ലൗ ജിഹാദ് നടത്താന്‍ അയാള്‍ ഒരു ഉറച്ച മതവിശ്വാസി പോലുമല്ല 

അഫ്രാസുലിന്റെ തിരിച്ചറിയല്‍ കാര്‍ഡുകളുമായി ഇനാവുല്‍ ശൈഖും മുശറഫ് ഖാനും (ഹിന്ദുസ്ഥാന്‍ ടൈംസ് ഫോട്ടോ)

ബീഡി വലിക്കും; അഫ്രാസുലിന് മറ്റൊരു ദുശ്ശീലവുമില്ലായിരുന്നു 

ജയ്പൂര്‍- ബീഡി വലിയല്ലാതെ മറ്റൊരു ദുശ്ശീലവും കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ വര്‍ഗീയ ഭ്രാന്തന്‍ വെട്ടിക്കൊന്ന് കത്തിച്ച അഫ്രാസുല്‍ എന്ന അമ്പതു വയസ്സുകാരന് ഇല്ലായിരുന്നുവെന്ന് അദ്ദേഹത്തോടൊപ്പം താമസിച്ചിരുന്ന മരുമകന്‍ ഇനാവുല്‍ ശൈഖ്.
പശ്ചിമ ബംഗാളില്‍നിന്ന് തൊഴില്‍ തേടിയെത്തി നാട്ടുകാരില്‍ പലര്‍ക്കും തൊഴില്‍ കണ്ടെത്തി നല്‍കിയിരുന്ന അഫ്രാസുല്‍ 24 തൊഴിലാളികളോടൊപ്പമാണ് നാല് മുറികളുള്ള വാടക കെട്ടിടത്തില്‍ താമസിച്ചിരുന്നത്. ജയ്പൂരില്‍നിന്ന് 300 കി.മീ തെക്ക് രാജ്‌സമന്ദിലെ ധോയിണ്ടയിലാണ് ഒറ്റനില കെട്ടിടം.
പശ്ചിമ ബംഗാളിലെ മാള്‍ഡയിലുള്ള സയദ്പുര്‍ ഗ്രാമത്തില്‍നിന്നുള്ളവരെയാണ് അഫ്രാസുല്‍ രാജസ്ഥാനിലേക്ക് കൊണ്ടുവന്നിരുന്നത്. തൊഴില്‍ കരാറുകാരനായി അവരോടൊപ്പം തന്നെ താമസിച്ചു. 
മൂന്ന് മക്കളുടെ പിതാവായ അഫ്രാസിന് ബീഡി വലിയല്ലാതെ ദുശ്ശീലങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് മരുമകന്‍ പറയുന്നു. ആരോടും ഒരു തെറ്റും ചെയ്തിട്ടില്ല. തൊഴിലാളികളെ ജോലിക്ക് ലഭിക്കുന്ന ജാല്‍ ചക്കിയില്‍ പോയി ആരോടും ചോദിച്ചാലും അഫ്രസുലിനെ കുറിച്ച് നല്ലതു മാത്രമേ പറയൂ. 12-13 വര്‍ഷമായി അവര്‍ക്കൊക്കെ അഫ്രാസുലിനെ അറിയാം- ഇനാവുല്‍ ശൈഖ് പറഞ്ഞു.
ലൗ ജിഹാദില്‍നിന്ന് ഒരു സ്ത്രീയെ രക്ഷിക്കാനാണ് താന്‍ അഫ്രാസുലിനെ കൊന്നതെന്നാണ് അറസ്റ്റിലായ പ്രതി ശംഭുലാല്‍ റെഗാര്‍ പോലീസിനോട് പറഞ്ഞു. മതം മാറിയുള്ള വിവാഹം പരാമര്‍ശിക്കാന്‍ ഹിന്ദുത്വ ഗ്രൂപ്പുകള്‍ ഉപയോഗിക്കുന്ന പദമാണ് ലൗ ജിഹാദ്. വിവാഹങ്ങളിലൂടെ ഹിന്ദു യുവതികളെ മതം മാറ്റാനുള്ള മുസ്്‌ലികളുടെ ഗൂഢാലാചനയായാണ് അവര്‍ ഇത് കൊണ്ട് അര്‍ഥമാക്കുന്നത്. 
എന്നാല്‍ ലൗ ജിഹാദുമായി അഫ്രാസുലിന് ഒരു ബന്ധവുമില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. ആറു വര്‍ഷം മുമ്പ് അഫ്രാസുലിന്റെ നാട്ടുകാരനായ ഒരാളോടൊപ്പം പെണ്‍കുട്ടി ഒളിച്ചോടിയതിന് തന്റെ അമ്മാവന്‍ എന്തു പിഴച്ചുവെന്ന് ഇനാവുല്‍ ശൈഖ് ചോദിക്കുന്നു. ലൗ ജിഹാദ് നടത്താന്‍ അഫ്രാസുല്‍ ഉറച്ച മതവിശ്വാസി പോലുമായിരുന്നില്ലെന്നും വെള്ളിയാഴ്ച ജുമുഅക്ക് പോയാല്‍ ആയെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. 
ബുധനാഴ്ച രാവിലെ ഒമ്പതു മണിയോടെയാണ് ഭാര്യാ പിതാവ് മുറിയില്‍നിന്ന് പുറത്തു പോയതെന്ന് അഫ്രാസുലിന്റെ കൂടെ താമസിച്ചിരുന്ന മുശറഫ് ഖാന്‍ പറയുന്നു. മറ്റുള്ളവര്‍ ടെലിവിഷനു മുന്നിലിരിക്കുമ്പോഴാണ് അദ്ദേഹം ചായ കുടിച്ച ശേഷം പുറത്തേക്ക് പോയതെന്ന് മുശറഫ് ഖാന്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. ഏതാനും തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് പണം അയക്കണമെന്നും അതിന് തന്റെ സഹായം വേണമെന്നും പതിനൊന്നരയോടെ അഫ്രാസുല്‍ ഫോണില്‍ വിളിച്ചു പറഞ്ഞു. 
ഉച്ചക്ക് ശേഷം മൂന്ന് മണിയോടെ 786 രജിസ്‌ട്രേഷന്‍ നമ്പര്‍ അവസാനിക്കുന്ന ബൈക്ക് യാത്രക്കാരന്‍ അപകടത്തില്‍ പെട്ടുവെന്ന വിവരം ഇനാവുലിനാണ് ലഭിച്ചത്. ഇനാവുല്‍ സ്ഥലത്തെത്തിയപ്പോള്‍ പോലീസ് സ്ഥലം വളഞ്ഞിരുന്നു. 
വിവാഹ സമയത്ത് തനിക്ക് അഫ്രാസല്‍ 12,000 രൂപയാണ് നല്‍കിയിരുന്നതെന്ന് മുശറഫ് പറഞ്ഞു. ഒരു പാവം തൊഴിലാളിക്ക് ഇതിലപ്പുറം എന്തു സാധിക്കുമെന്ന് 18 വര്‍ഷമായി അഫ്രാസുലിനെ അറിയുന്ന മറ്റൊരു തൊഴിലാളി സമീഉല്‍ ശൈഖ് ചോദിച്ചു.
തൊഴിലാളികളുടെ കുടുംബങ്ങള്‍ നാട്ടിലാണ്. ജോലിയുടെ അവസ്ഥയനുസരിച്ച് ഇടവേളകളില്‍ നാട്ടിലേക്ക് പോകും. 
അഫ്രാസുലിന്റെ ഭാര്യയും മൂന്ന് മക്കളും മാള്‍ഡയിലാണ് താമസം. മൂത്ത രണ്ട് പെണ്‍മക്കളുടെ വിവാഹം കഴിഞ്ഞു. 16 വയസ്സായ ഇളയ മകള്‍ വിവാഹിതയാകാനുണ്ട്. 

Latest News