പൂനെ- ഇന്ത്യൻ വാക്സിൻ ബിസിനസ് ഭീമൻ അദാർ പൂനാവാല ലണ്ടനിലെ ഒരു മാളികവീട് ആഴ്ചയിൽ 69,000 ഡോളറിന് (ഇന്നത്തെ നിലവാരത്തിൽ 50,11,297.50 രൂപ) വാടകയ്ക്കെടുക്കുന്നു. ഇപ്പോൾ പോളണ്ടുകാരിയായ ശതകോടീശ്വരി ഡോമിനിക കുൾസിക്കിന്റെ കൈവശത്തിലുള്ള മേഫെയർ പ്രദേശത്തെ ഒരു ആഢംബര സൗധമാണ് 50 ലക്ഷത്തിലധികം രൂപ വാടക നൽകി പൂനാവാല ഉപയോഗത്തിനെടുക്കുന്നത്. യുകെയിലെ ഏറ്റവും വലിയ ആഢംബര സൗധങ്ങളിലൊന്നാണ് പൂനാവാല വാടകയ്ക്കെടുക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ തലവനാണ് പൂനാവാല. ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന കുടുംബങ്ങളിലൊന്നാണ് പൂനാവാലയുടെ കുടുംബം. ഏതാണ്ട് 15 ബില്യൺ ഡോളറിന്റെ ആസ്തി ഇവർക്കുണ്ട്. വിദേശത്തു നിന്നുള്ളവർ യുകെയിൽ ആസ്തികൾ വാങ്ങുന്നതിനെക്കാൾ വാടകയ്ക്കോ പാട്ടത്തിനോ എടുക്കുന്നതിനാണ് മുൻഗണന കൊടുക്കാറ്. വിൽപ്പന നടത്തുന്നതിനുള്ള സ്റ്റാമ്പ് ഡ്യൂട്ടിയും മറ്റും കണക്കിലെടുക്കുമ്പോൾ കുറെക്കൂടി മെച്ചം ഇത്തരം ഇടപാടുകളാണ്. കോവിഡാനന്തര പ്രതിസന്ധിയും ബ്രെക്സിറ്റാനന്തര പ്രതിസന്ധിയും യുകെയുടെ റിയൽ എസ്റ്റേറ്റ് മേഖലയെ ക്ഷീണിപ്പിച്ച ഘട്ടത്തിലാണ് പൂനാവാലയുടെ ഈ ഇടപാട്.
25000 സ്ക്വയർഫീറ്റ് വിസ്തൃതിയുള്ളതാണ് പൂനാവാല വാടകയ്ക്കെടുത്തിട്ടുള്ള കെട്ടിടം. യുകെയുമായി ദീർഘകാലത്തെ ബന്ധമുള്ളയാളാണ് പൂനാവാല. പഠിച്ചതെല്ലാം ലണ്ടനിലായിരുന്നു. കൂടാതെ, ഓക്സ്ഫോർഡ്-ആസ്ട്രസെനെക കോവിഷീൽഡ് വാക്സിൻ നിർമിക്കുന്നത് പൂനാവാലയുടെ ഇൻസ്റ്റിറ്റ്യൂട്ടാണ്. തന്റെ രണ്ടാമത്തെ വീടാണ് ബ്രിട്ടനെന്ന് പൂനാവാല പറയാറുണ്ട്.