ന്യൂദൽഹി - രാജ്യത്തെ നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ രാഷ്ട്രീയ പരസ്യങ്ങൾക്ക് നിരോധന മേർപ്പെടുത്തി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റർ. വിവിധ പാർട്ടികളും നേതാക്കളും സ്ഥാനാർത്ഥികളുമെല്ലാം രാഷ്ട്രീയ കണ്ടന്റുകൾ പ്രമോട്ട് ചെയ്യുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പശ്ചിമബംഗാൾ, തമിഴ്നാട്, അസം, കേരളം, പുതുച്ചേരി എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കാനൊരുങ്ങുന്നത്.
തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന പ്രചാരണങ്ങളുടെ സ്വഭാവത്തെ നിയന്ത്രിക്കുന്ന നടപടികൾ ട്വിറ്റർ നേരത്തെ തന്നെ തുടങ്ങിയിട്ടുണ്ട്. 2019ലാണ് ആദ്യമായി ട്വിറ്റർ രാഷ്ട്രീയ പരസ്യങ്ങൾക്ക് വിലക്ക് കൊണ്ടുവരുന്നത്. രാഷ്ട്രീയ സന്ദേശങ്ങൾ ജനങ്ങളിലേക്കെത്തുന്നത് സ്വാഭാവികമായ രീതിയിലായിരിക്കണമെന്നും അത് പണം കൊണ്ട് സാധിക്കരുതാത്തതാണെന്നുമാണ് ട്വിറ്ററിന്റെ നിലപാടെന്ന് കമ്പനി പറയുന്നു.
ഇതോടൊപ്പം പ്രാദേശികമായ രാഷ്ട്രീയവും ഭാഷാപരവും സാംസ്കാരികവുമായ ഇടപെടലുകളെ തിരിച്ചറിയുന്നതിനായി തങ്ങളുടെ ടീമിനെ കൂടുതൽ വിപുലമാക്കുകയാണ് ട്വിറ്റർ. പ്ലാറ്റ്ഫോമിനെ ദുരുപയോഗം ചെയ്ത് ഓഫ്‍ലൈനിൽ അക്രമവും മറ്റും സൃഷ്ടിക്കുന്നതിന് വഴിയൊരുക്കരുതെന്നതാണ് നിലപാട്.
കേന്ദ്ര സർക്കാരുമായി ട്വിറ്റർ ഇതിനകം തന്നെ പ്രശ്നത്തിലായ സ്ഥിതിയിലാണുള്ളത്. കർഷകപ്രക്ഷോഭവുമായി ബന്ധപ്പെട്ട് സർക്കാരിന്റെ നിലപാടുകൾക്ക് വിരുദ്ധമായ അഭിപ്രായം പ്രകടിപ്പിക്കുന്ന പ്രൊഫൈലുകളും പേജുകളും നീക്കം ചെയ്യാൻ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഇത് അനുസരിക്കാതിരുന്നതിനെ തുടർന്നാണ് ഭിന്നത രൂപപ്പെട്ടത്. പിന്നീട് ട്വിറ്റർ സർക്കാരിനെ അനുസരിക്കാൻ നിർബന്ധിതരാകുകയും ചെയ്തു. വിദ്വേഷപരമായ കണ്ടന്റുകളെ തിരിച്ചറിയുന്നതിനും നീക്കം ചെയ്യുന്നതിനും കൂടുതൽ മികച്ച സാങ്കേതികതകൾക്കായി തങ്ങൾ ഇനിയും നിക്ഷേപം നടത്തുമെന്നും ട്വിറ്റർ ബ്ലോഗ് പോസ്റ്റിൽ പറയുന്നു.