ന്യൂദല്‍ഹി- പ്രധാനമന്ത്രി മോഡിക്കെതിരെ മോശം ഭാഷയില്‍ സംസാരിച്ച കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് സസ്‌പെന്റ് ചെയ്തു. പ്രധാനമന്ത്രിയെ തരംതാണ മനുഷ്യന്‍ എന്നു വിളിച്ച അയ്യര്‍ പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരം മാപ്പു പറഞ്ഞിരുന്നു. അയ്യര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും പാര്‍ട്ടി നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.
അയ്യരുടെ പ്രശ്‌നം രാഹുല്‍ കൈകാര്യം ചെയ്ത രീതിയെ മുന്‍ കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല ട്വിറ്ററിലൂടെ അഭിനന്ദിച്ചു. ഒരു നേതാവിനെപ്പോലെയാണ് രാഹുല്‍ പ്രവര്‍ത്തിച്ചതെന്നാണ് ഉമറിന്റെ നല്ല വാക്കുകള്‍.
എന്നാല്‍ കോണ്‍ഗ്രസിന്റേത് തന്ത്രപരമായ നടപടിയാണെന്ന് ബി.ജെ.പി പ്രതികരിച്ചു. അയ്യരുടെ ജാതീയ പരാമര്‍ശത്തിന് ആദ്യം സൗകര്യപ്രദമായ മാപ്പപേക്ഷ, പിന്നീട് തന്ത്രപരമായ സസ്‌പെന്‍ഷന്‍. എല്ലാം ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ട്വീറ്റ് ചെയ്തു.
അംബേദ്കര്‍ രാജ്യാന്തര കേന്ദ്രം ഉദ്ഘാടനം ചെയ്യവേ, രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങളോട് പ്രതികരിക്കവേയാണ് ഇന്നലെ മണിശങ്കര്‍ അയ്യര്‍ മോഡിയെ 'നീച്ച് ആദ്മി' എന്ന് വിശേഷിപ്പിച്ചത്. താന്‍ ശിവഭക്തനാണെന്ന രാഹുലിന്റെ പ്രസ്താവന പരാമര്‍ശിച്ച്, ചിലരിപ്പോള്‍ ബാബാസാഹേബിനെക്കാള്‍ കൂടുതലായി ബാബാ ഭോലെ (പരമശിവന്‍)യെക്കുറിച്ചാണ് സംസാരിക്കുന്നതെന്നായിരുന്നു മോഡിയുടെ പരിഹാസം.
കോണ്‍ഗ്രസിനെ അംബേദ്കര്‍ വിരുദ്ധരായി ചിത്രീകരിച്ച മോഡിയെ പ്രതിരോധിച്ചുകൊണ്ടായിരുന്നു അയ്യരുടെ പ്രസ്താവന. 'അദ്ദേഹം തരംതാണ മനുഷ്യനാണ്, ഒരു മര്യാദയുമില്ല. ഈ സന്ദര്‍ഭത്തില്‍ വൃത്തികെട്ട രാഷ്ട്രീയം കളിക്കേണ്ടതിന്റെ ആവശ്യമെന്താണ്' എന്നായിരുന്നു അയ്യരുടെ വാക്കുകള്‍.
അയ്യരുടെ ഭാഷ കോണ്‍ഗ്രസ് സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നും അദ്ദേഹം മാപ്പു പറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രാഹുല്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു. തുടര്‍ന്ന് 'നീച്ച് ആദ്മി' എന്ന ഹിന്ദിവാക്കിലൂടെ താന്‍ ഉദ്ദേശിച്ചത് താഴ്ന്ന നിലവാരം എന്ന് മാത്രമാണെന്നും മറ്റെന്തെങ്കിലും അര്‍ഥം ആര്‍ക്കെങ്കിലും തോന്നുകയാണെങ്കില്‍ ഖേദം പ്രകടിപ്പിക്കുകയാണെന്നും അയ്യര്‍ പറഞ്ഞു. ഇംഗ്ലീഷില്‍ ചിന്തിച്ചാണ് താന്‍ ഹിന്ദി പറയുന്നത്. ഹിന്ദി തന്റെ മാതൃഭാഷയല്ല. താന്‍ പാര്‍ട്ടിയില്‍ ഭാരവാഹിത്വമൊന്നുമില്ലാത്ത ഫ്രീലാന്‍സ് കോണ്‍ഗ്രസുകാരന്‍ ആണെന്നും അതിനാല്‍ പ്രധാനമന്ത്രിയുടെ നിലവാരമില്ലാത്ത പ്രസ്താവനകള്‍ക്ക് അതേ നാണയത്തില്‍ തനിക്ക് മറുപടി പറയാമെന്നും അയ്യര്‍ വ്യക്തമാക്കുകയും ചെയ്തു.
അയ്യരുടെ പരാമര്‍ശം ജാതീയമാണെന്നും മുഗളായി മനോഭാവത്തിന്റെ പ്രകടനമാണെന്നും ബി.ജെ.പി വിമര്‍ശിച്ചിരുന്നു. സൂറത്തില്‍ നടന്ന റാലിയില്‍ അയ്യരുടെ വാക്കുകള്‍ക്കെതിരെ മോഡി വികാരഭരിതമായി ആഞ്ഞടിക്കുകയും ചെയ്തു. 'അവരെന്നെ തരംതാണവന്‍ എന്ന് വിളിക്കുന്നു, അതേ, ഞാന്‍ സമൂഹത്തിലെ പാവപ്പെട്ടവരുടെ ഇടയില്‍നിന്നാണ് വന്നത്. പാവങ്ങള്‍ക്കും ദളിതുകള്‍ക്കും ആദിവാസികള്‍ക്കും പിന്നോക്കക്കാര്‍ക്കും വേണ്ടിയാണ് ജീവിതത്തിലെ ഓരോ നിമിഷവും ഞാന്‍ പ്രവര്‍ത്തിച്ചത്' - മോഡി പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ ഇത് തിരിച്ചടിക്കുമെന്ന് കണ്ടാണ് കോണ്‍ഗ്രസ് ഉടന്‍ നടപടിയുമായി രംഗത്തെത്തിയത്.
മോഡിയുടെ സംസ്‌കാരമില്ലാത്ത ഭാഷയെക്കുറിച്ച് മുമ്പ് രാഹുല്‍ തന്നെ പറഞ്ഞിരുന്നു. അദ്ദേഹം പ്രതിപക്ഷത്തായിരുന്നപ്പോള്‍ അന്നത്തെ പ്രധാനമന്ത്രിയെക്കുറിച്ച് അനാദരവോടെ സംസാരിച്ചുവെന്നും തങ്ങള്‍ അങ്ങനെ ചെയ്യില്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോഡിയെ ചായക്കാരന്‍ എന്ന് ആക്ഷേപിച്ചതും അയ്യരായിരുന്നു. ഇതേത്തുടര്‍ന്നാണ് മോഡിയും ബി.ജെ.പിയും ചായ കുടിച്ച് സംവാദം എന്ന പ്രചാരണ പരിപാടി ആവിഷ്‌കരിച്ചത്. ഇത് അന്നത്തെ തെരഞ്ഞെടുപ്പില്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.