ന്യൂദല്‍ഹി- സമയത്ത് ഓർഡറുകളും മറ്റും എത്തിക്കുന്നതിനുള്ള സമ്മർദത്തിനിടെ, തൊഴിലാളികള്‍ കുപ്പികളിലാണ് മൂത്രം ഒഴിക്കുന്നതെന്ന ആരോപണത്തിനു മറുപടിയുമായി ആമസോണ്‍. തൊഴിലാളികളോട് കുപ്പികളില്‍ മൂത്രം ഒഴിക്കാന്‍ നിർബന്ധിച്ചിരുന്നുവെങ്കില്‍ ഇത്രയേറെ ജീവനക്കാർ തങ്ങളോടൊപ്പം തുടരുമോ എന്നാണ് ആമസോണ്‍ ട്വിറ്ററില്‍ ചോദിക്കുന്നത്.
പുരോഗമനപരായ തൊഴില്‍സ്ഥലമാണ് തങ്ങള്‍ക്കുള്ളതെന്ന ആമസോണിന്‍റെ വാദം യു.എസ് ജനപ്രതിനിധി മാർക് പൊകാന്‍ ചോദ്യം ചെയ്തിരുന്നു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി വിലമതിക്കാനാവാത്ത പത്ത് ലക്ഷത്തിലേറെ ജീവനക്കാർ തങ്ങള്‍ക്കുണ്ടെന്നും തൊഴില്‍ സാഹചര്യം മെച്ചമല്ലെങ്കില്‍ ഇവരൊക്കെയും ജോലിയില്‍ തുടരുമോ എന്നാണ് കമ്പനിയുടെ അവകാശവാദവും ചോദ്യവും.
ഓർഡറുകള്‍ യഥാസമയം എത്തിക്കേണ്ടതിനാല്‍ ആമസോണ്‍ ജീവനക്കാർ വലിയ സമ്മർദത്തിലാണെന്നും അവർ കുപ്പികളിലാണ് മൂത്രം ഒഴിക്കുന്നതെന്നുമുള്ള വാർത്ത പുറത്തുവന്നതിനു ശേഷമാണ് വിവാദം ആരംഭിച്ചത്.
ഓർഡറിനോടൊപ്പം ഒരു കുപ്പി മൂത്രവും ലഭിച്ചുവെന്ന് ഉപയോക്താവ് വെളിപ്പെടുത്തിയതും വാർത്ത സൃഷ്ടിച്ചിരുന്നു.