കൊച്ചി - സ്വർണക്കടത്തില്‍ അറസ്റ്റിലായ ഉദ്യോഗസ്ഥന്‍ നിങ്ങളുടെ ഓഫീസിലായിരുന്നില്ലേയെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ആഭ്യന്തര മന്ത്രി അമിത് ഷായുടെ ചോദ്യം. തൃപ്പൂണിത്തുറയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റോഡ് ഷോക്കിടെ മാധ്യമാങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് കുറ്റകൃത്യങ്ങള്‍ നടന്നാല്‍ രാജ്യത്തെ ഏജന്‍സികള്‍ തന്നെയാണ് അന്വേഷിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനപ്രതി സര്‍ക്കാര്‍ ചെലവില്‍ യാത്ര നടത്തിയെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രതികള്‍ക്കായി ഫോണ്‍ ചെയ്‌തുവെന്നും കസ്റ്റംസിനുമേല്‍ സമ്മര്‍ദം ചെലുത്തിയെന്നും അമിത് ഷാ പറഞ്ഞു.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഒരു മരണമെന്ന ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറിക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടോയെന്ന് മുഖ്യമന്ത്രി പറയട്ടെ എന്നായിരുന്നു അമിത് ഷായുടെ മറുപടി.
കിഴക്കേ കോട്ട മുതല്‍ പൂര്‍ണത്രയീശ ക്ഷേത്ര ജംക്‌ഷന്‍ വരെയായിരുന്നു ആയിരക്കണക്കിന് ബിജെപി പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ അമിത് ഷായുടെ റോഡ് ഷോ. തൃപ്പൂണിത്തുറയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി കെ.എസ്.രാധാകൃഷ്ണനും അമിത്ഷായ്‌ക്കൊപ്പം ചേര്‍ന്നു.