ചെന്നൈ- തമിഴ്‌നാട് ഉപമുഖ്യമന്ത്രി പനീർസെൽവം അധികാരത്തിന്റെ പിന്തുണയോടെ സമ്പാദിച്ചത് 2200 കോടി രൂപ. 20,000 രൂപ വായ്പയെടുത്തു തേനിയിലെ പെരിയകുളം ജംങ്ഷനിൽ ചായക്കട തുടങ്ങിയ ഒപിഎസ് എന്ന ഒ. പനീർസെൽവത്തിന്റെ ഇന്നത്തെ ആസ്തി 2200 കോടിയാണ്. തേനി ജില്ലയുടെ വിവിധ ഭാഗങ്ങളിലും മറ്റും ഭൂമി വാങ്ങിക്കൂട്ടിയ പനീർസെൽവം ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിൽ മറച്ചുവെച്ചു. വിവാദ വ്യവസായി ശേഖർ റെഡ്ഡിയിൽനിന്നു കോടികൾ കൈപ്പറ്റിയെന്നും രേഖകളുണ്ട്.
ചായക്കടക്കാരൻ, റിയൽ എസ്‌റ്റേറ്റ് ഇടനിലക്കാരൻ, മുനിസിപ്പൽ ചെയർമാൻ, എംഎൽഎ എന്നിങ്ങനെയായിരുന്നു പനീർസെൽവത്തിന്റെ വളർച്ച. തേനി, പെരിയകുളം, ആണ്ടിപ്പെട്ടി, കമ്പം, കുമിളി എന്നിവിടങ്ങളിലടക്കം ബിനാമി പേരിലും ബന്ധുക്കളുടെ പേരിലും ഒപിഎസ് ഭൂമി വാങ്ങിക്കൂട്ടിയെന്നാണ് റിപ്പോർട്ട്. എന്നാൽ, തെരഞ്ഞെടുപ്പ് കമ്മീഷനു നൽകിയ സത്യവാങ്മൂലത്തിൽ 1.5 കോടിയോളം രൂപയുടെ ആസ്തി മാത്രമാണു രേഖപ്പെടുത്തിയത്.
തെങ്കരൈ എന്ന പ്രദേശത്തു മാത്രം നിരവധി വീടുകൾ ഒപിഎസിന്റെ കുടുംബാംഗങ്ങളുടേതായുണ്ട്. ഭാര്യ വിജയലക്ഷ്മി, മക്കളായ കവിത, ഭാനു എന്നിവരുടെ സ്വത്തിലും വൻ വർധനവുണ്ടായി. ആൺ മക്കളായ ജയപ്രദീപ്, രവീന്ദ്രനാഥ് കുമാർ എന്നിവർക്ക് 2000 കോടിയോളമാണ് ആസ്തി. 11 വൻകിട കമ്പനികളിൽ നിക്ഷേപവുമുണ്ട്.
വിവാദ മണൽ ഖനന വ്യവസായി ശേഖർ റെഡ്ഡിയുമായി പണമിടപാട് നടത്തിയവരുടെ വിവരങ്ങൾ അടങ്ങിയ ഡയറി ആദായനികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു. വിവിധ ആളുകൾ മുഖേന കോടികളാണ് ഒപിഎസ് കൈപ്പറ്റിയത് എന്നാണ് ഡയറിയിലുള്ളത്. മറ്റ് രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും പണം നൽകിയ വിവരങ്ങളും ഡയറിയിലുണ്ട്.