ്ങുന്നു. ഇതിന്റെ ആദ്യപടിയായി തെക്കേ അമേരിക്കന്‍ രാജ്യമായ ഗയാനയില്‍ നിന്ന് പത്തുലക്ഷം ബാരല്‍ എണ്ണയുമായുള്ള കപ്പല്‍ അടുത്തമാസം ആദ്യം മുന്ദ്ര തുറമുഖത്തെത്തും. ഇതിനൊപ്പം ബ്രസീലിലെ ടുപിയില്‍ നിന്ന് എണ്ണവാങ്ങാനുള്ള ഓര്‍ഡറും ഇന്ത്യ നല്‍കിക്കഴിഞ്ഞു. ഈ രണ്ട് രാജ്യങ്ങളും ഇന്ത്യയുടെ പുതിയ വിപണിയാണ്.
കുതിച്ചുയരുന്ന എണ്ണ വില നിയന്ത്രിക്കാനായി ഉത്പാദനം കൂട്ടാന്‍ ഇന്ത്യ ഒപെക് രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒപെക് രാജ്യങ്ങള്‍ ഈ ആവശ്യം തള്ളി. ഇതോടെയാണ് കുറഞ്ഞ വിലയ്ക്ക് എണ്ണകിട്ടുന്ന മറ്റു രാജ്യങ്ങളെ ആശ്രയിക്കാന്‍ ഇന്ത്യ തീരുമാനിച്ചത്.
കോവിഡിന് ശേഷം ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ന്നതോടെ രാജ്യത്തെ പെട്രോള്‍ ഡീസല്‍ വില കുത്തനെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ആഗോള വിപണിയില്‍ എണ്ണവില പത്തു ശതമാനത്തിലേറെ ഇടിഞ്ഞു. എന്നിട്ടും രാജ്യത്ത് ഇന്ധനവിലയില്‍ നാമമാത്രമായ കുറവാണ് ഉണ്ടായത്.