ബഹ്റൈനില്‍നിന്നെത്തിയ വിദ്യാർഥിനിയോട് നമ്പർ ചോദിച്ചു; ഇമിഗ്രേഷന്‍ ഓഫീസർ കുടുങ്ങി

കറാച്ചി- ബഹ്റൈനില്‍നിന്നെത്തിയ പതിനഞ്ചുകാരിയോട് മൊബൈല്‍ നമ്പറും മിഠായിയും ചോദിച്ച ഇമിഗ്രേഷന്‍ ഓഫീസർക്ക് സസ്പെന്‍ഷന്‍. പാക്കിസ്ഥാനിലെ തുറമുഖ നഗരമായ കറാച്ചി എയർപോർട്ടിലാണ് സംഭവം.

മൊബൈല്‍ നമ്പർ ചോദിച്ചത് ലിസ്റ്റില്‍ രേഖപ്പെടുത്താനാണെന്നും മിഠായി ചോദിച്ചത് തമാശക്കാണെന്നും ഉദ്യോഗസ്ഥന്‍ വിശദീകരിച്ചെങ്കിലും അധികൃതർ വിശ്വസിച്ചില്ല.

ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എഫ്.ഐ.എ)യാണ് നടപടി സ്വീകരിച്ചത്. കറാച്ചിയിലെ ജിന്ന ഇന്‍റര്‍നാഷണല്‍ എയർപോർട്ടിലാണ് യാത്രക്കാരിക്കുനേരെ പീഡനം. സംഭവം മറ്റു യാത്രക്കാർ മൊബൈലില്‍ പകർത്തിയിരുന്നു. ചോദ്യങ്ങള്‍ക്കൊന്നും ഇമിഗ്രേഷന്‍ ഓഫീസർക്ക് മറുപടി ഉണ്ടായിരുന്നില്ലെന്ന് ജിയോ ടിവി റിപ്പോർട്ടില്‍ പറയുന്നു.

എഫ്.ഐ.എ സിന്ധ് മേധാവി ആമിര്‍ ഫാറൂഖിയാണ് ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തതായി അറിയിച്ചത്. സോണല്‍ ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം വകുപ്പ് തല അന്വേഷണം ആരംഭിച്ചിരിക്കയാണ്.

Latest News