റിയാദ് - സൗദിയിൽ സെക്കന്റ് ടേം പരീക്ഷകൾ നേരത്തെയാക്കാൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഉത്തരവിട്ടു. എലിമെന്ററി തലത്തിൽ സെക്കന്റ് ടേം പരീക്ഷ റമദാൻ ഒന്നു (ഏപ്രിൽ 13) ചൊവ്വാഴ്ച മുതൽ ആരംഭിക്കും. കിന്റർഗാർട്ടൻ, എലിമെന്ററി വിദ്യാർഥികൾക്ക് വാർഷികാവധി റമദാൻ പത്തിന് (ഏപ്രിൽ 22) വ്യാഴാഴ്ച സ്കൂൾ സമയം അവസാനിക്കുന്നതോടെ തുടക്കമാകും.
ഇന്റർമീഡിയറ്റ്, സെക്കണ്ടറി തലങ്ങളിൽ സെക്കന്റ് ടേം പരീക്ഷക്ക് റമദാൻ ആറിനും (ഏപ്രിൽ 18) വാർഷിക അവധിക്ക് റമദാൻ 17 (ഏപ്രിൽ 29) വ്യാഴാഴ്ച സ്കൂൾ സമയം അവസാനിക്കുന്നതോടെയും തുടക്കമാകും. ഈദുൽ ഫിത്ർ അവധി ആരംഭിക്കുന്നതിനു മുമ്പായി മുഴുവൻ പരീക്ഷകളും പൂർത്തിയാകുന്ന നിലക്ക് സർക്കാർ, സ്വകാര്യ യൂനിവേഴ്സിറ്റികളിലും സാങ്കേതിക വിദ്യാഭ്യാസ, തൊഴിൽ പരിശീലന കോർപറേഷൻ സ്ഥാപനങ്ങളിലും സെക്കന്റ് ടേം പരീക്ഷാ സമയം നിർണയിക്കുന്ന ചുമതല അതത് സ്ഥാപനങ്ങളെ ഏൽപിച്ചിട്ടുണ്ട്.