Sorry, you need to enable JavaScript to visit this website.

കണ്ണൂരിൽ വിധി നിർണയിക്കുക പുതിയ വോട്ടർമാർ


ചുവപ്പിന്റെ കോട്ട എന്നു വിശേഷിപ്പിക്കപ്പെടുന്ന കണ്ണൂർ ജില്ലയിൽ സിപി.എമ്മിന് അപ്രാപ്യമായിരുന്ന മണ്ഡലമായിരുന്നു ജില്ലാ ആസ്ഥാനം സ്ഥിതിചെയ്യുന്ന കണ്ണൂർ നിയമസഭാ മണ്ഡലം. ഇടതു മുന്നണിക്കു വേണ്ടി ഈ മണ്ഡലം കഴിഞ്ഞ തവണ കരസ്ഥമാക്കിയത് സാക്ഷാൽ ഇ.കെ.നായനാരെപ്പോലും തെരഞ്ഞെടുപ്പിൽ അടിയറവു പറയിപ്പിച്ച രാമചന്ദ്രൻ കടന്നപ്പള്ളിയാണ്.  
ആർ.ശങ്കർ മുതലുള്ള നിരവധി മഹാരഥന്മാർ വിജയിച്ച മണ്ണാണിത്. 2009 ലെ മണ്ഡലം പുനർ നിർണയത്തിൽ ഘടനയിൽ വലിയ വ്യത്യാസങ്ങൾ സംഭവിച്ചുവെങ്കിലും അതിനു ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഇവിടെ യു.ഡി.എഫിനു തന്നെയായിരുന്നു വിജയം. കേരള രാഷ്ട്രീയത്തിലെ 'അദ്ഭുതക്കുട്ടി' എന്നു വിശേഷിപ്പിക്കപ്പെടുന്ന എ.പി.അബ്ദുല്ലക്കുട്ടി, രാഷ്ട്രീയ പാരമ്പര്യമേറെയുള്ള രാമചന്ദ്രൻ കടന്നപ്പള്ളിയെ തോൽപ്പിച്ചാണ് അന്ന് കണ്ണൂർ പിടിച്ചത്. ഇതിനു ശേഷം നിരവധി രാഷ്ട്രീയ മാറ്റങ്ങൾ കണ്ണൂരിലുണ്ടായി. 
സംസ്ഥാനത്തെ ആറാമത് കോർപ്പറേഷൻ രൂപം കൊള്ളുകയും അവിടെ രാഷ്ട്രീയ അട്ടിമറിയിലൂടെ ഇടതു മുന്നണി ഭരണം കൈയ്യാളുകയും ചെയ്യുന്ന അവസ്ഥയുണ്ടായി. കോൺഗ്രസിലെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായ കെ.സുധാകരനെതിരെ പരസ്യ നിലപാടുകളുമായി കോൺഗ്രസ് വിമതർ എത്തിയപ്പോഴാണ് ഈ സാഹചര്യം ഉണ്ടായത്. തുടർന്നു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് കടന്നപ്പള്ളി അട്ടിമറി വിജയം നേടിയത്. 


പുനഃസംഘടനയോടെ കണ്ണൂർ നിയമസഭാ മണ്ഡലത്തിന്റെ ഘടനയിൽ അടിമുടി മാറ്റങ്ങളാണുണ്ടായത്. നേരത്തെ കണ്ണൂർ നഗരസഭയും എളയാവൂർ, എടക്കാട്, മുണ്ടേരി, ചേലോറ എന്നീ പഞ്ചായത്തുകളും ചേർന്നതായിരുന്നു കണ്ണൂർ നിയമ സഭാ മണ്ഡലം. 
കണ്ണൂർ കോർപ്പറേഷൻ വന്നതോടെ എളയാവൂർ, എടക്കാട്, ചേലോറ പഞ്ചായത്തുകൾ കണ്ണൂർ കോർപ്പറേഷനിൽ ലയിച്ചു. ഇപ്പോൾ കണ്ണൂർ കോർപ്പറേഷനും മുണ്ടേരി പഞ്ചായത്തും ചേർന്നതാണ് കണ്ണൂർ നിയമസഭാ മണ്ഡലം. 


2011 ലെ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി എ.പി.അബ്ദുല്ലക്കുട്ടി, ഇടതു സ്ഥാനാർഥി രാമചന്ദ്രൻ കടന്നപ്പള്ളിയെ 6443 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. അതിനു രണ്ടു വർഷം മുമ്പ് കെ.സുധാകരൻ ലോക്‌സഭാ സ്ഥാനാർഥിയാവുന്നതിനായി മണ്ഡലം ഒഴിഞ്ഞപ്പോൾ നടന്ന ഉപതെരഞ്ഞെടുപ്പിലും അബ്ദുല്ലക്കുട്ടി തന്നെയായിരുന്നു സ്ഥാനാർഥി. അന്ന് സി.പി.എമ്മിലെ എം.വി.ജയരാജനെയാണ് അബ്ദുല്ലക്കുട്ടി വലിയ മാർജിനിൽ പരാജയപ്പെടുത്തിയത്. 2016 ലെ തെരഞ്ഞെടുപ്പിൽ, 1196 വോട്ടുകൾക്കാണ് കടന്നപ്പള്ളി, സതീശൻ പാച്ചേനിയെ പരാജയപ്പെടുത്തിയത്. 


നിലവിലെ എം.എൽ.എ രാമചന്ദ്രൻ കടന്നപ്പള്ളിയും പഴയ പ്രതിയോഗി സതീശൻ പാച്ചേനിയുമാണ് മത്സര രംഗത്ത്. ബി.ജെ.പിയുടെ അർച്ചന വണ്ടിച്ചാലും രംഗത്തുണ്ട്.  
കണ്ണൂർ മണ്ഡലത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ നടത്തിയ വികസന പ്രവർത്തനങ്ങളെ മുൻ നിർത്തിയാണ് കടന്നപ്പള്ളി ജനങ്ങളെ സമീപിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിലും നിർമ്മാണ മേഖലയിലും അടക്കം കോടികളുടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ ജനപ്രതിനിധിക്കു സാധിച്ചു. ജാതി മത, ഗ്രൂപ്പ് സമവാക്യങ്ങൾ കണ്ണൂർ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥിയുടെ വിജയത്തിനു എക്കാലവും പ്രധാന ഘടകമായിട്ടുണ്ട്. കോൺഗ്രസിലെ ഗ്രൂപ്പ് പ്രശ്‌നങ്ങൾ ഒരു പരിധി വരെ ഇല്ലാതായെങ്കിലും ഐക്യമുന്നണിയിൽ ചില പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതിനെ അതിജീവിക്കാൻ കഴിയണം. യു.ഡി.എഫ് അനുകൂല മണ്ഡലമെന്നറിയപ്പെടുന്ന കണ്ണൂരിൽ, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം ഉണ്ടായ മാറ്റം യു.ഡി.എഫിനു അനുകൂലമാണ്.

 

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കെ.സുധാകരൻ കണ്ണൂർ മണ്ഡലത്തിൽ 23,000 ലേറെ വോട്ടുകളുടെ ഭൂരിപക്ഷം നേടി. ഇടതു തരംഗം ആഞ്ഞടിച്ച തദ്ദേശ തെരഞ്ഞെടുപ്പിലും യു.ഡി.എഫിനു തന്നെയാണ് ഭൂരിപക്ഷം. മാത്രമല്ല, വ്യക്തമായ മാർജിനോടെ കോർപ്പറേഷനിൽ അധികാരത്തിലെത്താനും സാധിച്ചു. കോൺഗ്രസും ലീഗും തമ്മിലുണ്ടായിരുന്ന അസ്വാരസ്യങ്ങളും, കോൺഗ്രസിനകത്തെ പടലപ്പിണക്കങ്ങളും ഒരു പരിധി വരെ പരിഹരിക്കാനായതും യു.ഡി.എഫിനു ആശ്വാസമാണ്. പുതിയ വോട്ടർമാരുടെ എണ്ണത്തിലും ഈ കാലയളവിൽ വലിയ വർദ്ധനവുണ്ടായിട്ടുണ്ട്. അതു കൊണ്ടു തന്നെ പുതിയ വോട്ടർമാരുടെ നിലപാടുകളും മണ്ഡലത്തിലെ വിധി നിർണയത്തിൽ നിർണായകമാവുമെന്ന് ഉറപ്പാണ്. ബി.ജെ.പി ഇത്തവണ അർച്ചന വണ്ടിച്ചാൽ എന്ന യുവ നേതാവിനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ  കണ്ണൂരിൽ ഒരു സ്ഥാനാർഥിക്കും  ഈസി വാക്കോവർ ആയിരിക്കില്ല. 


 

Latest News