മുംബൈ- വ്യവസായ പ്രമുഖന്‍ മുകേഷ് അംബാനിയുടെ ആന്റിലിയ ബംഗ്ലാവിനു മുന്നില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച എസ് യുവി നിര്‍ത്തിയിട്ട സംഭവത്തില്‍ സസ്‌പെന്‍ഷനിലായ മുംബൈ പോലീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെ എല്ലാ ആരോപണങ്ങളും എന്‍.ഐ.എ കോടതിയില്‍ നിഷേധിച്ചു.
കേസുമായി തനിക്കൊരു ബന്ധവുമില്ലെന്നും കുറ്റം സമ്മതിച്ചിട്ടില്ലെന്നും തന്നെ ബലിയാടാക്കുകയാണെന്നും വാസെ ബോധിപ്പിച്ചു. യു.എ.പി.എ ചുമത്തിയ വാസെയെ മുംബൈയിലെ എന്‍.ഐ.എ പ്രത്യേക കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ആരോപണങ്ങള്‍ നിഷേധിച്ചത്.
15 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടുകൊണ്ടുള്ള എന്‍.ഐ.എ അപേക്ഷയെ സച്ചിന്‍ വാസെയുടെ അഭിഭാഷകന്‍ എതിര്‍ത്തു. ഏതെങ്കിലും സമുദായത്തിനുനേരെയോ രാജ്യത്തിനെതിരെ നടന്ന കുറ്റകൃത്യമല്ലാത്തതിനാല്‍ ഈ കേസില്‍ യു.എ.പി.എ നിലനില്‍ക്കില്ലെന്നും അഭിഭാഷകന്‍ വാദിച്ചു.