ന്യൂദല്‍ഹി- ഭാര്യയേയും അവരുടെ മാതാപിതാക്കളേയും കൊലപ്പെടുത്താന്‍ താലീമെന്ന രാസപദാർഥം ഉപയോഗിക്കണമെന്ന ആശയം ലഭിച്ചത് ഇറാഖ് ഭരണാധികാരിയായിരുന്ന സദ്ദാം ഹുസൈനില്‍നിന്നാണെന്ന് റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്‍ പറഞ്ഞതായി ദല്‍ഹി പോലീസ്.
കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷം ഇയാളുടെ ഭാര്യ കോമയില്‍ തുടരുകയാണ്. ഭാര്യാ മാതാവും ഭാര്യയുടെ സഹോദരിയും മരിച്ചു കഴിഞ്ഞു. മാർച്ച് 21 ന് ഭാര്യാപിതാവ് പോലീസിനെ സമീപിച്ചതോടെയാണ് ഭാര്യയുടെ കുടുംബത്തെ ഇല്ലാതാക്കാന്‍ ഇളം നീല ലോഹമായ താലീം ഉപയോഗിച്ചതായി വ്യക്തമായത്. 37 കാരനായ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്‍ അറസ്റ്റിലാണ്.
ഗ്രേറ്റർ കൈലാസ് സ്വദേശി വരുണ്‍ അറോറയാണ് അറസ്റ്റിലായത്. ഭാര്യ അനിതാ ശർമ ഗാംഗാ റാം ആശുപത്രിയില്‍ മരിച്ചുവെന്നും മകളുടെ ഭർത്താവ് വിഷം നല്‍കിയതായി സംശയിക്കുന്നുവെന്നും കാണിച്ചാണ് മാർച്ച് 21ന് ദേവേന്ദ്ര മോഹന്‍ ശർമ (62) പോലീസിനെ സമീപിച്ചത്.
പ്രതി അറോറ ജനുവരയില്‍ താലീം വിതറി മത്സ്യം പാകം ചെയ്ത ശേഷം കുടുംബാംഗങ്ങള്‍ക്ക് നല്‍കിയെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. അറോറ കഴിച്ചിരുന്നില്ലെന്നും രണ്ട് മക്കള്‍ക്ക് നല്‍കിയില്ലെന്നും ദേവന്ദ്ര ശർമ പോലീസിനോട് പറഞ്ഞു.
തുടർന്ന് പോലീസ് ഏർപ്പെടുത്തിയ മെഡിക്കല്‍ പരിശോധനയില്‍ ശർമയുടെ ശരീരത്തിലും പോസ്റ്റ്മോർട്ടത്തില്‍ ഭാര്യ അനിതയുടെ ശരീരത്തിലും വർധിച്ച തോതില്‍ താലീം കണ്ടെത്തി.
പ്രതി അറോറയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പോലീസ് കണ്ടെത്തിയ ലാപ്ടോപ്പില്‍ സദ്ദാം ഹുസൈനും ഇന്‍റലിജന്‍സ് ഏജന്‍സികളും എതിരാളികളെ വകവരുത്താന്‍ താലിം വിഷപദാർഥം ഉപയോഗിച്ചിരുന്നുവെന്ന ആരോപണമുള്ള ഭാഗങ്ങള്‍ വായിച്ചതായി തെളിഞ്ഞുവെന്ന് ദല്‍ഹി പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.