ലഖ്‌നൗ- ഉത്തർപ്രദേശ് തലസ്ഥാനമായ ലഖ്‌നൗവിന്റെ സമീപ ജില്ലയായ ഷാജഹാൻപൂരിൽ ഹോളി ആഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ഘോഷയാത്ര കടന്നു പോകുന്ന വഴിയിലെ മുസ്ലിം പള്ളികൾ പ്ലാസ്റ്റിക് ഷീറ്റുകളുപയോഗിച്ച് മൂടുന്നു. മാർച്ച് 29ന് നടക്കാനിരിക്കുന്ന ഹോളി ആഘോഷങ്ങൾ പ്രമാണിച്ചാണ് ഈ നടപടി. പള്ളികളുടെ ചുമരുകളിലേക്ക് സാമൂഹ്യദ്രോഹികൾ നിറങ്ങളെറിയുകയും അത് സംഘർഷങ്ങൾക്ക് വഴി വെക്കുകയും ചെയ്തേക്കാമെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നടപടി. നഗരത്തിലെ 40 പള്ളികൾ ഇത്തരത്തിൽ മൂടും.
ഹോളി ആഘോഷങ്ങൾ തുടങ്ങുന്നത് 'ലാത് സാബ് ഘോഷയാത്ര'യോടെയാണ്. ഈ ഘോഷയാത്ര പോകുന്ന തെരുവുകളിലെ പള്ളികളെല്ലാം പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടുകയാണ് അധികൃതർ. നഗരത്തിലെമ്പാടും അതിശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 225 മജിസ്ട്രേറ്റുമാരാണ് നിയമപാലനത്തിന് പ്രത്യേക ചുമതല ഏറ്റെടുത്തിരിക്കുന്നത്. മാർച്ച് 28ന് മുമ്പുതന്നെ എല്ലാ പള്ളികളും മൂടിക്കഴിയുമെന്ന് ഷാജഹാൻപൂർ സിറ്റി പൊലീസ് സൂപ്രണ്ട് സഞ്ജയ് കുമാർ പറഞ്ഞു. പള്ളികൾ പൂർണമായും മൂടിക്കെട്ടും.
ചില റോഡുകളിൽ ബാരിക്കേഡുകളുയർത്തി പ്രത്യേക സുരക്ഷാ സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. ഇതിനകം തന്നെ ഇരുന്നൂറോളം പേരെ കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്. ഘോഷയാത്ര പോകുന്ന വഴിയിലാകെ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഡ്രോൺ ക്യാമറകളുപയോഗിച്ചും നിരീക്ഷണം നടത്തും. ഘോഷയാത്ര സമാധാനപരമായി അവസാനിപ്പിക്കുന്നതിന് സഹകരണം തേടി കഴിഞ്ഞദിവസം ജില്ലാ മജിസ്ട്രേറ്റും പൊലീസ് സൂപ്രണ്ടും മുസ്ലിം മതനേതാക്കളെ കഴിഞ്ഞദിവസം കണ്ട് സംസാരിച്ചിരുന്നു.
ഹിന്ദു-മുസ്ലിം സമുദായക്കാർ ഐക്യത്തോടെ ബ്രിട്ടീഷുകാർക്കെതിരെ പോരാടിയതിന്റെ ഓർമ പുതുക്കുന്നതാണ് ഈ ഘോഷയാത്ര എന്നതാണ് ശ്രദ്ധേയമായ കാര്യം. പതിനെട്ടാം നൂറ്റാണ്ടിൽ അന്നത്തെ നവാബായിരുന്ന നവാബ് അബ്ദുല്ല ഖാൻ ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കുമിടയിൽ ഏറെ ഖ്യാതിയുള്ള ആളായിരുന്നു. അദ്ദേഹത്തെ ഒട്ടകപ്പുറത്തേറ്റി ഘോഷയാത്ര നടത്തിയിരുന്നു ജനങ്ങൾ. 1857 വരെ ഇത് തുടർന്നു. രണ്ട് മതങ്ങളെ തമ്മിൽ ഐക്യപ്പെടുത്തുന്ന ഈ ആചാരം ബ്രിട്ടീഷുകാർ ഇടപെട്ട് തടയാൻ ശ്രമിച്ചു. ബ്രിട്ടീഷുകാർ 1958ൽ ഘോഷയാത്രയ്ക്കു നേരെ നടത്തിയ ആക്രമണത്തിൽ ഹിന്ദുക്കളും മുസ്ലിങ്ങളുമായ നിരവധി പേർ കൊല്ലപ്പെട്ടു. പിന്നീട് 1947ൽ ഈ ഘോഷയാത്ര പുനസ്ഥാപിക്കപ്പെട്ടപ്പോൾ മുതൽ കാളവണ്ടിയിൽ ബ്രിട്ടീഷുകാരനെ പ്രതിനിധീകരിക്കുന്ന രൂപം എഴുന്നള്ളിക്കുകയും ഇതിനു നേർക്ക് ചെരിപ്പുകളെറിയുകയും ചെയ്യുന്നു. ഹോളിയോടനുബന്ധിച്ചാണ് ഈ ആചാരവും നടക്കുന്നത്. ഈ ഘോഷയാത്രയാണ് ലഖ്‌നൗവിൽ മുസ്ലിം പള്ളികൾ മൂടിക്കെട്ടി 28ന് നടത്തുക.