വരാണസി- ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ എംഎ പൊളിറ്റിക്കല്‍ സയന്‍സ് പരീക്ഷയ്ക്കായി ആര്‍എസ്എസ് പ്രവര്‍ത്തകനായ പ്രൊഫസര്‍ തയാറാക്കിയ ചോദ്യപ്പേപ്പര്‍ വിവാദമായി. പുരാണകൃതിയായ കൗടില്യയുടെ അര്‍ത്ഥശാസ്ത്രയില്‍ വിവരിക്കുന്ന ജിഎസ്ടി മാതൃകയെ കുറിച്ച് ഉപന്യസിക്കുക, ആഗോളീകരണത്തെ കുറിച്ച് പറഞ്ഞ ആദ്യ ഇന്ത്യന്‍ ചിന്തകനാണ് മനു-വിവരിക്കുക, എന്നീ രണ്ട് ചോദ്യങ്ങളെ ചൊല്ലിയാണ് വിവാദം. ഇവ രണ്ടും തങ്ങളുടെ കോഴ്സിന്റെ ഭാഗമല്ലെന്നു ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. ഈ ചോദ്യങ്ങള്‍ പരീക്ഷയ്ക്കുണ്ടാകുമെന്ന് ചോദ്യ പേപ്പര്‍ തയാറാക്കിയ പൊളിറ്റിക്കല്‍ സയന്‍സ് വകുപ്പിലെ പ്രൊഫസര്‍ കൗശല്‍ കിശോര്‍ മിശ്ര സര്‍വകലാശാലയിലെ വിദ്യാര്‍ഥികളോട് പറഞ്ഞിരുന്നെന്ന് ഒരു വിദ്യാര്‍ഥി പറയുന്നു. അതേസമയം സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്ത കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ ഇതു സിലബസിനു പുറത്തു നിന്നുള്ളതാണെന്നും തങ്ങളെ പഠിപ്പിച്ചിട്ടില്ലെന്നും വ്യക്തമാക്കി രംഗത്തെത്തി.
സിലബസിന്റെ ഭാഗമല്ലെങ്കിലും ഈ രണ്ടു വിഷയങ്ങളും പ്രൊഫസര്‍ മിശ്ര ക്ലാസില്‍ ചര്‍ച്ച ചെയ്തിരുന്നെന്നും തങ്ങള്‍ നോട്ടുകള്‍ തയാറാക്കിയിരുന്നെന്നും ക്യാമ്പസിലെ വിദ്യാര്‍ത്ഥികള്‍ പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ ഏതാനും മാസങ്ങള്‍ക്കു മുമ്പ് രാജ്യത്തൊട്ടാകെ നടപ്പിലാക്കിയ ഏകീകൃത നികുതി സമ്പ്രദായമായ ജിഎസ്ടിയെ കുറിച്ച് ആദ്യമായി സൂചന നല്‍കിയ ഇന്ത്യന്‍ രചന കൗടില്യയുടെ അര്‍ത്ഥശാസ്ത്രയാണെന്ന് പ്രൊഫസര്‍ മിശ്ര പറയുന്നു. അക്കാലത്തെ വിവിധ നികുതി നിരക്കുകളെ കുറിച്ചും കൗടില്യ വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
ലോകത്ത് ആദ്യമായി ആഗോളീകരണം എന്ന ആശയം അവതരിപ്പിച്ച ചിന്തകന്‍ മനു ആണെന്നും പ്രൊഫസര്‍ മിശ്ര വിദ്യാര്‍ത്ഥികളോട് പറഞ്ഞിട്ടുണ്ട്. ലോകപ്രശസ്ത പാശ്ചാത്യ ചിന്തകന്‍ നീഷെ മനുവിന്റെ സാമ്പത്തിക, രാഷ്ട്രീയ, മത തത്വങ്ങളെ പ്രശംസിച്ചിട്ടുണ്ടെന്നും പ്രൊഫസര്‍ മിശ്ര പറയുന്നു. ചൈന, ഫിലിപ്പീന്‍സ്, ന്യൂസീലാന്‍ഡ് എന്നീ രാജ്യങ്ങളില്‍ മനുവിന്റെ ചിന്തകള്‍ക്ക് സ്വാധീനമുണ്ടെന്നും അദ്ദേഹം പറയുന്നു.
ബനാറസ് സര്‍വകലാശാലയില്‍ ഇന്ത്യന്‍ പൊളിറ്റിക്കല്‍ സിസ്റ്റം എന്ന വിഷയം പഠിപ്പിക്കുന്ന പ്രൊഫസര്‍ കൗശല്‍ കിശോര്‍ മിശ്ര താനൊരു ആര്‍എസ്എസുകാരനാണെന്ന് സമ്മതിച്ചിട്ടുണ്ട്. അതേസമയം തന്റെ വ്യക്തിപരമായ വിശ്വാസങ്ങള്‍ കുട്ടികളെ പഠിപ്പിക്കുന്നതുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഈ രണ്ടു ഉദാഹരണങ്ങളും കുട്ടികളെ പഠിപ്പിക്കുക എന്നത് എന്റെ ആശയമായിരുന്നു. ഇവ ടെക്സ്റ്റ് പുസ്തകത്തിലില്ല എന്നത് പ്രശ്നമല്ല. പഠിപ്പിക്കാന്‍ പുതിയ രീതികള്‍ അവലംബിക്കുക എന്നത് അധ്യാപകരുടെ ജോലിയല്ലെ?പ്രൊഫസര്‍ മിശ്ര പ്രതികരിച്ചു.