Sorry, you need to enable JavaScript to visit this website.

ട്രാഫിക് പരിശോധനക്കിടെ എഞ്ചിനീയർ മരിച്ചു; ആള്‍ക്കൂട്ടം പോലീസുകാരനെ നിഷ്കരുണം മർദിച്ചു -video

മൈസുരു- ട്രാഫിക് പരിശോധനക്കിടെ ഉണ്ടായ ബൈക്കപടത്തില്‍ എഞ്ചിനീയർ മരിച്ചതിനെ തുടർന്ന് പ്രകോപിതനായ ജനക്കൂട്ടം ട്രാഫിക് പോലീസുകാരനെ മർദിച്ചു. കർണാടകയിലെ മൈസൂരുവിലുണ്ടായ സംഭവത്തിന്‍റെ വീഡിയോ ഇന്റർനെറ്റിൽ പ്രചരിച്ചു. ബൈക്കിൽ അമിതവേഗതയിലെത്തിയ  47 കാരനായ സിവിൽ എഞ്ചിനീയറെ വാഹനങ്ങൾ പരിശോധിക്കുന്ന പോലീസുകാർ തടയാൻ ശ്രമിച്ചതാണ് അപകടത്തില്‍ കലാശിച്ചത്. ചെക്ക് പോയിന്റിലെ പോലീസുകാരെ ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടയിൽ റോഡിന്‍റെ ഇടത് വശത്തേക്ക് പോയി ബൈക്കില്‍നിന്ന് തെറിച്ചുവീഴുകയായിരുന്നു.  സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

സംഭവത്തില്‍ ക്ഷുഭിതരായ  ജനക്കൂട്ടം പോലീസ് വാഹനത്തിന് കേടുപാടുകൾ വരുത്തുകയും ട്രാഫിക് പോലീസുകാരനെ നിഷ്കരുണം മർദ്ദിക്കുകയുമായിരുന്നു. രണ്ട് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരും ഒരു ഡ്രൈവറും ഉൾപ്പെടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ ജനക്കൂട്ടം ആക്രമിച്ചതായി റിപ്പോർട്ടില്‍ പറയുന്നു.

പോലീസുകാരെ മർദിച്ച സംഭവത്തില്‍ മൂന്ന് കേസുകള്‍ രജിസ്റ്റർ ചെയ്തതായി  മൈസൂരു സിറ്റി പോലീസ് സ്റ്റേഷനിലെ  ഉദ്യോഗസ്ഥൻ പറഞ്ഞു.

ജനക്കൂട്ടം ട്രാഫിക് പോലീസുകാരനെ പൊതിരെ തല്ലുന്നത് വൈറലായ വിഡിയോയിലുണ്ട്.  അവസാനം പോലീസുകാർ  വാഹനത്തിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു.

സ്ഥലത്തെത്തിയ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പ്രകാശ് ഗൌഡയാണ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടതി.  ജനക്കൂട്ടത്തിന്‍റെ മർദനത്തില്‍ പരിക്കേറ്റ പോലീസുകാരനെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ആരോഗ്യനില ഭദ്രമാണെന്നും അദ്ദേഹം പറഞ്ഞു.

Latest News