Sorry, you need to enable JavaScript to visit this website.

ഉന്നം തെറ്റിയില്ല, ഗുണ്ടകളെ വെടിവെച്ചിട്ട് എസ്.ഐ പ്രിയങ്ക, എന്‍കൗണ്ടര്‍ ഓപറേഷനില്‍ ആദ്യമായി വനിത

ന്യൂദല്‍ഹി- ഗുണ്ടകളെ വെടിവെച്ചിടാന്‍ വനിതാ പോലീസ് ഓഫീസറും. ഇതാദ്യമായാണ് എന്‍കൗണ്ടര്‍ ഓപറേഷനില്‍ ഒരു വനിത സ്ഥാനം പിടിക്കുന്നത്. ദല്‍ഹി പോലീസ് ക്രൈംബ്രാഞ്ച് യൂണിറ്റിലെ സബ് ഇന്‍സ്പെക്ടറായ പ്രിയങ്കയാണ് വ്യാഴാഴ്ച പുലര്‍ച്ചെ നടന്ന ഓപ്പറേഷനില്‍ പങ്കാളിയായത്. ഏറ്റുമുട്ടലിനൊടുവില്‍ പിടികിട്ടാപ്പുള്ളികളായ രണ്ടുപേരെ പോലീസ് സംഘം കീഴ്പ്പെടുത്തി.

മക്കോക്ക കേസിലും ഒട്ടേറെ കൊലപാതക, കവര്‍ച്ചാക്കേസുകളിലും പ്രതികളായ രോഹിത് ചൗധരി, ടിറ്റു എന്നിവരെയാണ് ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്. വ്യാഴാഴ്ച പുലര്‍ച്ചെ ദല്‍ഹി പ്രഗതിമൈതാനിന് സമീപമാണ് പോലീസും ഗുണ്ടാസംഘവും ഏറ്റുമുട്ടലുണ്ടായത്.

ഒളിവില്‍ കഴിയുന്ന രോഹിതും ടിറ്റുവും ദല്‍ഹിയിലെ ബൈരോണ്‍ റോഡില്‍ വരുന്നുണ്ടെന്ന് വ്യാഴാഴ്ച പുലര്‍ച്ചെയാണ് ക്രൈംബ്രാഞ്ച് ഡി.സി.പിക്ക് വിവരം ലഭിച്ചത്. തുടര്‍ന്ന് പ്രത്യേകദൗത്യസംഘത്തിലെ എ.സി.പി. പങ്കജിനെ ഇരുവരെയും പിടികൂടാനായി നിയോഗിച്ചു. വനിതാ എസ്.ഐയായ പ്രിയങ്കയും സംഘത്തിലുണ്ടായിരുന്നു.

ആദ്യമായിട്ടായിരുന്നു ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയെ ഇത്തരമൊരു ഓപ്പറേഷനുള്ള പോലീസ് സംഘത്തില്‍ ഉള്‍പ്പെടുത്തുന്നത്. എന്നാല്‍ പ്രിയങ്കയുടെ കഴിവില്‍ പരിപൂര്‍ണവിശ്വാസമുണ്ടായിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ഈ തീരുമാനത്തില്‍ മറിച്ച് ചിന്തിക്കേണ്ട ആവശ്യമില്ലായിരുന്നു.

രോഹിതും ടിറ്റുവും കാറില്‍ വരുന്നുണ്ടെന്ന വിവരം സ്ഥിരീകരിച്ചതോടെ ഇവരെ റോഡില്‍ തടഞ്ഞുനിര്‍ത്താനായിരുന്നു പോലീസിന്റെ ആദ്യശ്രമം. എന്നാല്‍ പോലീസിന്റെ കണ്ടതോടെ പ്രതികള്‍ ബാരിക്കേഡുകള്‍ ഇടിച്ചുതെറിപ്പിച്ച് കാറില്‍ കുതിച്ചു. പിന്നാലെ പോലീസിന് നേരേ വെടിയുതിര്‍ക്കുകയും ചെയ്തു. ഇതോടെയാണ് പോലീസ് സംഘം തിരിച്ച് വെടിവെപ്പ് നടത്തിയതെന്ന് ഡിസിപി ഭിഷംസിംഗ് പറഞ്ഞു.

ഏറ്റുമുട്ടലിനിടെ പ്രിയങ്കക്ക് വെടിയേറ്റെങ്കിലും ബുള്ളറ്റ്പ്രൂഫ് ജാക്കറ്റുകള്‍ ധരിച്ചതിനാല്‍ രക്ഷപ്പെട്ടു. എ.സി.പി. പങ്കജും തലനാരിഴയ്ക്കാണ് അക്രമികളുടെ വെടിയുണ്ടകളില്‍നിന്ന് രക്ഷപ്പെട്ടത്.  

 

Latest News