Sorry, you need to enable JavaScript to visit this website.

കാര്യമറിയാതെ കൊലയാളി നീരാളിയെ കയ്യിലെടുത്ത് ടൂറിസ്റ്റ്; സോഷ്യൽ മീഡിയയിൽ അമ്പരപ്പ്‌

ബാലി- ബ്ലൂ റിങ്ഡ് ഒക്ടോപസ് എന്ന നീരാളി വർഗത്തിൽ പെട്ട ജീവിയുടെ കടിയേറ്റാൽ വേദനയൊന്നും അനുഭവപ്പെടില്ല. പക്ഷെ മിനിറ്റുകൾക്കുള്ളിൽ മരണം സംഭവിക്കും. അമേരിക്കയിൽ നിന്നും ഇന്തോനീഷ്യയിലെ ബാലിയിലെത്തിയ ടൂറിസ്റ്റ് കേലിൻ ഫിലിപ്പിന് ഈ വസ്തുത അറിയുമായിരുന്നില്ല. ഈ ജീവിയുടെ മനോഹരമായ ശരീരം കണ്ടപ്പോൾ ഒരു ടിക്ടോക് താരം കൂടിയായ കേലിന് ആകാംക്ഷ അടക്കാനായില്ല. ഉടനെ അതിനെ കൈയിലെടുത്ത് വീഡിയോ പിടിച്ചു. ഒരു മൃഗക്ഷേമപരമായ ഡോക്യുമെന്ററി തയ്യാറാക്കുന്നതിനെ സഹായിക്കുന്നതിന്റെ ഭാഗമായി ഇന്തോനീഷ്യയിൽ എത്തിയതായിരുന്നു കേലിൻ. 

ഈ ജീവി നീന്തിക്കൊണ്ടിരിക്കുമ്പോൾ അങ്ങോട്ട് ചെന്ന് പിടിക്കുകയായിരുന്നു കേലിൻ. മറ്റൊരെണ്ണത്തിനെ കൂടി അരികിൽ കണ്ടപ്പോൾ അതിനെയും പിടിച്ചു. വീഡിയോ പുറത്തുവന്നപ്പോഴാണ് ഈ ജീവിയെ പരിചയമുള്ളവർ അന്ധാളിച്ചത്. ആളിപ്പോഴും ജീവിച്ചിരിപ്പുണ്ടോ എന്നായി അന്വേഷണം. 

കടിയേൽക്കുന്നത് മിക്കപ്പോഴും അറിയില്ല. കാരണം വേദനയുണ്ടാകില്ല. മരണം 10 മിനിറ്റിനുള്ളിൽ സംഭവിക്കുകയും ചെയ്യും. ശരീരത്തിന് ആവശ്യമായ ഓക്സിജൻ വലിച്ചെടുക്കാനുള്ള ശേഷിയെ ഈ വിഷം തടയും. ന്യൂറോടോക്സിൻ ടെട്രഡോടോക്സിൻ എന്ന ഘടകമാണ് വിഷത്തിൽ അടങ്ങിയിട്ടുള്ളത്. ഇത് ശരീരത്തെ മിനിറ്റുകൾക്കുള്ളിൽ മരവിപ്പിക്കുന്നു. 

ഈ വിഷത്തെ പ്രതിരോധിക്കാനുള്ള വിഷഹാരികൾ ലോകത്തില്ല. ബോധം വീണ്ടുകിട്ടാൻ ശ്വാസകോശത്തിലേക്ക് കൃത്രിമമായി ഓക്സിജൻ പമ്പ് ചെയ്യേണ്ടി വരും.

Latest News