രാജസ്ഥാനിൽ വസുന്ധര രാജെ സിന്ധ്യയുടെ നേതൃത്തിലുള്ള ബിജെപി സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം മുസ്ലിംകളെ ലക്ഷ്യമിട്ടുള്ള ഹിന്ദുത്വ തീവ്രവാദികളുടെ ആക്രമണത്തിൽ വൻ വർധനയാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ഒമ്പത് മാസത്തിനിടെ നാല് മുസ്ലിംകളെ വർഗീയ ഭ്രാന്ത് തലയ്ക്കു പിടിച്ച ക്രൂരന്മാർ പട്ടാപ്പകൽ വെട്ടിയും കുത്തിയും തീവെച്ചും കൊലപ്പെടുത്തിയിരിക്കുന്നു. പെഹ്‌ലു ഖാൻ എന്ന ക്ഷീര കർഷനിൽ തുടങ്ങി മുഹമ്മദ് അഫ്രാസുൽ എന്ന ദിവസക്കൂലി തൊഴിലാളിയിലെത്തി നിൽക്കുന്നു ഈ കൊലപാതക പരമ്പര.
പെഹ്‌ലു ഖാൻ
2016 ഏപ്രിൽ 1ന് പെഹ്‌ലു ഖാനെ സംഘപരിവാർ ബന്ധമുള്ള ഇരുനൂറോളം ഗോരക്ഷാ ഗുണ്ടകൾ വാഹനം തടഞ്ഞ് വലിച്ചിറക്കി മർദ്ദിച്ചു കൊലപ്പെടുത്തി. എല്ലാവിധ പെർമിറ്റുകളും സഹിതം ജയ്പൂരിൽ നിന്നും പശുക്കളെ വാഹനത്തിൽ സ്വദേശമായ ഹരിയാനയിലെ നൂഹിലേക്ക് കൊണ്ടു വരുന്നതിനിടെയാണ് സംഭവം. രാജസ്ഥാനിലെ ആൽവറിൽ റോഡിലിട്ടാണ് 55കാരനായ ഖാനെ കൊന്നത്. ഈ കേസിൽ പിടിയിലായ ആറ് ഹിന്ദുത്വ സംഘടനാ പ്രവർത്തകരെ പോലീസ് വെറുതെ വിടുകയും അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തിരുന്നു. കുടുംബം ഇപ്പോഴും നിയമ പോരാട്ടത്തിന്റെ വഴിയിലാണ്.
സഫർ ഹുസൈൻ
2016 ജൂൺ 16ന് സഫർ ഹുസൈൻ എന്ന സാമൂഹ്യ പ്രവർത്തകനെ ആൾക്കൂട്ടം കൊലപ്പെടുത്തി. പ്രതാപ്ഗഢിലാണ് സംഭവം. സ്വച്ഛ ഭാരത പദ്ധതിയിലെ ക്രമക്കേട് ചോദ്യം ചെയ്തതിനാണ് സ്വച്ഛ ഭാരത പദ്ധതി ജീവനക്കാർ ചേർന്ന് ഹുസൈനെ മർദ്ദിച്ചു കൊന്നത്. മുനിസിപാലിറ്റി അധ്യക്ഷൻ അശോക് ജെയിൻ നോക്കി നിൽക്കെയാണ് ഈ കൊലപാതകം.
ഉമർ മുഹമ്മദ്
2016 നവംബർ 10ന് ഉമർ മുഹമ്മദ് എന്ന 35 കാരനെ ഗോരക്ഷാ ഗുണ്ടകൾ ഭരത്പൂരിൽ വച്ച് വെടിവച്ചു കൊന്നു. വളർത്തു പശുക്കളെ വാങ്ങി വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് ക്ഷീര കർഷകനാണ് ഉമറും തീവ്രഹിന്ദുത്വ വാദികളുടെ ആക്രമണത്തിനിരയായത്. രാംഗഡ് റെയിൽവെ സ്‌റ്റേഷനു സമീപം ട്രാക്കിൽ നിന്നാണ് പോലീസ് ഉമറിന്റെ മൃതദേഹം കണ്ടെടുത്തത്.
മുഹമ്മദ് ബാഷ ശൈഖ്
2016 ഡിസംബർ 6 ബാബരി മസ്ജിദ് തകർക്കപ്പെട്ടതിന്റെ 25ാം വാർഷിക ദിനത്തിലാണ് മുഹമ്മദ് ബാഷ ശൈഖ് എന്ന പശ്ചിമ ബംഗാളുകാരനെ രാജസമന്ദിൽ അതിക്രൂരമായി കൊലചെയ്യപ്പെട്ടത്. മുഹമ്മദ് ബാഷ ശൈഖ്‌ന്റെ ദീന രോദനം ചെവികൊള്ളാതെ മഴു ഉപയോഗിച്ച് വെട്ടി കൊല്ലപ്പെടുത്തിയ ശേഷം മൃതദേഹത്തെ തീവച്ചു നശിപ്പിക്കുകയും ചെയ്തു. ഇയാൾക്കു വേണ്ടിയുള്ള തിരച്ചിലിലാണ് പോലീസ്. കൊന്ന് കത്തിച്ച ശേഷം മുസ്ലിംകൾക്കു ഈ ഗതിവരുമെന്ന മുന്നറിയിപ്പും ശംഭുലാൽ എന്ന ഭീകരൻ നൽകുന്നുണ്ട്. ഈ രംഗങ്ങൾ വീഡിയോയിൽ പകർത്തി പ്രചരിപ്പിച്ച മനസ്സ് ഐ എസ് തീവ്രവാദികൾക്കു സമാനമാണ്.
ഈ പട്ടിക ഇനിയും നീണ്ടേക്കാം എന്നാണ് മുൻ കേസുകളിലെല്ലാം ബിജെപി സർക്കാർ സ്വീകരിച്ച നിലപാടിൽ നിന്ന് ലഭിക്കുന്ന സൂചന. മുസ്ലിംകളെയും ദളിതരേയും മാത്രം ലക്ഷ്യമിട്ട് അരങ്ങേറുന്ന ഇത്തരം ആക്രമണങ്ങളോടുള്ള പോലീസിന്റെ സമീപനം പലപ്പോഴും കുറ്റക്കാർക്ക് അനുകൂലമായാണ്.