ന്യൂയോർക്ക്- കോവിഡ് പ്രതിരോധ വാക്സിന്‍ 12 വയസ്സിനു താഴെയുള്ള കുട്ടികളില്‍ പരീക്ഷണം തുടങ്ങിയതായി ഫൈസർ അറിയിച്ചു. ട്രയല്‍ നിരവധി ഘട്ടങ്ങളായി തുടരും. ചെറിയ കുട്ടികളിൽ വാക്സിൻ പരീക്ഷിക്കുന്നതിനായി മോഡേണ നേരത്തെ തന്നെ ശ്രമം തുടങ്ങിയിട്ടുണ്ട്.
4,500 കുട്ടികളെയാണ് ഫൈസർ കമ്പനി ഒരു ട്രയലിൽ ഉള്‍പ്പെടുത്തുന്നത്. പരീക്ഷണത്തിന്‍റെ അവസാനം ആറ് മാസം പ്രായമുള്ള കുട്ടികളെയും ഉൾപ്പെടുത്തും. 12 വയസ്സില്‍ കൂടുതലുള്ള കുട്ടികളില്‍ നേരത്തെ വാക്സിന്‍ പരീക്ഷണം നടത്തിയിരുന്നു.
കുട്ടികളിലെ വാക്സിനുകൾ സുരക്ഷിതവും ഫലപ്രദവുമാണെന്ന് ഉറപ്പുവരുത്തുന്നതിനായി ഏറ്റവും പ്രായം കുറഞ്ഞ കുട്ടികളില്‍ പ്രത്യേകമായി പരിശോധന നടത്തേണ്ടത് പ്രധാനമാണെന്ന് വിദഗ്ദ്ധർ പറയുന്നു. ജീവൻ രക്ഷിക്കാനുള്ള വാക്സിൻ ലഭിക്കാൻ ആത്യന്തികമായി എല്ലാവർക്കും അർഹതയുണ്ട്.
കോവിഡ് അണുബാധയിൽ നിന്നും അണുബാധയിൽ നിന്നുണ്ടാകുന്ന സങ്കീർണതകളിൽനിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനും ഈ പരീക്ഷണം പ്രധാനമാണെന്ന് ഡ്യൂക്ക് ഹ്യൂമൻ വാക്സിൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഇമ്മാനുവൽ വാൾട്ടർ പറഞ്ഞു. ഫൈസർ ട്രയലിൽ പങ്കെടുക്കുന്ന നിരവധി മെഡിക്കൽ സെന്ററുകളിൽ ഒന്നാണ് ഡ്യൂക്ക് സർവകലാശാല.
മൂന്ന് ഘട്ടങ്ങളില്‍ വാക്സിന്‍റെ വ്യത്യസ്ത വശങ്ങൾ പഠിക്കും. ആദ്യ ഘട്ടത്തിൽ കുട്ടികൾക്ക് അനുയോജ്യമായ അളവ് കണ്ടെത്തും. മറ്റു രണ്ട് ഘട്ടങ്ങളിൽ വാക്സിൻ സുരക്ഷയും കാര്യക്ഷമതയും പഠിക്കും.
ചെറിയ കുട്ടികളിൽ പാർശ്വഫലങ്ങൾ വ്യത്യസ്തമായിരിക്കുമെന്നാണ് കരുതുന്നത്.
ഫൈസറിനു പുറമെ മറ്റ് വാക്സിൻ നിർമ്മാതാക്കളും കുട്ടികൾക്കായുള്ള വാക്സിന്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്. ആറു മാസം മുതൽ 12 വയസ്സ് വരെ പ്രായമുള്ള 6,750 കുട്ടികളെ ക്ലിനിക്കൽ ട്രയലിൽ ചേർക്കുമെന്ന് മോഡേണ മാർച്ച് 16 ന് അറിയിച്ചിരുന്നു. കുട്ടികൾക്കായി പരീക്ഷണങ്ങൾ വികസിപ്പിക്കുമെന്ന് ജോൺസൺ ആന്‍ ജോൺസൺ കമ്പനിയും അറിയിച്ചിട്ടുണ്ട്. ഈയാഴ്ച അമേരിക്കയിൽ മൂന്നാം ഘട്ട പരീക്ഷണം നടത്തുന്ന അസ്ട്രസെനെക്ക കഴിഞ്ഞ ഫെബ്രുവരി മുതൽ യു.കെയില്‍ ആറു വയസും അതിൽ കൂടുതലുമുള്ള കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്നതിനെ കുറിച്ച് പഠിക്കുന്നുണ്ട്.