കൊൽക്കത്ത- ബിജെപി ഉത്തർപ്രദേശിൽ നിന്ന് കാവിയുടുപ്പും തിലകവുമണിയിച്ച് ഗുണ്ടകളെ ബംഗാളിലേക്ക് കൊണ്ടുവരുന്നെന്ന ആരോപണം ആവർത്തിച്ച് മമത ബാനർജി. "ട്രെയിനുകളിലും ബസ്സുകളിലും കാവി വസ്ത്രവും കാവിക്കുറികളും അണിയിച്ച് അവർ ഗുണ്ടകളെ പശ്ചിമബംഗാളിലേക്ക് കൊണ്ടുവരികയാണ്. പാൻമസാല ചവച്ചുകൊണ്ട് അവർ ബംഗാളിന്റെ സംസ്കാരത്തെ നശിപ്പിക്കാൻ വരുന്നു," മമത പറഞ്ഞു. ബിഷ്ണുപൂരിലെ ഒരു റാലിയിൽ പ്രസംഗിക്കുകയായിരുന്നു അവർ. സംസ്ഥാനത്തേക്ക് 'പുറത്തുള്ളവരെ' കയറ്റിവിടുകയാണ് ബിജെപിയെന്ന് അവർ പറഞ്ഞു. അതെസമയം തന്റെ പ്രസ്താവന ബബംഗാളിലേക്ക് തൊഴിലിനും മറ്റാവശ്യങ്ങൾക്കു വരുന്നവരെക്കുറിച്ചല്ലെന്നു അവർ വിശദീകരിച്ചു. രാജസ്ഥാനിൽ നിന്നും ഗുജറാത്തിൽ നിന്നും വന്ന് താമസിക്കുന്ന നിരവധിയാളുകൾ സംസ്ഥാനത്തുണ്ട്. അവരെക്കുറിച്ചല്ല തന്റെ പ്രസ്താവന- അവർ വ്യക്തമാക്കി.
ബിജെപി പുറത്തു നിന്നെത്തിയ കക്ഷിയാണെന്ന തരത്തിലുള്ള മമതയുടെ പ്രചാരണത്തെ കഴിഞ്ഞദിവസം ഈസ്റ്റ് മിഡ്നാപൂരിലെ ഒരു റാലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വിമർശിച്ചിരുന്നു. താൻ മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബഹുമാനിച്ചിരുന്നെന്നും എന്നാൽ ഇപ്പോൾ അദ്ദേഹം ഒരു വലിയ നുണയനാണെന്ന് തിരിച്ചറിഞ്ഞിരിക്കുകയാണെന്നും മമത പറഞ്ഞു.
ഇപ്പോഴും താൻ പ്രധാനമന്ത്രിയെന്ന നിലയിൽ അദ്ദേഹത്തെ ബഹുമാനിക്കുന്നുണ്ടെന്നും മമത വ്യക്തമാക്കി. കർഷകരും ദളിതരും, ഗോത്രവർഗക്കാരും, ന്യൂനപക്ഷങ്ങളുമെല്ലാം കേന്ദ്രഭരണം കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ്. മോദിയും ഷായും അദാനിയും അടങ്ങുന്ന സിൻഡിക്കേറ്റ് ജനങ്ങളുടെ പണം കൊള്ളയടിക്കുകയാണെന്നും അവർ ആരോപിച്ചു.