ബംഗളൂരു- സെക്‌സ് സിഡി പുറത്തുവന്നതിനെ തുടര്‍ന്ന് രാജിവെച്ച കര്‍ണാടക മന്ത്രി രമേശ് ജാര്‍കിഹോളിക്കെതിരെ കേസെടുക്കാത്തതില്‍ നിയമസഭയില്‍ പ്രതിപക്ഷ കോണ്‍ഗ്രസ് എം.എല്‍.എമാരുടെ പ്രതിഷേധം.
ജോലി വാഗ്ദാനം ചെയ്ത് ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തില്‍ ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷവും തമ്മിലുള്ള തര്‍ക്കം തുടരുകയാണ്. രമേശ് ജാര്‍ക്കിഹോളിക്കെതിരെ ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
ഇരയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രമേശ് ജാര്‍ക്കിഹോളിക്കെതിരെ ഐപിസി സെക്ഷന്‍ 376 പ്രകാരം കേസ് ഫയല്‍ ചെയ്യണമെന്നും അല്ലെങ്കില്‍ യുവതിയോട് നീതി പുലര്‍ത്താനാകില്ലെന്നും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പറഞ്ഞു.
തനിക്ക് ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി ജാര്‍ക്കിഹോളി തന്നോട് മോശമായി പെരുമാറിയെന്ന് മാര്‍ച്ച് 13 ന് പുറത്തിറക്കിയ വീഡിയോയില്‍ പെണ്‍കുട്ടി അവകാശപ്പെട്ടിരുന്നു. ഇത് ബലാത്സംഗത്തിന് തുല്യമാണ്. എന്തുകൊണ്ടാണ് രമേശ് ജാര്‍ക്കിഹോളിക്കെതിരെ പോലീസ് നടപടി സ്വീകരിക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു.
കേസ് അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ഗൂഢാലോചന മാത്രമാണ് അന്വേഷിക്കുന്നതെന്നും സിദ്ധരാമയ്യ ആരോപിച്ചു.
അന്വേഷണം ഏറ്റെടുക്കുന്നതിന് മുമ്പ് വീഡിയോയുടെ ആധികാരികത പോലീസിന് കണ്ടെത്തേണ്ടതുണ്ടെന്ന് ആരോപണങ്ങളോട് പ്രതികരിച്ച ആഭ്യന്തരമന്ത്രി ബാസവരാജ് ബൊമ്മെ പറഞ്ഞു. വീഡിയോയുടെ ആധികാരികത സ്ഥിരീകരിച്ചുകഴിഞ്ഞാല്‍ പോലീസ് ബലാത്സംഗ കേസ് ഫയല്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഇര ഇപ്പോഴും ഒളിവിലാണെന്നും അവരുടേയും കുടുംബത്തിന്റേയും വാദങ്ങളില്‍ വൈരുധ്യമുണ്ടെന്നും മന്ത്രി പറഞ്ഞു. ഗോവ, ദല്‍ഹി, ഭോപ്പാല്‍, ബെലഗാവി എന്നിവയുള്‍പ്പെടെ ആറ് സ്ഥലങ്ങള്‍ എസ്‌ഐടി ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഇര അന്വേഷണവുമായി സഹകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മറുപടി തൃപ്തികരമല്ലെന്ന് പറഞ്ഞ സിദ്ധരാമയ്യ, ആറ് മന്ത്രിമാര്‍ ഭീതിയെ തുടര്‍ന്ന് അന്വേഷണത്തിനും അറസ്റ്റിനുമെതിരെ ഇന്‍ജങ്ഷന്‍ ഉത്തരവ് നേടിയിരിക്കയാണെന്നും സംഭവം സിറ്റിംഗ് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.
മന്തിമാരുടെ ഭീതിയും മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുതെന്ന ഹരജിയും മന്ത്രിമാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം തകര്‍ത്തിരിക്കയാണെന്ന് കോണ്‍ഗ്രസ് നേതാക്കളായ ഡി.കെ.ശിവകുമാര്‍, എച്ച്.കെ.പാട്ടീല്‍, കെ.ആര്‍. രമേശ് കുമാര്‍ എന്നിവര്‍ പറഞ്ഞു.
ഗൂഢാലോചന നടക്കുന്നതിനാലാണ് മന്ത്രിമാര്‍ കോടതിയെ സമീപിച്ചതെന്നും ഇത്തരം ഗൂഢാലോചനകളില്‍നിന്ന് സ്വയം പരിരക്ഷ നേടന്‍ നിയമം അനുവദിക്കുന്നുണ്ടെന്നും ആഭ്യന്തര മന്ത്രി ബൊമ്മെ പറഞ്ഞു.
ബി.സി പാട്ടീല്‍, ശിവറാം ഹെബ്ബര്‍, എസ്.ടി സോമശേഖര്‍, കെ.സുധാകര്‍, നാരായണ്‍ ഗൗഡ, ബൈരതി ബസവരാജ് എന്നിവരാണ് ഹൈക്കോടതയില്‍നിന്ന് ഉത്തരവ് നേടിയ മന്ത്രിമാര്‍.