Sorry, you need to enable JavaScript to visit this website.

ഹരിദ്വാർ കുംഭമേള കോവിഡ് പ്രജനന കേന്ദ്രമാക്കരുതെന്ന് സർക്കാരിനോട് ഹൈക്കോടതി

ഡെറാഡൂണ്‍- ഹരിദ്വാറിലെ മഹാകുംഭമേള കോവിഡ് വൈറസിന്റെ പ്രജനന കേന്ദ്രമായി മാറരുതെന്ന് കോടതി. മേളയുടെ നടത്തിപ്പിനായി കോവിഡ് മാനദണ്ഡങ്ങൾ പുറത്തിറക്കണമെന്നും അവ കർശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഉത്തരാഖണ്ഡ് ഹൈക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. കോവിഡ് സർട്ടിഫിക്കറ്റില്ലാത്തവരെ മേളയിലേക്ക് പ്രവേശിപ്പിക്കരുതെന്നും കോടതിയുടെ നിർദ്ദേശമുണ്ട്. 

ചീഫ് ജസ്റ്റിസ് രാഘവേന്ദ്ര സിങ് ചൌഹാനും ജസ്റ്റിസ് ആലോക് കുമാർ വർമയുമടങ്ങിയ ബഞ്ചാണ് സർക്കാരിന് ഈ നിർദ്ദേശങ്ങൾ നൽകിയത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും കോവിഡിന്റെ രണ്ടാംതരംഗം തുടങ്ങുന്നുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ നിർദ്ദേശങ്ങളെന്നും കോടതി വിശദീകരിച്ചു. മഹാകുംഭമേള കോവിഡിനെ പെരുപ്പിക്കുന്ന ഇടമായി പരിണമിക്കരുതെന്ന താൽപര്യം കൊണ്ടാണ് നിർദ്ദേശമെന്നും കോടതി പറഞ്ഞു. ഭക്തർ മാസ്കുകൾ ധരിക്കുകയും മറ്റ് കോവിഡ് മാനദമ്ഡങ്ങൾ പാലിക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ പൊലീസും മറ്റധികൃതരും സ്ഥലത്തുണ്ടാകണമെന്ന് കോടതി പറഞ്ഞു.

ആവശ്യമായ എല്ലാ നടപടികളും എടുത്തുകൊണ്ടിരിക്കുകയാണെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ഓം പ്രകാശ് പറഞ്ഞു. സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും ആവശ്യമായ നടപടികളെടുക്കുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വരുന്നവർ കോവിഡ് പൊസിറ്റീവല്ലെന്ന സർട്ടിഫിക്കറ്റ് കരുതിയിരിക്കണമെന്ന് കർശനമായി നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഏപ്രിൽ 14നാണ് കുംഭമേള തുടങ്ങുക.

12 വർഷം കൂടുമ്പോഴാണ് ഗംഗാതീരത്ത് ഈ കുംഭമേള നടക്കുന്നത്. പ്രാധാന്യം ഏറെ കൂടുതലായതിനാൽത്തന്നെ വലിയ ജനസഞ്ചയം ഒഴുകിയെത്തുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിലാണ് കോടതിയുടെ നിർദ്ദേശം വന്നിരിക്കുന്നത്. 2010ലാണ് അവസാനത്തെ കുംഭമേള നടന്നത്. നാല് കുഭമേളകളാണ് പ്രധാനം. പ്രയാഗ്, ത്രിംബക്, ഉജ്ജയിനി, ഹരിദ്വാർ എന്നിവിടങ്ങളിൽ നടക്കുന്നു. ഇതിൽ ഹരിദ്വാർ കുംഭമേളയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്.

Latest News