ജയ്പുർ -പശ്ചിമ ബംഗാൾ സ്വദേശിയായ ഒരു മുസ്ലിം തൊഴിലാളിയെ ബിജെപി ഭരിക്കുന്ന രാജസ്ഥാനിൽ തെരുവിലിട്ട് ഭീകരമായി വെട്ടിക്കൊലപ്പെടുത്തിയ ശേഷം തീയിടുന്ന വീഡിയോ വൈറലായി. പട്ടാപ്പകൽ തെരുവിൽ നടന്ന സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണമാരംഭിച്ചു. കൊലയാളിയെ പിടികൂടാനുള്ള തിരച്ചിലിലാണ് പോലീസ്. രാജസ്ഥാനിലെ രാജ്‌സമന്ദ് ജില്ലയിൽ ബുധനാഴ്ചയാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകം നടന്നത്. കൊല്ലപ്പെട്ടത് ബംഗാളിലെ മാൾഡ സ്വദേശിയായ 48കാരൻ മുഹമ്മദ് ബാഷ ശൈഖ് ആണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. രാജ്‌സമന്ദ് സ്വദേശിയായ ശംഭുലാൽ റെഗാർ ആണ് വീഡിയോയിൽ കാണുന്ന കൊലയാളിയെന്ന് തിരിച്ചറിഞ്ഞതായി ജില്ലാ പോലീസ് മേധാവി മനോജ് കുമാർ അറിയിച്ചു. ഇയാൾക്കു വേണ്ടിയുള്ള തിരച്ചിലിലാണ് പോലീസ്.
ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് പാതി കത്തിക്കരിഞ്ഞ മുഹമ്മദ് ബാഷ ശൈഖ്
ന്റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയായിരുന്നെന്നും രാജ്‌നഗർ പൊലീസ് സ്‌റ്റേഷൻ ഓഫീസർ രാംസുമേർ മീണ പറഞ്ഞു. കൊലപാതകത്തിന് തൊട്ടുമുമ്പാണ് വിദ്വേഷപരമായ പ്രസ്താവനകൾ അടങ്ങിയ വീഡിയോ ശംഭുലാൽ പകർത്തിയതെന്നും പ്രദേശത്തെ ഒരു ക്ഷേത്രത്തിനു സമീപത്താണ് കൊലപാതകം നടന്നതെന്നും പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
മുഹമ്മദ് ബാഷ ശൈഖ്‌ന്റെ ബൈക്കും സംഭവ സ്ഥലത്തു നിന്ന് പോലീസ് കണ്ടെടുത്തു. സംഘർഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് പോലീസ് ശക്തമായ സുരക്ഷാ സന്നാഹങ്ങളൊരുക്കിയിട്ടുണ്ട്. തൊഴിലാളിയായ മുഹമ്മദ് ബാഷ ശൈഖ് കുടുംബ സമേതം രാജ്‌സമന്ദിലാണ് താമസിക്കുന്നതെന്നും കൊലപാതകത്തിനു പിന്നിലെ കാരണം വ്യക്തമായിട്ടില്ലെന്നും പോലീസ് പറഞ്ഞു.
സംഘപരിവാർ മുസ്ലിംകൾക്കെതിര ആരോപിക്കുന്ന ലവ് ജിഹാദിനെതിരെ ശക്തമായ മുന്നറിയിപ്പാണ് വീഡിയോയിൽ കൊലയാളിയായ ശംഭുലാൽ നൽകുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. കൊലപാതകത്തിന്റെ വീഡിയോ പ്രചരിക്കുന്നത് തടയാൻ രാജ്‌സമന്ദിൽ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. കൊലയാളിയെ ഉടൻ പിടികൂടുമെന്ന് ആഭ്യന്തര മന്ത്രി ഗുലാബ് ചന്ജ് കട്ടാരിയ പറഞ്ഞു.