Sorry, you need to enable JavaScript to visit this website.

ബർമൂഡ ഇടാൻ പറഞ്ഞ ഘോഷിന് മമതയുടെ മറുപടി

കൊൽക്കത്ത- പ്ലാസ്റ്ററിട്ട കാൽ പ്രദർശിപ്പിക്കാൻ ബർമൂഡ ധരിച്ച് നടക്കണമെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷിന്റെ പ്രസ്താവനയ്ക്കെതിരെ മമത ബാനർജി രംഗത്ത്. ജനങ്ങൾ എന്ത് ധരിക്കണമെന്ന് ബിജെപിയാണ് തീരുമാനിക്കുന്നതെന്ന് മമത പറഞ്ഞു. "സൽവാർ കമ്മീസ് ധരിക്കരുതെന്ന് അവർ തീരുമാനിക്കും, സാരി ധരിക്കരുതെന്ന് അവർ തീരുമാനിക്കും," മമത പറഞ്ഞു. സാരി ധരിച്ച ഒരു സ്ത്രീ തന്റെ കാൽ പുറത്തുകാണിക്കുന്നത് ബംഗാളി സംസ്കാരത്തിന് യോജിച്ചതല്ലെന്നായിരുന്നു ഘോഷിന്റെ പ്രസ്താവന. അതെസമയം തന്റെ പ്രസ്താവന പിൻവലിക്കാൻ ഘോഷ് ഇതുവരെ തയ്യാറായിട്ടില്ല. സ്ത്രീവിരുദ്ധമായ പ്രസ്താവനയെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. 

തന്റെ പ്രസ്താവനയെ ന്യായീകരിച്ച് ഘോഷ് നടത്തിയ പ്രതികരണം ഇങ്ങനെയായിരുന്നു: "ഒരു വനിതാ മുഖ്യമന്ത്രിയെന്ന നിലയിൽ അവരിൽ നിന്ന് നമ്മൾ ഒരൽപം മാന്യത പ്രതീക്ഷിക്കുന്നുണ്ട്. ബംഗാളി സ്ത്രീകളുടെ സംസ്കാരവും പാരമ്പര്യവും അവർ പുലർത്തുമെന്ന് നമ്മൾ കരുതും. ഇവിടെ ഒരു സാരിയുടുത്ത സ്ത്രീ തന്റെ കാൽ ഇടക്കിടെ പുറത്ത് കാണിക്കുന്നു. ഇത് ബംഗാളിന്റെ സംസ്കാരമാണോ? അക്കാര്യമാണ് ഞാൻ പറഞ്ഞത്." അതെസമയം, ഘോഷിന്റെയും ബിജെപിയുടെയും സ്ത്രീവിരുദ്ധതയ്ക്കെതിരെ ജനം പ്രതികരിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് പ്രതികരിച്ചു.

Latest News