Sorry, you need to enable JavaScript to visit this website.

പ്രവാസി ക്ഷേമത്തിനായി യു.ഡി.എഫ് പ്രതിജ്ഞാബദ്ധം -എം.എം. ഹസൻ

എം.എം. ഹസനോടൊപ്പം ലേഖകൻ


യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ മലയാളം ന്യൂസിന് നൽകിയ അഭിമുഖം

 

? പാവപ്പെട്ട കുടുംബങ്ങൾക്ക് ന്യായ് പദ്ധതി വഴി പ്രതിമാസം 6000 രൂപ യു.ഡി.എഫ് പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഈ പദ്ധതിയിൽ ഉൾപ്പെടാത്ത  40 നും 60 നും ഇടയ്ക്ക് പ്രായമുള്ള വീട്ടമ്മമാർക്ക് പ്രതിമാസം 2000 രൂപയും വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ തുകയൊക്കെയെങ്ങനെ കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രാഹുൽ ഗാന്ധിയുടെ വാഗ്ദാനമായ ന്യായ് പദ്ധതി ഫലപ്രദമായി നടപ്പാക്കാനുള്ള വഴികൾ യുഡിഎഫ് തയാറാക്കിയിട്ടുണ്ട്. ഇപ്പോൾ തന്നെ പാവപ്പെട്ടവർക്ക് 2000 രൂപ പ്രതിമാസം ലഭിക്കുന്നുണ്ട്. 24,000 രൂപ പ്രതിവർഷം ഇങ്ങനെ ലഭിക്കുന്നു. ഇതിന്റെ ബാക്കി തുക കൂടി കണ്ടെത്തി പ്രതിവർഷം 72,000 രൂപയാക്കി നൽകാനാണ് ന്യായ് പദ്ധതിയിലൂടെ ശ്രമിക്കുന്നത്. പ്രകടന പത്രികയിൽ പറഞ്ഞിരിക്കുന്ന വാഗ്ദാനങ്ങളൊക്കെ യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയാൽ നടപ്പാക്കുകതന്നെ ചെയ്യും.

? സംസ്ഥാനത്ത് പീസ് ആന്റ് ഹാർമണി വകുപ്പ് രൂപീകരിക്കുമെന്നൊരു വാഗ്ദാനം പ്രകടന പത്രികയിൽ കാണുന്നുണ്ടോല്ലോ. അതുകൊണ്ട് എന്താണുദ്ദേശിക്കുന്നത്.

സംസ്ഥാനത്ത് വർധിച്ചുവരുന്ന രാഷ്ട്രീയ സംഘട്ടനങ്ങൾക്കും കൊലപാതകങ്ങൾക്കും അറുതി വരുത്താൻ രാജസ്ഥാൻ മാതൃകയിൽ സമാധാന വകുപ്പ് രൂപീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. 
എല്ലാ തരത്തിലുള്ള അത്രിക്രമങ്ങളെയും നിരുൽസാഹപ്പെടുത്തുന്നതിനാവശ്യമായ ശാസ്ത്രീയമായ നടപടികളാവും നടപ്പാക്കുക. സി.പി.എമ്മും ബി.ജെ.പിയും കൊലപാതകരാഷ്ട്രീയമാണ് നടത്തുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കാസർകോട്ടെയും പാലക്കാട്ടെയും ജനങ്ങൾ കൊലപാതക രാഷ്ട്രീയത്തിനെതിരെ വിധിയെഴുത്തു നടത്തിയതുകൊണ്ടാണ് യു.ഡി.എഫ് സ്ഥാനാർത്ഥികളവിടെ വിജയിച്ചത്. ജനങ്ങൾ സമാധാനമാണ് ആഗ്രഹിക്കുന്നത്.
എന്നാൽ എൽ.ഡി.എഫ് ഭരണകാലത്ത് നടന്നതൊക്കെ മറിച്ചാണ്. ഇവിടെ കൊലപാതകങ്ങൾ വർധിച്ചു. കസ്റ്റഡി മരണങ്ങൾ കൂടി. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ വർധിച്ചു. ഇത്തരം കേസുകളിൽ പോലീസും സർക്കാരും ചേർന്ന് കുറ്റവാളികളെ രക്ഷിക്കുകയും പ്രതികളെ വെറുതെ വിടുന്നതുമാണ് ജനം കണ്ടത്. ഇതിനൊക്കെ ഒരു അറുതി വരുത്താൻ ആവശ്യമായ പ്രവർത്തനങ്ങളാവും ഈ വകുപ്പ് സ്വീകരിക്കുക.

? തെരഞ്ഞെടുപ്പ് വന്നതോടെ ഒരിടവേളക്ക് ശേഷം ശബരിമല വിഷയം വീണ്ടും ചൂടുപിടിക്കുകയാണല്ലോ.

ശബരിമല കാര്യത്തിൽ യുഡിഎഫിന്റെ നയത്തിൽ യാതൊരു മാറ്റവുമില്ല. എന്നും ഞങ്ങൾ വിശ്വാസികൾക്കൊപ്പമാണ്. യുഡിഎഫ് സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം തിരുത്തിയത് ഇടതു സർക്കാരാണ്. യുഡിഎഫ് അധികാരത്തിലെത്തിയാൽ നൂറ് ദിവസത്തിനുള്ളിൽ ശബരിമലയിലെ ആചാരം സംരക്ഷിക്കാൻ നിയമ നിർമാണം നടത്തും. ഷാബാനു കേസിലുൾപ്പെടെ പല കേസുകളിലും മുമ്പിത് ചെയ്തിട്ടുള്ളതാണ്.
ശബരിമല വിഷയം ഞങ്ങൾക്ക് തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമല്ല. എന്നാൽ ഇപ്പോഴിത് വിവാദമാക്കിയത് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ്. തെരഞ്ഞെടുപ്പു വന്നപ്പോൾ കടകംപള്ളി സുരേന്ദ്രൻ ചെയ്തതൊക്കെ തെറ്റായിപ്പോയെന്ന് ഖേദം പ്രകടിപ്പിച്ചു. എന്നാൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയത് തിരുത്തി. സ്വഭാവികമായും ഇതോടെ ശബരിമല തെരഞ്ഞെടുപ്പിൽ ചർച്ചയാവുകയാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത് സുപ്രീം കോടതിയുടെ അന്തിമ വിധി വന്ന ശേഷം സമവായത്തിലൂടെ പ്രശ്‌നം പരിഹരിക്കുമെന്നാണ്. മുഖ്യമന്ത്രി പറയുന്നത് കോർട്ടലക്ഷ്യമാണ്. സുപ്രീം കോടതിയുടെ അന്തിമ വിധി വന്നാൽ പിന്നെയെന്തു സമവായം നടത്താനാണ്. സുപ്രീംകോടതിയുടെ ശബരിമല വിഷയത്തിലെ അന്തിമ വിധി വരുമ്പോൾ കേരളം ഭരിക്കുന്നത് യു.ഡി.എഫായിരിക്കും. എൽ.ഡി.എഫ് അയിരിക്കില്ല. 

?  തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ വിജയ സാധ്യതയെ എങ്ങനെ വിലയിരുത്തുന്നു. എത്ര സീറ്റ് വരെ പ്രതീക്ഷിക്കുന്നുണ്ട്.

യു.ഡി.എഫിന് എത്ര സീറ്റ് ലഭിക്കുമെന്നു പറയാറായിട്ടില്ല. അതിന് കുറച്ചു ദിവസങ്ങൾ കൂടി കാത്തിരിക്കേണ്ടതുണ്ട്. എന്നാൽ യു.ഡി.എഫ് വിജയിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഈ സർക്കാരിനെക്കൊണ്ട് പൊറുതി മുട്ടിയ ജനം യുഡിഎഫിന് വോട്ട് ചെയ്ത് അധികാരത്തിലേറ്റും. സ്വർണക്കടത്തും അഴിമതിയും അക്രമവും സ്വന്തക്കാരെ നിയമ വിരുദ്ധമായി സർവീസിൽ തിരുകിക്കയറ്റിയും നിയമത്തെ നോക്കുകുത്തിയാക്കുന്ന ഈ സർക്കാരിനെ ജനം താഴെയിറക്കും.
തെക്കൻ ജില്ലകളിലായിരുന്നു യു.ഡി.എഫിന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ തോതിൽ തിരിച്ചടിയേറ്റത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ യു.ഡി.എഫിന്റെ ജനപിന്തുണ വളരെ വർധിച്ചു. കൂടുതൽ സീറ്റുകളിവിടെ ഇത്തവണ യു.ഡി.എഫിന് ലഭിക്കും.
ജനജീവിതം ആകെ തകർന്നിരിക്കുകയാണ്. പ്രളയവും മഹാമാരിയുമൊക്കെ വന്ന ജനങ്ങളുടെ ജീവിത മാർഗങ്ങളൊക്കെയടഞ്ഞു. സർക്കാർ ജനങ്ങൾക്ക് ജീവിതം കെട്ടിപ്പടുക്കാനുള്ള സഹായം എത്തിക്കാനല്ല ശ്രമിക്കുന്നത്.  സർക്കാരിന്റെ ഇമേജ് വർധിപ്പിക്കാനാണ്. കേരളം  കോവിഡ് നിയന്ത്രണ വിധയമാക്കിയെന്ന് ലോകമാകെ പ്രചരിപ്പിച്ച് സർക്കാരിന്റെ ഇമേജ് വർധിപ്പിക്കാൻ ശ്രമിച്ചു. എന്നിട്ടെന്തുണ്ടായി, ഇവിടെ ഇപ്പോഴും കോവിഡ് വിട്ടൊഴിയുന്നില്ല.  കോവിഡ് കേസുകൾ കാര്യമായി കുറയുന്നില്ല. മറ്റ് പല സംസ്ഥാനങ്ങൾ നിയന്ത്രണ വിധേയമാക്കിയപ്പോഴും നമ്മളതിന്റെ ദുരിതത്തിൽനിന്ന് കരകയറാത്തത് ഈ സർക്കാരിന്റെ പിടിപ്പുകേടു കൊണ്ടാണ്.

? കേരള കോൺഗ്രസിലെ ജോസ് കെ. മാണി വിഭാഗം ഇപ്പോൾ എൽ.ഡി.എഫിനൊപ്പമാണ്. ക്രിസ്ത്യൻ വോട്ടുകൾ സമാഹരിക്കുന്നതിനത് തടസ്സമാകില്ലേ.

കെ.എം.മാണിയെ നിരന്തരം പീഡിപ്പിച്ചുകൊണ്ടിരുന്നവരാണ് സിപിഎമ്മും കൂട്ടരും. കെ.എം.മാണിയുടെ അണികളാരും എൽഡിഎഫിന് വോട്ട് ചെയ്യില്ല. ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും. കേരള കോൺഗ്രസിന് എൽഡിഎഫിൽ സുഗമമായി പ്രവർത്തിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. എൽഡിഎഫിന്റെ ശക്തി കൊണ്ട് ചില മണ്ഡലങ്ങളിൽ അവർ ജയിച്ചെന്നിരിക്കും. എന്നാൽ പരമ്പരാഗതമായി കേരള കോൺഗ്രസിന് വോട്ട് ചെയ്തവർ അവർക്കിത്തവണ വോട്ട് ചെയ്യില്ല.

? പ്രവാസികളുടെ ക്ഷേമത്തിന് കാര്യമായ പദ്ധികളൊന്നും പ്രകടന പത്രികയിൽ കാണുന്നില്ലല്ലോ.

അതു ശരിയല്ല. ഇപ്പോൾ നോർക്ക പല പദ്ധതികളും പ്രവാസി ക്ഷേമത്തിനായി നടപ്പാക്കി വരുന്നുണ്ട്. അതൊക്കെ കൂടുതൽ ഫലപ്രദമായി ഞങ്ങളും നടപ്പാക്കും. യുഡിഎഫ് സർക്കാരുകളാണ് പ്രവാസി ക്ഷേമത്തിന് ധാരാളം ക്ഷേമപദ്ധിതികൾ നടപ്പിക്കിയത്. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം എമിഗ്രേഷൻ ഇനത്തിൽ കേന്ദ്രത്തിന്റെ പക്കലുള്ള പതിനായിരക്കണക്കിന് കോടി രൂപ പ്രയോജനപ്പെടുത്തി പ്രവാസി പുനരധിവാസം നടപ്പാക്കാൻ യു.ഡി.എഫ് സർക്കാർ കേന്ദ്രവുമായി സഹകരിച്ചു പ്രവർത്തിക്കുമെന്നതാണ്. 
മഹാമാരി മൂലം തൊഴിൽ നഷ്ടപ്പെട്ടുവരുന്ന പ്രവാസികൾക്ക് പ്രയോജനകരമായ നിരവധി പദ്ധതികൾ ഇതുവഴി നടപ്പാക്കാവുന്നതാണ്. പ്രവാസിയെന്ന മാനദണ്ഡത്താൽ റേഷൻ കാർഡുകൾക്ക് ഗ്രേഡ് കൂട്ടുന്ന നടപടി അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കും. 

 

 


 

Latest News