ഗാന്ധിനഗർ- ഗുജറാത്തിൽ വിളർച്ച ബാധിച്ച സ്ത്രീകളുടെ എണ്ണം വളരെ കൂടുതലാണെന്ന് ദേശീയ കുടുംബാരോഗ്യ സർവെ. ഇതിൽ ശ്രദ്ധേയമായ കാര്യം, ഇരുമ്പിന്റെ സാന്നിധ്യക്കുറവല്ല ഈ വിളർച്ചയ്ക്ക് കാരണമെന്നതാണ്. ആവശ്യമായ ഇരുമ്പ് ശരീരത്തിലടങ്ങിയിട്ടും വിളർച്ച അനുഭവിക്കുന്നവരുടെ എണ്ണം കൂടുതലാണ്. മറ്റ് ആരോഗ്യപ്രശ്നങ്ങളോ ആവശ്യമായ പോഷകങ്ങളുടെ കുറവോ ആയിരിക്കാം കാരണമെന്ന് സർവെ ചൂണ്ടിക്കാട്ടുന്നു. 258 ഗർഭിണികളായ/മുലയൂട്ടുന്ന സ്ത്രീകളിൽ നടത്തിയ ഒരു പ്രത്യേക പഠനത്തിൽ ഓരോ അഞ്ച് സ്ത്രീകളിലും രണ്ടുപേർ വീതം വിളർച്ചയുള്ളവരും എന്നാൽ ശരീരത്തിൽ ആവശ്യമായ ഇരുമ്പിന്റെ അംശം ഉള്ളവരുമാണെന്ന് സർവെ കണ്ടത്തി. 170 സാമ്പിളുകളെടുത്തതിൽ 105 പേർക്കും ശരീരത്തിൽ ഇരുമ്പിന്റെ സാന്നിധ്യം ആവശ്യത്തിനുണ്ടായിരുന്നു. ഈ പ്രശ്നത്തിൽ കൂടുതൽ പഠനം നടത്താനാണ് ആയുഷ് മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. അംഗൻവാടികൾ അടഞ്ഞുകിടക്കുന്നതിനാൽ പെൺകുട്ടികളിലെ ഇത്തരം ആരോഗ്യപ്രശ്നങ്ങൾ പഠിക്കാൻ സാധിച്ചിട്ടില്ല. അടുത്ത ഘട്ടത്തിൽ ഈ വഴിക്കാണ് പഠനം നീങ്ങുക.
നിലവിൽ ഗർഭിണികളിലെയും മുലയൂട്ടുന്ന അമ്മമാരിലെയും വിളർച്ചയെ തടയാൻ ശരീരത്തിൽ ഇരുമ്പിന്റെ അംശം കൂട്ടുന്ന തരം ചികിത്സകൾ നൽകുകയും അതിനാവശ്യമായ ഭക്ഷണക്രമം നിർദ്ദേശിക്കുകയുമാണ് ചെയ്യുക. നിലവിൽ കേന്ദ്ര സർക്കാർ ആരോഗ്യമേഖലയിൽ നടപ്പാക്കുന്ന 'അനീമിയ മുക്ത് ഭാരത്' പരിപാടി പൂർണമായും ഇരുമ്പിലാണ് ശ്രദ്ധ വെക്കുന്നത്. ഈ പദ്ധതിയുടെ സ്വഭാവത്തിൽ വലിയ മാറ്റം വരുത്തേണ്ടി വരുമെന്നാണ് സർവെ സൂചിപ്പിക്കുന്നത്.
ഗുജറാത്തിലെ ഗ്രാമപ്രദേശങ്ങളിലാണ് സ്ത്രീകളിലെ വിളർച്ച ഏറ്റവും കൂടുതലുള്ളത്. സംസ്ഥാനത്ത് ദരിദ്രരുടെ എണ്ണം വർധിക്കുന്നതായി 2018ൽ വന്ന ഗ്രാമവികസനമന്ത്രാലയത്തിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യത്തെ ഏറ്റവും സമ്പന്നമായ സംസ്ഥാനങ്ങളിലൊന്നായ ഗുജറാത്തിൽ പക്ഷെ ജനങ്ങളുടെ ജീവിതനിലവാരം താഴെയാണെന്ന് യൂനിസെഫ് അടക്കമുള്ള സംഘടനകൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സാമൂഹ്യവളർച്ചാ സൂചകങ്ങളിൽ വേണ്ടത്ര വളർച്ച കാണിക്കുന്നില്ല സംസ്ഥാനം. 2011ലെ സെൻസസ് പ്രകാരം ഗുജറാത്തിലെ ദാരിദ്ര്യ നിരത്ത് 10 ലക്ഷം പേരിൽ 16.63 ശതമാനം എന്ന നിലയിലാണ്. രാജസ്ഥാൻ, ഛത്തീസ്ഗഢ്, ജമ്മു കാശ്മീർ എന്നീ സംസ്ഥാനങ്ങൾ താരതമ്യേന മെച്ചപ്പെട്ട നിലയിലാണ്. ഇന്ത്യയിലെ ഏറ്റവും വ്യവസായവൽക്കരിക്കപ്പെട്ട സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ രണ്ടാം സ്ഥാനത്താണ് ഗുജറാത്തുള്ളത്.
തൂക്കക്കുറവോടെ ജനിക്കുന്ന കുട്ടികളുടെ എണ്ണത്തിലും ഗുജറാത്ത് മുൻനിരയിലാണ്. ജനിക്കുന്ന കുട്ടികളിൽ 39 ശതമാനത്തിനും ആവശ്യമായ തൂക്കമില്ല. ആയിരം ജനനങ്ങളിൽ 33 കുട്ടികൾ മരിക്കുന്നു. ഒരു ലക്ഷം പേർക്ക് 28 കോളേജുകളാണ് സംസ്ഥാനത്തുള്ളതെന്ന് റിസർവ് ബാങ്ക് പുറത്തിറക്കിയ ഹാൻഡ്ബുക്ക് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ഓൺ ഇന്ത്യൻ സ്റ്റേറ്റ്സ് പറയുന്നു. സംസ്ഥാനത്ത് സ്ത്രീകളുടെ വിദ്യാഭ്യാസ നിരക്കും ഏറെ പിന്നിലാണ്. ഉത്തർപ്രദേശ്, ഹരിയാന, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളെക്കാൾ മുകളിലാണ് ദളിതർക്കെതിരായ അതിക്രമങ്ങളുടെ കാര്യത്തിൽ ഗുജറാത്ത്.