ജിദ്ദ- കേരളത്തിലേക്കുള്ള ചാർട്ടർ വിമാനത്തിനു വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധവുമായി ജിദ്ദ ഒ.ഐ.സി. സി. വ്യാഴാഴ്ച രാത്രി പുറപ്പെടേണ്ടിയിരുന്ന സൗദി എയർലൈൻസ് വിമാനത്തിനാണ് ഇന്ത്യൻ ഡി.ജി.സി.എ അനുമതി നിഷേധിച്ചതായി പരാതിയുയർന്നത്.
കേരളത്തിലേക്ക് ഇനി ഒരു ചാർട്ടർ വിമാനത്തിനും അനുമതി നൽകില്ല എന്നാണ് അനൗദ്യോഗികമായി അറിയുന്നത്. കുടുംബങ്ങൾ അടക്കം പി.സി.ആർ ടെസ്റ്റ് എടുത്തതിനു ശേഷം യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് അനുമതി നിഷേധിച്ചിരിക്കുന്നത്. സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും യാത്ര ചെയ്ത് വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ഈ വിവരം പലർക്കും ലഭിച്ചത്.
പല യാത്രക്കാരും അയ്യായരത്തിലധികം രൂപ ചെലവാക്കി എടുത്ത പി.സി. ആർ നെഗറ്റീവ് റിപ്പോർട്ട് ഇനി ഉപോയോഗിക്കാൻ പറ്റാത്ത അവസ്ഥയാണ്. ഇത് പ്രവാസികളോട് കാണിക്കുന്ന ക്രൂരതയാണെന്നും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും ഒ.ഐ.സി.സി സൗദി വെസ്റ്റേൺ റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ.ടി.എ മുനീർ പറഞ്ഞു.
വിഷയത്തിൽ ഇന്ത്യൻ മിഷനുമായും നോർക്ക വകുപ്പുമായും, കേന്ദ്ര സിവിൽ ഏവിയേഷനുമായും ബന്ധപ്പെട്ടപ്പോൾ അവരെല്ലാം കൈമലർത്തുകയായിരുന്നു. വ്യക്തമായ കാരണം നൽകാതെ കേരളത്തിലേക്കുള്ള എല്ലാ ചാർട്ടർ വിമാനങ്ങൾക്കും ഇനി അനുമതി നൽകില്ല എന്നാണ് അറിയുന്നത്. ഇങ്ങനെ ഒരു തീരുമാനമുണ്ടെങ്കിൽ എന്തുകൊണ്ട് നേരത്തെ അറിയിച്ചില്ലെന്നും ഇത് പ്രവാസികളെ കഷ്ടപ്പെടുത്തുക എന്നത് മാത്രമാണ് ഉദ്ദേശിക്കുന്നതെന്നും മുനീർ കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ് സാഹചര്യത്തിൽ ജനാധിപത്യ ചേരിയിലെ വോട്ടർമാരിൽ ഭൂരിപക്ഷമുള്ള സൗദിലെ പ്രവാസികളെ നാട്ടിലെത്തുന്നത് തടയുവാനുള്ള ഗൂഢ ശ്രമമാണ് കേന്ദ്ര-കേരള സർക്കാരുകൾ നടത്തുന്നതെന്നു സംശയിക്കുന്നതായും മുനീർ ആരോപിച്ചു.