ന്യൂദല്‍ഹി- ഇസ്രായില്‍ തലസ്ഥാനമായി ജറൂസലമിനെ അംഗീകരിച്ചു കൊണ്ടുള്ള അമേരിക്കയുടെ പ്രഖ്യാപനത്തിനെതിരെ ലോകത്തെമ്പാടും പ്രതിഷേധം ഉയരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫലസ്തീന്‍ സന്ദര്‍ശിക്കാനൊരുങ്ങുന്നു. ഇന്ത്യയിലെ ഫലസ്തീന്‍ അംബാസഡര്‍ അദ്നാന്‍ അബു അല്‍ഹൈജയാണ് ഇക്കാര്യം അറിയിച്ചത്. ഉടന്‍ തന്നെ പ്രധാനമന്ത്രി മോഡി ഫലസ്തീന്‍ സന്ദര്‍ശിക്കുമെന്നും ജറൂസലമില്‍ എത്തുമെന്നുമെന്നാണ് രാജ്യസഭാ ടിവിയിലെ ഒരു ചര്‍ച്ചയ്ക്കിടെ അല്‍ഹൈജ പറഞ്ഞത്.
യുഎസിലെ ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ ലോകം ഫലസ്തീനെ പിന്തുണയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ വര്‍ഷം ജൂലൈയില്‍ പ്രധാനമന്ത്രി മോഡി ഇസ്രായില്‍ സന്ദര്‍ശിച്ചിരുന്നുവെങ്കിലും ജറുസലമില്‍ പോയിരുന്നില്ല. ഇസ്രായില്‍ സന്ദര്‍ശിച്ച ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോഡി
ജറൂസലം വിവാദം വീണ്ടുമുയര്‍ന്ന പശ്ചാത്തലത്തില്‍ ഫലസ്തീനിനോടുള്ള ഇന്ത്യന്‍ നിലപാട് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ ഫലസ്തീന്‍ നിപലാട് സ്വതന്ത്രമാണെന്നും മൂന്നാമതൊരു രാജ്യത്തിന്റെ താല്‍പ്പര്യത്തിനനുസരിച്ചല്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ദ്വിരാഷ്ട്ര പരിഹാരം എന്ന നിലപാടിനും ഫലസ്തീനിനും ഇന്ത്യയുടെ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും അല്‍ഹൈജ പറഞ്ഞു.