Sorry, you need to enable JavaScript to visit this website.

തിരുവല്ലയിലെ തേര് ആര് തെളിക്കും?


പത്തനംതിട്ട - തിരുവല്ല യു ഡി എഫിന്റെ കുത്തകയാണ് .പക്ഷെ ശക്തമായ അടിത്തറയുണ്ടെങ്കിലും കഴിഞ്ഞ മൂന്ന് തവണയായി ജെഡിഎസിലൂടെ ഇടത് മുന്നണിയിലെ മാത്യു ടി.തോമസ് വിജയിക്കുന്ന മണ്ഡലമാണ് തിരുവല്ല. യുഡിഎഫിൽ കേരള കോൺഗ്രസും എൽ.ഡി.എഫിൽ ജനതാദളും സ്ഥിരമായി മണ്ഡലത്തിൽ നേരിട്ട് മത്സരിക്കുന്നു എന്ന പ്രത്യേകതയുണ്ട്. പലപ്പോഴും മുന്നണിക്കുള്ളിലെ കാലുവാരലാണ് മണ്ഡലത്തിൽ യുഡിഎഫിന് തിരിച്ചടിയാവാറ് പതിവ്. ആ തിരിച്ചടിയാണ് തുടർച്ചയായുള്ള മാത്യു ടി.തോമസിന്റെ വിജയരഹസ്യം.
അതു കൊണ്ടു തന്നെ ഇത്തവണ ഇടതു മുന്നണി വീണ്ടും മാത്യു ടി.തോമസിനെ തന്നെ  രംഗത്തിറക്കിയിരിക്കുന്നു.
കഴിഞ്ഞ തവണ വരെ കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ കുത്തകയായിരുന്ന തിരുവല്ല യു ഡി എഫിലൂടെ ജോസഫ് ഗ്രൂപ്പിന് ലഭിച്ചു. ജോസഫ് ഗ്രൂപ്പിലെ കുഞ്ഞുകോശി പോളി നാണ് ഇത്തവണ യു .ഡി. എഫ് സ്ഥാനാർഥിത്വം നൽകിയിരിക്കുന്നത്. കോൺഗ്രസിലെ ഒരു വിഭാഗം സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യം ഉയർത്തിയെങ്കിലും ആരും മൈൻഡ് ചെയ്തില്ല. ബി ജെ പി അനൂപ് ജോണി നെ ആദ്യം നിശ്ചയിച്ചെങ്കിലും അവസാനം ബിജെപി ജില്ലാ പ്രസിഡന്റ് അശോകൻ കുളനടക്ക് കുറി വീണു. 1960 ന് ശേഷം കോൺഗ്രസ് മത്സരിക്കാത്ത മണ്ഡലം കൂടിയാണ് തിരുവല്ല. മാർത്തോമ സഭക്കും വിദേശ മലയാളികൾക്കും നിർണായക സ്വാധീനമുള്ള മണ്ഡലം കൂടിയാണ് തിരുവല്ല.


1957 ൽ ആദ്യ തിരഞ്ഞെടുപ്പിൽ സി.പി.ഐയിലെ ജി .പത്മനാഭൻ തമ്പിയായിരുന്നു തിരുവല്ലയിലെ വിജയി.  1960 ലെ രണ്ടാം അങ്കത്തിൽ ജി പത്മനാഭൻ തമ്പി കോൺഗ്രസിലെ പി .ടി ചാക്കോ യോട് തോറ്റു.1965 ലും 1967 ലും 70 ലും  ഇ .ജോൺ ജേക്കബ് തിരുവല്ലയിൽ വിജയിച്ചു. 77 ൽ ജോൺ ജേക്കബ് വള്ളക്കാലിയെ പരാജയപ്പെടുത്തി നാലാം തവണയും മണ്ഡലത്തിലെ ജനങ്ങൾ ജോൺ ജേക്കബിനെ നിയമസഭയിലേക്ക് അയച്ചു. മന്ത്രിയായിരിക്കെ ജോൺ ജേക്കബ് മരിച്ചതിനെ തുടർന്ന് 1979 ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ  ഭാഗമായി മത്സരിച്ച ജനതാപാർട്ടിയുടെ പി.സി തോമസ് വിജയിച്ചു. 1980 ലെ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിലെ വർഗീസ് കരിപ്പയിലിനെ തോൽപ്പിച്ച് പി.സി തോമസ് വീണ്ടും നിയമസഭയിൽ എത്തി. 82 ലും അദ്ദേഹം വിജയം തുടർന്നു. 1987 ലാണ് തിരുവല്ലയിൽ നിന്നും മാത്യു ടി. തോമസ് ആദ്യമായി മത്സരിച്ച് വിജയിക്കുന്നത്. സ്വതന്ത്രനായി മത്സരിച്ച പി.സി തോമസ് ആയിരുന്നു എതിരാളി.


91 ൽ മാത്യു ടി. തോമസിനെ പരാജയപ്പെടുത്തി കേരള കോൺഗ്രസിന്റെ  മാമ്മൻ മത്തായി സീറ്റ് പിടിച്ചെടുത്തിരുന്നു. 96 ലും 2001 ലും മാമ്മൻ മത്തായി സീറ്റ് നിലനിർത്തി. മാമ്മൻ മത്തായിയുടെ മരണത്തെ തുടർന്ന് നടന്ന രണ്ടാമത്തെ ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് മാമ്മൻ മത്തായി സീറ്റ് നിലനിർത്തി. 2006 ൽ മാത്യു ടി. തോമസ് സീറ്റ് തിരികെ പിടിച്ചു. പിന്നീട് 2011 ലും 2016 ലും അദ്ദേഹം വിജയം തുടർന്നു. ആദ്യ രണ്ട് തവണ വിക്ടർ ടി. തോമസും അവസാന തവണ ജോസഫ് എം. പുതുശ്ശേരിയുമായിരുന്നു മാത്യു ടി തോമസിന്റെ  എതിരാളികൾ. 8262 വോട്ടിനായിരുന്നു കഴിഞ്ഞ തവണത്തെ മാത്യു ടി. തോമസിന്റെ വിജയം. തിരുവല്ല താലൂക്കിൽ ഉൾപ്പെട്ട തിരുവല്ല മുനിസിപ്പാലിറ്റി, കടപ്ര, കവിയൂർ, കുട്ടൂർ, നെടുമ്പ്രം, നിരണം, പെരിങ്ങര എന്നീ പഞ്ചായത്തുകളും; മല്ലപ്പള്ളി താലൂക്കിൽ ഉൾപ്പെടുന്ന ആനിക്കാട്, കല്ലൂപ്പാറ, മല്ലപ്പള്ളി, പുരമറ്റം, കുന്നന്താന എന്നീ ഗ്രാമപഞ്ചായത്തുകൾ തിരുവല്ല മണ്ഡലത്തിന് കീഴിൽ വരുന്നത്. അപ്പർകുട്ടനാടും പഴയ കല്ലൂപ്പാറ മണ്ഡലവും ലയിച്ചുണ്ടായ തിരുവല്ലയിൽ ആര് നേടും എന്നത് പ്രവചനാതീതമാണ്.


 

Latest News