ചെന്നൈ- വിവാദ ജഡ്ജി സി.എസ്. കര്‍ണന് ജാമ്യം. മദ്രാസ് ഹൈക്കോടതിയാണ് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. സഹജഡ്ജിമാര്‍ക്കും സ്ത്രീകള്‍ക്കുമെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയതിന് കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് അദ്ദേഹം അറസ്റ്റിലായത്. മദ്രാസ്, കൊല്‍ക്കത്ത ഹൈക്കോടതികളിലായി പത്തോളം കേസുകളാണ് അദ്ദേഹത്തിനെതിരായുണ്ടായിരുന്നത്.
ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഇനി ഒരിക്കലും ഏര്‍പ്പെടുന്നില്ലെന്ന് എഴുതിക്കൊടുത്തതിനെത്തുടര്‍ന്നാണ് ജസ്റ്റിസ് വി. ഭാരതിദര്‍ശന്‍, കര്‍ണന് ജാമ്യം അനുവദിച്ചത്. അരലക്ഷം രൂപ വീതമുള്ള രണ്ടാള്‍ ജാമ്യത്തിലാണ് മോചനം. തെളിവുകള്‍ നശിപ്പിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ നിബന്ധനകളുമുണ്ട്. വിളിക്കുമ്പോഴെല്ലാം അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണം. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കുമെന്നും മുന്നറിയിപ്പുണ്ട്.