മനെസർ- കോവിഡ് ലോക്ഡൗണ്‍ രാജ്യത്തെ തൊഴിലില്ലായ്മ കൂടുതൽ രൂക്ഷമാക്കിയെന്നത് ഇതിനകം തന്നെ വിദഗ്ധർ ചൂണ്ടിക്കാണിച്ചിട്ടുള്ള വസ്തുതയാണ്. ഇതിൽ ഏറ്റവും വലിയ ആഘാതമുണ്ടായ വിഭാഗം സ്ത്രീകളാണെന്ന് പുതിയ വിശകലനങ്ങൾ കാണിക്കുന്നു. മുംബൈ ആസ്ഥാനമായ സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമിയാണ് ഇക്കാര്യം കണക്കുകൾ നിരത്തി സ്ഥാപിക്കുന്നത്. കോവിഡിനും വളരെക്കാലം മുമ്പു മുതൽ തന്നെ തൊഴിലിടങ്ങളിൽ സ്ത്രീകളുടെ സാന്നിധ്യം കുറഞ്ഞു തുടങ്ങിയിരുന്നെന്നാണ് കണക്കുകൾ പറയുന്നത്. കോവിഡ് കാലം ഇതിന്റെ വേഗത വർധിപ്പിക്കുകയും ചെയ്തു.
2016ൽ നഗരങ്ങളിലെ തൊഴിലിടങ്ങളിലെ സ്ത്രീപ്രാതിനിധ്യം 16.4 ശതമാനമായിരുന്നു. ഇത് 2018-20 കാലമായപ്പോഴേക്ക് 11 ശതമാനമായി താഴ്ന്നു. മഹാമാരി വന്നതോടെ ഇത് വീണ്ടും ഇടിഞ്ഞ് 9 ശതമാനത്തിലേക്ക് വീണു. ലോക്ഡൗണ്‍ പ്രഖ്യാപിച്ചയുടനെ, ഏപ്രിൽ മാസത്തിൽ മാത്രം 13.9 ശതമാനം തൊഴിൽനഷ്ടമാണ് സ്ത്രീ തൊഴിലാളികൾക്ക് സംഭവിച്ചത്. 2020 നവംബർ മാസത്തോടെ സംഭവിച്ച മൊത്തം തൊഴിൽ നഷ്ടങ്ങളിൽ 49 ശതമാനവും സ്ത്രീ തൊഴിലാളികളുടേതായിരുന്നെന്ന് സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമി പറയുന്നു.
സ്ത്രീ തൊഴിലാളികളുടെ സ്ഥിതിയെക്കുറിച്ച് സൂക്ഷ്മമായ വിവരങ്ങളറിയാൻ ഇപ്പോഴും പരിമിതികളുണ്ട്. ഇതിൽ വ്യക്തമായ കണക്കുകൾ ഔദ്യോഗികതലത്തിൽ ലഭ്യമല്ല.