വാഷിങ്ടൻ- ആഫ്രിക്കൻ പന്നിപ്പനി പടർന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ ചേർത്ത് യുഎസ് വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതോടെ ഇന്ത്യയിൽ നിന്നുള്ള പോർക്കിറച്ചിയുടെയും പോർക്ക് ഉൽപ്പന്നങ്ങളുടെയും ഇറക്കുമതിക്കും യുഎസ്സിൽ നിയന്ത്രണം നിലവിൽ വന്നു. യുഎസ്സിന്റെ ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികൾചറിന്റെ അനിമൽ ആൻ പ്ലാന്റ് ഹെൽത്ത് ഇൻസ്പെക്ഷൻ സർവീസ് ആണ് ഈ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ആഫ്രിക്കൻ പന്നിപ്പനി പകർച്ചയെ ലഘൂകരിക്കുന്നതിനാണ് ഈ നടപടിയെന്ന് യുഎസ് അധികൃതർ വ്യക്തമാക്കി. 2020 മെയ് മാസം മുതൽക്ക് എടുത്തുവരുന്ന നടപടികളുടെ ഭാഗമാണിതെന്നും അവർ വിശദീകരിച്ചു.
പന്നിപ്പനി നിലനിൽക്കുന്നുണ്ടെന്ന് കരുതപ്പെടുന്ന രാജ്യങ്ങളെയാണ് പട്ടികയിൽ പെടുത്തുന്നതെന്ന് അനിമൽ ആൻ പ്ലാന്റ് ഹെൽത്ത് ഇൻസ്പെക്ഷൻ സർവീസ് പുറത്തിറക്കിയ പ്രസ്താവന പറഞ്ഞു. അതിവേഗം പടരുന്ന രോഗമാണ് ആഫ്രിക്കൻ പന്നിപ്പനി. ഉയർന്ന തോതിലുള്ള മരണനിരക്കും ഈ രോഗത്തിനുണ്ട്.