കോഴിക്കോട്- മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയും അഴീക്കോട് മണ്ഡലം സ്ഥാനാർഥിയുമായ കെ.എം. ഷാജി എം.എൽ.എ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയിൽ കേസെടുക്കാൻ കോടതിയുടെ പ്രത്യേക അനുമതി വേണ്ടെന്ന് കോടതി വ്യക്തമാക്കി.
കേസെടുക്കുന്നതിന് വിജിലൻസ് അന്വേഷണ ഉദ്യോഗസ്ഥന് സ്വന്തം നിലക്ക് തന്നെ അധികാരമുണ്ടെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. ഷാജിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ നിർദേശം നൽകണമെന്ന ഹരജിയാണ് കോഴിക്കോട് വിജിലൻസ് പ്രത്യേക കോടതി ജഡ്ജി ടി. മധുസൂദനൻ പരിഗണിച്ചത് . ഹരജി കൂടുതൽ പരിശോധനക്കായി 30ന് വീണ്ടും പരിഗണിക്കും.
പരാതിക്കാരനായ അഡ്വ. എം.ആർ. ഹരീഷ് നൽകിയ ഹരജിയിൽ േകാടതി നിർദേശ പ്രകാരം വിജിലൻസ് പ്രത്യേക യൂനിറ്റ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തിയതായി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
കേസെടുക്കാൻ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും അനധികൃത സ്വത്ത് സമ്പാദനത്തെപ്പറ്റി വിശദ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.