കയ്റോ- ഈജിപ്തിലെ സൂയസ് കനാലിൽ കൂറ്റൻ ചരക്കു കപ്പല്‍ വഴി മുടക്കിയതിനെ തുർന്ന് മണിക്കൂറില്‍ നഷ്ടം ഏതാണ്ട് 2900 കോടി രൂപ (400 ദശലക്ഷം ഡോളർ) . ലോയ്ഡ്സ് ലിസ്റ്റിന്‍റെ കണക്കാണിത്. പടിഞ്ഞാറോട്ട് 5.1 ബില്യന്‍ ഡോളറിന്‍റേയും കിഴക്കോട്ട് 4.5 ബില്യന്‍ ഡോളറിന്‍റെയും ഗതാഗതമാണ് ദിവസം നടക്കാറുള്ളത്.
മണ്ണില്‍ പൂണ്ടിരിക്കുന്ന 1312 അടി വരുന്ന കപ്പലിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. രണ്ടു വടക്ക് മെഡിറ്ററേനിയനെയും തെക്ക് ചെങ്കടലിനെയും ബന്ധിപ്പിച്ച് ഒന്നര നൂറ്റാണ്ട് മുമ്പ് നിർമിച്ച 193 കിലോമീറ്റർ കനാലിൽ കഴിഞ്ഞ ദിവസമാണ് കപ്പല്‍ വഴിമുടക്കിയത്. ചില സ്ഥലങ്ങളിൽ 205 മീറ്ററാണ് കനാലിന്‍റെ വീതി.
ടഗ് ബോട്ടുകൾ ഉപയോഗിച്ച് ചരക്കുകപ്പൽ വലിച്ച് നേരെയാക്കാൻ ശ്രമം തുടരുന്നുണ്ടെങ്കിലും രക്ഷാ പ്രവർത്തനം വിജയിച്ചിട്ടില്ല. ആദ്യം ഇരു കരകളിലും ഡ്രെഡ്ജിങ് നടത്തിയ ശേഷമാകും കപ്പൽ വലിച്ചുനേരെയാക്കുക. സ്മിറ്റ് സാൽവേജ് എന്ന ഡച്ച് കമ്പനിക്ക് ചുമതല നൽകിയിട്ടുണ്ട്.
രണ്ടു ലക്ഷം മെട്രിക് ടണ്ണാണ് എവർഗ്രീന്‍ കപ്പലിന്‍റെ ഭാരം. രക്ഷാ ദൗത്യവും അപകട സാധ്യതയും കണക്കിലെടുത്ത് ബുധനാഴ്ച രാത്രി ഗതാഗതം നിർത്തിവെച്ചിരുന്നു. ഇരുവശത്തും നീങ്ങുകയായിരുന്ന 100 ലേറെ കപ്പലുകൾ ഗതാഗതം വഴിമുട്ടി പാതിവഴിയിൽ നിർത്തിയിട്ട നിലയിലാണ്. എണ്ണ മുതൽ അവശ്യ വസ്തുക്കൾ വരെ കയറ്റിയ കപ്പലുകളാണ് ഇരുവശത്തും കിടക്കുന്നത്.
ഈജിപ്തിന്റെ ഏറ്റവും വലിയ സാമ്പത്തിക സ്രോതസ്സാണ് സൂയസ് കനാൽ.