കോയമ്പത്തൂർ- സംസ്ഥാനത്തെ അഴിമതിക്കൂട്ടങ്ങളെ നീക്കം ചെയ്യുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് മക്കൾ നീതി മയ്യം നേതാവ് കമൽ ഹാസൻ. തന്റെ പാർട്ടിക്ക് ജനങ്ങളെ സേവിക്കാനുള്ള അവസരം ജനങ്ങൾ നൽകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. എഐഎഡിഎംകെയും എഡിഎംകെയും അഴിമതിക്കൂട്ടങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. കോയമ്പത്തൂർ സൗത്തിൽ നിന്നാണ് കമൽ ഹാസൻ മത്സരിക്കുന്നത്. അണ്ണാ ഡിഎംകെയുടെ മണ്ഡലമാണിത്. ഏറെ വർഗീയ പ്രശ്നങ്ങൾ നടന്ന ഒരു മണ്ഡലം കൂടിയായതിനാലാണ് താൻ കോയമ്പത്തൂരിലേക്ക് വന്നതെന്ന് അണ്ണാ ഡിഎംകെയിലൂടെയുള്ള ബിജെപിയുടെ കടന്നുവരവിനെ സൂചിപ്പിച്ച് കമൽ പറയുന്നു. വർഗീയതയോടുള്ള ഒരു പോരാട്ടം കൂടിയാണ് താൻ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
താൻ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുകയാണെങ്കിൽക്കൂടിയും സുഖമായി ഉറങ്ങാൻ കഴിയുമെന്നും എന്നാൽ വിജയിച്ചയാൾക്ക് സുഖമായ ഉറക്കമുണ്ടാകില്ലെന്നും കമൽ പറഞ്ഞു. കാലഹരണപ്പെട്ട രാഷ്ട്രീയപാർട്ടികൾക്ക് ഒരു അവസാനം കാണുകയെന്നതാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കാര്യമായ നേട്ടമുണ്ടാക്കാൻ കഴിയാഞ്ഞതിനെക്കുറിച്ച് കമൽ ഹാസന് വേവലാതിയില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് മോഡിയും കോൺഗ്രസ്സും തമ്മിലുള്ള പോരാട്ടമായി മാറി. ആ രീതിയിലായിരുന്നു ജനങ്ങളുടെ കാഴ്ചപ്പാടും. എന്നാൽ ഇന്ന് തമിഴകത്ത് സ്ഥിതി മാറിയിട്ടുണ്ടെന്ന് കമൽ പറയുന്നു. തമിഴ്നാട്ടിലെ യഥാർത്ഥ പോരാളികൾ ഇന്ന് തന്റെ പാർട്ടിയായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.