അഞ്ച് സംസ്ഥാന നിയമസഭകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അതിൽ ഏറ്റവും സുദീർഘമായത് പശ്ചിമ ബംഗാൾ നിയമസഭയിലേക്കും. 294 അംഗ പശ്ചിമ ബംഗാൾ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് മാർച്ച് 27 മുതൽ എട്ട് ഘട്ടങ്ങളിലായി നടക്കും. അവസാനഘട്ട വോട്ടെടുപ്പ് ഏപ്രിൽ 29 ന് നടക്കും. വോട്ടെണ്ണൽ മെയ് 2 ന് നടക്കും. ദേശീയ പ്രാധാന്യം ഏറെ ലഭിക്കുന്നതും ബംഗാൾ തെരഞ്ഞെടുപ്പിനാണ്. ബി.ജെ.പിയുടെ പ്രധാന പ്രചാരകരായ പ്രധാനമന്ത്രി മോഡിയും ആഭ്യന്തര മന്ത്രി അമിത് ഷായും കേന്ദ്രീകരിച്ച് പ്രചാരണം നടത്തുന്നതും ഈ സംസ്ഥാനത്താണ്. മറുവശത്ത് മുഖ്യമന്ത്രി മമതാ ബാനർജിയും.
പശ്ചിമ ബംഗാളിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് തീയതി അടുക്കാറായതോടെ ആരോപണ പ്രത്യാരോപണങ്ങൾ രൂക്ഷമാക്കി ബിജെപിയും തൃണമൂൽ കോൺഗ്രസും രംഗത്തുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉൾപ്പെടെയുള്ളവർ ബിജെപിയുടെ പ്രചാരണത്തിനായി ബംഗാളിൽ എത്തി. സംസ്ഥാനത്ത് അടുത്ത സർക്കാർ രൂപീകരിക്കാൻ ഭാരതീയ ജനതാ പാർട്ടിക്ക് അവസരം നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭ്യർത്ഥിച്ചു. ബിജെപിയെ അധികാരത്തിലെത്തിച്ചാൽ ഞങ്ങൾ നിങ്ങൾക്കായി ഞങ്ങളുടെ ജീവിതം സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'അബ്കി ബാർ, മോദി സർക്കാർ' എന്ന ജനപ്രിയ മുദ്രാവാക്യം ബംഗാളിനായി 'ബംഗാൾ മെയിൻ ഇഷ്യൂ ബാർ, ബിജെപി സർക്കാർ' എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു. ബി.ജെ.പി പശ്ചിമ ബംഗാളിൽ അടുത്ത സർക്കാർ രൂപീകരിക്കുകയും ജനങ്ങളുടെ ദുരിതങ്ങൾക്ക് അന്ത്യം കുറിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികൾക്ക് വർഷം 6000 രൂപ, മത്സ്യവകുപ്പ്, കർഷകർക്ക് വർഷം 18,000 രൂപ, ആയുഷ്മാൻ ഭാരത് യോജന നടപ്പിലാക്കും ബംഗാളിനെ കൊള്ളയടിച്ച മമത ബാനർജിയുടെ ഭരണം കഴിഞ്ഞു എന്ന് ബംകുരയയിലെ റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. ബംഗാളിന്റെ ഭാവി വെച്ച് കളിക്കുന്ന മമത ബാനർജിയുടെ ഭരണം കഴിഞ്ഞു എന്നും രാമഭക്തരെ ആക്രമിച്ചവരെ താഴെ ഇറക്കാൻ ജനം ബിജെപിക്ക് ഒപ്പം നിൽക്കുമെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചതിൽ നിന്ന് തന്നെ കാമ്പയിൻ രീതി വ്യക്തമാണ്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ബിജെപി പ്രകടന പത്രികയിൽ വ്യക്തമാക്കിയിട്ടുണ്ട്. സിഎഎ നടപ്പാക്കും. പശ്ചിമ ബംഗാളിലും അതിർത്തി പ്രദേശങ്ങളിലും നുഴഞ്ഞുകയറ്റക്കാരെ അനുവദിക്കില്ലെന്നും പ്രകടന പത്രികയിൽ വ്യക്തമാക്കിയിട്ടുണ്ട്.വൻ വാഗ്ദാനവുമായാണ് ബിജെപി പ്രകടന പത്രിക പുറത്തിറക്കിയത്. സർക്കാർ ജോലിയിൽ വനിതകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്തുമെന്നതാണ് പത്രികയിലെ ആകർഷണങ്ങളിൽ ഒന്ന്.
ബംഗാളിൽ മത്സരിക്കാൻ തൃണമൂലിനും ബി.ജെ.പിക്കും പുറമെ കോൺഗ്രസും ഇടതുപക്ഷവും യോജിച്ചുള്ള മൂന്നാം മുന്നണിയുമുണ്ട്. പതിറ്റാണ്ടുകളായി സംസ്ഥാനത്ത് അധികാരം നഷ്ടപ്പെട്ട പാർട്ടിയാണ് കോൺഗ്രസ്. ചുവന്ന ബംഗാളിൽ സി.പി.എമ്മിന് കാലിടറിയത് സിംഗൂർ-നന്തിഗ്രാം സംഭവങ്ങളുടെ പശ്ചാത്തലത്തിലും. മമതയും കേന്ദ്രം ഭരിക്കുന്ന പാർട്ടിയും തമ്മിലാണ് പ്രധാന മത്സരം. അതു കൊണ്ടു തന്നെ കോൺഗ്രസിനെ പുതുച്ചേരിയുൾപ്പെടെ പല സംസ്ഥാനങ്ങളിലും ഉലയ്ക്കുന്ന കാറ്റു വീഴ്ചാ രോഗം ഇവിടെ തൃണമൂലിനെയാണ് ബാധിച്ചിട്ടുള്ളത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ പല പ്രമുഖരും മമതയോട് സലാം പറഞ്ഞ് ബി.ജെ.പിയിൽ ചേർന്നു.
പശ്ചിമ ബംഗാളിൽ തുടർച്ചയായ മൂന്നാം ജയം തേടി മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസും അധികാരം പിടിച്ചെടുക്കാൻ ബിജെപിയും വാശിയേറിയ പോരാട്ടത്തിലാണ്. അതിനിടയ്ക്ക് മൂന്നാം മുന്നണിയാവുകയാണ് സംയുക്ത മോർച്ച. കോൺഗ്രസിനും സിപിഎം നയിക്കുന്ന ഇടത് മുന്നണിക്കുമൊപ്പം മുസ്ലിം പണ്ഡിതൻ അബ്ബാസ് സിദ്ദീഖിയുടെ ഇന്ത്യൻ സെക്കുലർ ഫ്രണ്ടും എത്തിയതോടെയാണ് ബംഗാളിൽ ത്രികോണ മത്സരത്തിനുള്ള സാധ്യതകൾ ഉയർന്നു വരുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 28 ന് ബ്രിഗേഡ് ഗ്രൗണ്ടിൽ നടന്ന റാലി മൂന്നാം മുന്നണിയുടെ ശക്തിപ്രകടനമായി മാറുന്നതിനും ബംഗാൾ രാഷ്ട്രീയം സാക്ഷിയായി. പശ്ചിമ ബംഗാളിനൊപ്പം തന്നെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിലെ പ്രധാന എതിരാളികളാണ് കോൺഗ്രസും ഇടതുപക്ഷവുമെങ്കിലും ബംഗാളിലെ രാഷ്ട്രീയ സാഹചര്യമാണ് ഇരുകൂട്ടരെയും ഒരു കുടക്കീഴിൽ ഒന്നിപ്പിച്ചത്. തൃണമൂൽ കോൺഗ്രസിനെയും ബിജെപിക്കെതിരെയും ഇത്തരത്തിലൊരു സഖ്യം രൂപപ്പെടേണ്ടതിന്റെ ആവശ്യകതയുണ്ടെന്ന് ഇരു വിഭാഗങ്ങളും അഭിപ്രായപ്പെടുന്നു. ഇന്ത്യൻ സെക്യുലർ ഫ്രണ്ട് (ഐ.എസ്.എഫ്) കൂടി ഇടത് - കോൺഗ്രസ് സഖ്യത്തിന്റെ ഭാഗമാകുമ്പോൾ വോട്ട് വിഹിതത്തിലും സീറ്റുകളുടെ എണ്ണത്തിലും വലിയ പ്രതീക്ഷയാണ് മുന്നണിക്കുള്ളത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ 13 ശതമാനം വോട്ടുകളും രണ്ട് സീറ്റുകളും നേടാൻ സഖ്യത്തിന് സാധിച്ചിരുന്നു. തൃണമൂൽ, ബിജെപി തരംഗത്തിൽ നഷ്ടമായ വോട്ടുകൾ തിരികെയെത്തിക്കുകയാണ് പ്രധാന ലക്ഷ്യം. മുസ്ലിം ജനസംഖ്യ കൂടുതലുള്ള പ്രദേശങ്ങളിൽ സിദ്ദീഖിയുടെ സാന്നിധ്യം ഗുണം ചെയ്യുമെന്ന് ഇടതും കോൺഗ്രസും ഒരുപോലെ വിശ്വസിക്കുന്നു. ബംഗാളിൽ 294 നിയമസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ ഇടതുപക്ഷ പാർട്ടികൾ 165 സീറ്റിൽ മൽസരിക്കും. കോൺഗ്രസ് 92 സീറ്റിലും. 37 സീറ്റിലാണ് ഐഎസ്എഫ് മത്സരിക്കുന്നത്.
ഐഎസ്എഫുമായി കൈകോർക്കുന്നതിലൂടെ, ഇടതുപക്ഷം മുസ്ലിം സമുദായത്തിന്റെ ആത്മവിശ്വാസവും പിന്തുണയും നേടാമെന്ന് കരുതുന്നു. സംസ്ഥാനത്തെ മുസ്ലിംകൾക്കിടയിൽ ഭൂരിഭാഗവും തൃണമൂൽ കോൺഗ്രസിനൊപ്പമാണ്. ഇവരിൽ ഒരു വിഭാഗത്തിന് തങ്ങളെ ഇപ്പോഴും ഒരു വോട്ട് ബാങ്കായി മാത്രം കണ്ടാണ് മമത പ്രവർത്തിക്കുന്നതെന്ന് അഭിപ്രായമുണ്ട്. . ഈ വോട്ടുകൾ തങ്ങളിലേക്ക് എത്തിക്കാനാണ് സംയുക്ത മോർച്ച ശ്രമിക്കുന്നത്. ഐഎസ്എഫിന്റെ വരവ് പ്രതീക്ഷകളുടെ ആക്കം കൂട്ടുന്നുണ്ട്. മുർഷിദാബാദ്, മാൽഡ, വടക്കൻ ദിനാജ്പൂർ ജില്ലകളിൽ കോൺഗ്രസിന് മുസ്ലിംകളുടെ പിന്തുണയുണ്ട്. സംസ്ഥാനത്തിന്റെ തെക്കൻ ഭാഗങ്ങളിൽ മുസ്ലിം സമുദായത്തിന്റെ വോട്ട് നേടാൻ കോൺഗ്രസ് പാർട്ടിക്ക് കഴിയാറില്ല. ഇവിടെയും ഐഎസ്എഫിന്റെ സാനിധ്യം സഖ്യത്തിനും കോൺഗ്രസിനും നേട്ടമായേക്കാം. സംയുക്ത മോർച്ച കൂടി മത്സരരംഗത്ത് സജീവമാകുന്നതോടെ പശ്ചിമ ബംഗാളിൽ ശക്തമായ ത്രികോണ മത്സരത്തിന് തന്നെയുള്ള സാധ്യതകളാണ് ഉയർന്നുവരുന്നത്. ന്യൂനപക്ഷ വോട്ടുകൾ ഭിനനിക്കുന്നത് ബിജെപിക്ക് നേട്ടമാകുമെന്നും വിലയിരുത്തപ്പെടുന്നു.
ഇടതുപക്ഷമോ, കോൺഗ്രസോ ബംഗാളിൽ അധികാരത്തിലേറാനുള്ള സാധ്യത വിരളമാണ്. പിന്നെ എന്തിന് ഈ അഭ്യാസം? അതും മുസ്ലിംകളെ രക്ഷിക്കാനായി അവതരിച്ച ഐ.എസ്.എഫ് പോലൊരു ഗ്രൂപ്പുമായി ചേർന്ന്. കഴിഞ്ഞ വർഷം ഒക്ടോബർ-നവംബർ മാസങ്ങളിൽ നടന്ന ബിഹാർ തെരഞ്ഞെടുപ്പിന്റെ കാര്യം ആലോചിച്ചു നോക്കുന്നത് സന്ദർഭോചിതമായിരിക്കും. ബിഹാറിൽ എൻ.ഡി.എയുടെ കാര്യം പരുങ്ങലിലാണെന്നാണ് എല്ലാവരും കരുതിയിരുന്നത്. പതിനേഴ് ശതമാനം മുസ്ലിം വോട്ടുള്ള സംസ്ഥാനത്ത് ആർ.ജെ.ഡി തിരിച്ചു വരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതിയിരുന്നത്. 90 കളിലെ രഥയാത്ര കാലം മുതൽ തെളിയിക്കപ്പെട്ടതാണ് മുലായം സിംഗ് യാദവിനേക്കാൾ കരുത്തനാണ് ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവെന്നത്. ഇത്തവണ മകൻ തേജസ്വി യാദവ് ആർ.ജെ.ഡിയുടെ മുഖ്യമ്ര്രന്തിയാവുമെന്ന് പലരും കരുതി. നവംബർ 7 മുതൽ 10 വരെ പുറത്തിറങ്ങിയ ടൈംസ് നൗ, എബിപി ന്യൂസ്, എൻഡിടിവി, എബിപി എക്സിറ്റ് പോളുകളിലും കണ്ടെത്തിയതും ഇതു തന്നെ. എന്നാൽ സംഭവിച്ചതോ? ദൃശ്യമാധ്യമങ്ങൾ റിട്ടയർമെന്റ് പ്രഖ്യാപിച്ച നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എൻ.ഡി.എ 125 സീറ്റുകൾ നേടി കൃത്യമായ ഭൂരിപക്ഷം കൈവരിച്ചു. മുഖ്യമന്ത്രിയാവുമെന്ന് ചാനലുകൾ പ്രതീക്ഷിച്ച തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിന് 110 സീറ്റുകൾ കൊണ്ട് തൃ്പ്തിപ്പെടേണ്ടി വന്നു. മുസ്ലിംകളെ രക്ഷിക്കാനെത്തിയ പാർട്ടിക്ക് ഏഴ് സീറ്റുകളാണ് ലഭിച്ചത്. അതിലും വലിയ സംഭാവന എൻ.ഡി.എ വിജയം ഉറപ്പു വരുത്തുന്ന കാര്യത്തിൽ ഇത്തരം ചെറുകക്ഷികൾ ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് 1000-1500 വോട്ടുകളുടെ മാർജിനിൽ എൻ.ഡി.എ വിജയിച്ചിടത്ത്. പിന്നീട് നടന്ന ഗുജറാത്തിലെ പ്രാദേശിക തെരഞ്ഞെടുപ്പിലും ഹൈദരാബാദ് പാർട്ടി സജീവമായി രംഗത്തുണ്ടായിരുന്നു. ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ മമതക്ക് ആഹ്ലാദകരമല്ലാത്തത് വല്ലതും സംഭവിച്ചാൽ അതിലൊട്ടും ആശ്ചര്യപ്പെടാനില്ലെന്ന് ചുരുക്കം.