Sorry, you need to enable JavaScript to visit this website.

ഗ്രൂപ്പ് ജേതാക്കളായി ബാഴ്‌സ നോക്കൗട്ട് റൗണ്ടിൽ

ബാഴ്‌സലോണ- ചാംപ്യൻസ് ലീഗ് പോരാട്ടത്തിൽ അപരാജിത കുതിപ്പ് തുടരുന്ന ബാഴ്‌സലോണ ഗ്രൂപ്പ് ജേതാക്കളായി രണ്ടാം ഘട്ടത്തിലേക്ക് കടന്നു. സ്‌പോർട്ടിംഗ് ലിസ്ബണിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്താണ് ബാഴ്‌സ പ്രീ ക്വാർട്ടർ പ്രവേശനം സാധ്യമാക്കിയത്. അറുപത്തിഒന്നു മിനിറ്റ് വരെ സൂപ്പർ താരം ലിയണൽ  മെസിയുടെ സേവനം ബാഴ്‌സക്ക് ലഭിച്ചിരുന്നില്ല. ആദ്യപകുതിയിൽ ഗോളുകളൊന്നും പിറന്നിരുന്നില്ല. അൻപത്തിയൊൻപതാമത്തെ മിനിറ്റിൽ പാകോ അൽകാസറിന്റെ ഹെഡറിലൂടെയാണ് ബാഴ്‌സ മുന്നിലെത്തിയത്. ഗോൾ നേടി രണ്ടു മിനിറ്റിന് ശേഷം അലക്‌സി വിദാലിന്റെ പകരക്കാരനായി മെസി കളത്തിൽ ഇറങ്ങി. കളി തീരാൻ മിനിറ്റുകൾ ബാക്കി നിൽക്കെ ബാഴ്‌സ മുൻ താരം ജെറമി മാത്യുവിന്റെ സെൽഫ് ഗോളാണ് ബാഴ്‌സക്ക് രണ്ടാം ഗോൾ സമ്മാനിച്ചത്.
ജയത്തോടെ 14 പോയന്റുള്ള ബാഴ്‌സലോണ ഗ്രൂപ്പ് ഡി യിൽ ഒന്നാമതായി ഫിനിഷ് ചെയ്തപ്പോൾ 11 പോയന്റുള്ള യുവന്റസ് രണ്ടാമതായി നോക്കൗട്ട് യോഗ്യത ഉറപ്പിച്ചു. 
ഒളിംപിയാകോസിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് യുവന്റസ് നോക്കൗട്ട് റൗണ്ട് ഉറപ്പിച്ചത്. ഗ്രൂപ്പ് ഡിയിൽ നേരത്തെ തന്നെ ബാഴ്‌സ ഒന്നാം സ്ഥാനം ഉറപ്പിച്ചിരുന്നു. മെസി, ബുസ്‌കെറ്റ്‌സ്, ഇനിയെസ്റ്റ എന്നിവർക്ക് പകരം പാക്കോ അൽകാസർ, അലക്‌സി വിദാൽ, ആന്ദ്രെ ഗോമസ് എന്നിവരും ഗോൾ കീപ്പർ ടെർ സ്റ്റീഗന് പകരം സില്ലേസനും ബാഴ്‌സ ടീമിൽ ഇടം നേടി. ഇതടക്കം എട്ടു മാറ്റങ്ങളാണ് ബാഴ്‌സ ടീമിൽ വരുത്തിയത്. ഇക്കഴിഞ്ഞ ശനിയാഴ്ച സെൽറ്റ വിഗോക്കെതിരെ 2-2 ന്റെ സമനില ബാഴ്‌സ വഴങ്ങിയിരുന്നു. 

ചെൽസിയുമായി സമനില വഴങ്ങി; അത്‌ലറ്റികോ പുറത്ത്

ലണ്ടൻ- ചാംപ്യൻസ് ലീഗ് ഫുട്‌ബോളിൽ ചെൽസിക്കെതിരെ സമനില വഴങ്ങിയ അത്‌ലറ്റികോ മഡ്രീഡ് പുറത്ത്. ഗ്രൂപ്പ് സ്റ്റേജിൽ ചെൽസിക്കെതിരായ അവസാന മത്സരത്തിൽ 1-1 സമനില വഴങ്ങിയതാണ് അത്‌ലറ്റികോക്ക് വിനയായത്. ഗ്രൂപ്പ് സി യിൽ റോമ ഒന്നാം സ്ഥാനത്തും ചെൽസി രണ്ടാം സ്ഥാനത്തുമാണ്. ചെൽസിക്കും റോമക്കും പതിനൊന്ന് വീതം പോയന്റാണ് ലഭിച്ചത്. എന്നാൽ ചെൽസിക്കെതിരെ ഒരു മത്സരത്തിൽ ജയിക്കാൻ റോമക്ക് സാധിച്ചതാണ് റോമയെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. അവസാന മത്സരത്തിൽ ജയിച്ചാൽ അത്‌ലറ്റികോക്ക് രണ്ടാം റൗണ്ട് പ്രവേശനം സാധ്യമായിരുന്നു. 
തുടക്കം മുതൽ ആക്രമിച്ചു കളിച്ച ചെൽസിയോട് ജയം അനിവാര്യമായ അത്‌ലറ്റികോ കാര്യമായി തുടക്കത്തിൽ പ്രതികരിച്ചില്ല. ആദ്യ പകുതിയിൽ ഗോളിലേക്ക് ഒരു ഷോട്ട് പോലും അത്‌ലറ്റികോ ഉതിർത്തില്ല. 
രണ്ടാം പകുതിയുടെ  അൻപത്തിയാറാമത്തെ മിനിറ്റിലാണ് അത്‌ലറ്റികോ ഗോൾ നേടിയത്. കോർണറിൽ നിന്നായിരുന്നു ഗോൾ പിറന്നത്. ടോറസ് നൽകിയ പാസ് സൗൾ നിഗസ് ഗോളാക്കി. ഹെഡറിലൂടെയായിരുന്നു സന്ദർശകരുടെ ഗോൾ. ഒരു ഗോളിന് പിന്നിലായതോടെ ചെൽസി ഉണർന്നു. ഗോൾ വഴങ്ങിയതോടെ കോണ്ടേ പെഡ്രോ, വില്ലിയൻ എന്നിവർ കളത്തിലെത്തി.  എഴുപത്തിയഞ്ചാമത്തെ മിനിറ്റിലായിരുന്നു ചെൽസിയുടെ മറുപടി ഗോൾ. സെൽഫ് ഗോളിലൂടെയായിരുന്നു ഗോളിന്റെ പിറവി. ഈഡൻ ഹസാർഡിന്റെ ഷോട്ട് സ്‌റ്റെഫാൻ സാവിച്ചിന്റെ സെൽഫ് ഗോളാവുകയായിരുന്നു. 
ഏതാനും മാറ്റങ്ങളുമായാണ് അത്‌ലറ്റിക്കോക്കെതിരെ ചെൽസി കളത്തിലെത്തിയത്. റൂഡിഗറിന് പകരം കാഹിലും, ആലോൻസോക്ക് പകരം സപകോസ്‌റ്റേയും ഡ്രിങ്ക് വാട്ടറിന് പകരം ബകയോകോയും ചെൽസി ആദ്യ ഇലവനിൽ ഇടം നേടി. അത്‌ലറ്റികോ നിരയിൽ മുൻ ചെൽസി താരങ്ങളായ ഫെർണാണ്ടോ ടോറസും ഫിലിപ്പേ ലൂയിസും തുടക്കം മുതൽ ഉണ്ടായിരുന്നു.
2009-10 സീസണ് ശേഷം ഇതാദ്യമായാണ് അത്‌ലറ്റികോ പ്രീ ക്വാർട്ടറിൽ പ്രവേശിക്കാതെ പുറത്താകുന്നത്. 2014, 2016 യൂറോപ്പ ലീഗിൽ രണ്ടാം സ്ഥാനക്കാരായിരുന്ന അത്‌ലറ്റികോയുടെ പുറത്താകൽ ഞെട്ടിക്കുന്നതായി. തോൽവി ഫുട്‌ബോളിന്റെ ഭാഗമാണ്. അത് വേദനിപ്പിക്കുന്നതാണ്. ഒഴിവുകഴിവ് പറയുന്നില്ല. ഉത്തരവാദിത്തം ഞങ്ങളേറ്റെടുക്കുന്നു. ഇത് പുതിയ വെല്ലുവിളിയാണ്. എല്ലാം മോശമായിരുന്നു. പുതിയ ഊർജം സംഭരിച്ച് തിരിച്ചുവരുമെന്നും അത്‌ലറ്റികോ പരിശീലകൻ സിമിയോണി പറഞ്ഞു. ഗ്രൂപ്പ് സിയിലെ മറ്റൊരു മത്സരത്തിൽ ഖരാബാഗ് അഗ്ദാമിനെ റോമ ഒരു ഗോളിന് തോൽപ്പിച്ചു. അൻപത്തിമൂന്നാമത്തെ മിനിറ്റിൽ ഡീഗോ പെറോട്ടിയാണ് ഗോൾ നേടിയത്. 
ചാംപ്യൻസ് ലീഗിന്റെ അവസാന റൗണ്ടിലെത്തിയ ഒരു ടീമിനെയും ഭയക്കുന്നില്ലെന്ന് ചെൽസി പരിശീലകൻ ആന്റോണിയോ കോണ്ടോ വ്യക്തമാക്കി. പ്രീ ക്വാർട്ടറിൽ ബാഴ്‌സലോണയോ പാരീസ് സെന്റ് ജർമെയ്‌നോ ആയിരിക്കും ചെൽസിയുടെ എതിരാളികൾ. ഇത് സംബന്ധിച്ചാണ് ചെൽസി പരിശീലകൻ അഭിപ്രായം വ്യക്തമാക്കിയത്. ഈ ടൂർണമെന്റിൽ കളിക്കുകയാണെങ്കിൽ മികച്ച ടീമുകളെ എതിരിടാൻ കൂടി തയ്യാറാകണമെന്ന് എല്ലാവർക്കും അറിയാമെന്ന് അദ്ദേഹം പറഞ്ഞു. ആരുമായും മത്സരിക്കാൻ ഞങ്ങൾക്ക് സന്തോഷമാണ്. അതേസമയം, ഞങ്ങളുടെ സന്തോഷം മറ്റു ടീമുകൾക്ക് ഉണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. അടുത്ത റൗണ്ടിലേക്ക് പ്രവേശിച്ചു. അതിൽ സന്തോഷമുണ്ട്. കിരീടം നേടുന്നത് വരെ പോരാട്ടം തുടരും. കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് ഇത്തവണ മത്സരം കടുത്തതാണ്. ഇംഗ്ലീഷ് ടീമുകളെല്ലാം കരുത്തരാണ്. ഫൈനലിൽ എത്താൻ അവരും യോഗ്യരാണ് -അദ്ദേഹം പറഞ്ഞു.  

പിറകിൽ പോയിട്ടും മാഞ്ചസ്റ്റർ യുനൈറ്റഡ് തിരിച്ചുവന്നു

ലണ്ടൻ- ഒരു ഗോളിന് പിറകിൽ പോയ ശേഷം മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ ശക്തമായ തിരിച്ചുവരവ്. ഓൾഡ് ട്രാഫോഡിൽ സി.എസ്.കെ.എ മോസ്‌കോക്കെതിരെ നടന്ന ചാംപ്യൻസ് ലീഗ് മത്സരത്തിലാണ് യുനൈറ്റഡ് തിരിച്ചുവരവ് നടത്തിയത്. നാൽപത്തിനാലാമത്തെ മിനിറ്റിൽ ഒരു ഗോളിന് പിറകിൽനിന്നാണ് യുനൈറ്റഡ് രണ്ടാം പകുതിയിൽ തിരിച്ചെത്തിയത്. രണ്ടു മിനിറ്റിനുള്ളിൽ രണ്ടു ഗോൾ തിരിച്ചടിച്ച് മാഞ്ചസ്റ്റർ യുനൈറ്റഡ് രണ്ടാം റൗണ്ടിലേക്ക് പ്രവേശിച്ചു. ഗ്രൂപ്പ് ജേതാക്കളായാണ് രണ്ടാം റൗണ്ട് പ്രവേശനം. നാൽപത്തിയഞ്ചാം മിനിറ്റിൽ മോസ്‌കോയുടെ  വിറ്റിഞ്ഞൊയാണ് സന്ദർശകരുടെ ഗോൾ സ്വന്തമാക്കിയത്. 
സ്വന്തം ഗ്രൗണ്ടിൽ പിറകിൽ പോയ യുനൈറ്റഡ് രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചടിക്കുന്നതിനാണ് ഓൾഡ് ട്രാഫോഡ് സാക്ഷിയായത്. 
അറുപത്തിനാലാമത്തെ മിനിറ്റിൽ പോൾ പോഗ്ബയുടെ പാസിൽ ലുകാക്കു യുണൈറ്റഡിന്റെ സമനില ഗോൾ നേടി. രണ്ടു മിനിറ്റിനകം മാറ്റയുടെ പാസ് ഗോളാക്കി മാർകേസ് റാഷ്‌ഫോഡ് മാഞ്ചെസ്റ്ററിനെ മുന്നിലെത്തിച്ചു. ഗ്രൂപ്പിൽ 15 പോയന്റുമായി യുനൈറ്റഡ് ഒന്നാം സ്ഥാനത്തും 12 പോയന്റുമായി ബാസൽ രണ്ടാം സ്ഥാനത്തും ഫിനിഷ് ചെയ്തു. എഫ്.സി ബാസൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബെൻഫിക്കയെ തോൽപിച്ചത്. ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായാണ് എഫ്.സി ബാസൽ രണ്ടാം റൗണ്ട് ഉറപ്പിച്ചത്. 

പി.എസ്.ജിക്ക് മ്യൂണികിനോട് തോൽവി

മ്യൂണിക്- ചാംപ്യൻസ് ലീഗ് ഫുട്‌ബോളിൽ കരുത്തരായ പി.എസ്.ജിയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ബയേൺ മ്യൂണിക് തോൽപ്പിച്ചു. ചാംപ്യൻസ് ലീഗിൽ ഈ സീസണിലെ പി.എസ്.ജിയുടെ ആദ്യ പരാജയമാണിത്. ഇരട്ട ഗോൾ നേടിയ ഫ്രഞ്ച് താരം കൊറേന്റീൻ ടോളീസോയാണ് പി.എസ്.ജിയുടെ നടുവൊടിച്ചത്. ഒൻപതാമത്തെ മിനിറ്റിൽ ലെവൻഡോസ്‌കിയാണ് മ്യൂണികിന്റെ ഗോൾ വേട്ടക്ക് തുടക്കമിട്ടത്. യൂറോപ്യൻ മത്സരങ്ങളിൽ ലെവൻഡോവ്‌സ്‌കി നേടുന്ന അൻപതാമത്തെ ഗോളായിരുന്നു ഇത്.  മുപ്പത്തിയേഴാം മിനിറ്റിൽ കൊറേന്റീൻ ടോളീസോ രണ്ടാം ഗോൾ നേടി.  റോഡ്രിഗസിന്റെ ഷോട്ട് തകർപ്പൻ ഹെഡറിലൂടെ ടൊളിസോ ഗോളാക്കി.  


നെയ്മാറും സംഘവും ബയേണിന്റെ പ്രതിരോധക്കോട്ട ഭേദിക്കാൻ ശ്രമിച്ചെങ്കിലും ഗോൾ കണ്ടെത്താനായില്ല.  ബയേണിന്റെ ആധിപത്യത്തിന് സാക്ഷ്യം വഹിച്ചാണ് ആദ്യപകുതി പിരിഞ്ഞത്. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ പി.എസ്.ജി തിരിച്ചടിച്ചു. എംബാപ്പെയിലൂടെയായിരുന്നു പി.എസ്.ജിയുടെ ഗോൾ. കാവാനിയുടെ ഹൈ ബോൾ എംബപ്പെ വലയിലാക്കി. പി.എസ്.ജി ആക്രമണം ശക്തമാക്കിയെങ്കിലും അറുപത്തിയൊൻപതാം മിനിറ്റിൽ  ടൊളീസോ രണ്ടാം ഗോൾ നേടി ബയേണിന്റെ ലീഡുയർത്തി. 
ചാംപ്യൻസ് ലീഗിലെ നോക്കൗട്ട് റൗണ്ടിൽ ടീം മികച്ച പ്രകടനം പുറത്തെടുക്കണമെന്നാണ് പരാജയം സൂചിപ്പിക്കുന്നതെന്ന് പി.എസ്.ജി താരങ്ങളായ ജൂലിയൻ ഡ്രാക്‌സളർ, ആഡ്രിയൻ റാബിയോറ്റ് എന്നിവർ പറഞ്ഞു. നെയ്മാർ അടുത്ത കളികളിൽ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കുമെന്ന് പി.എസ്.ജി പരിശീലകൻ ഉനൈ എമേരി പറഞ്ഞു.  
അതിനിടെ, ചാംപ്യൻസ് ലീഗിൽ 10 ഗോളുകൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡ് പി.എസ്.ജിയുടെ എംബാപ്പെ സ്വന്തം പേരിൽ കുറിച്ചു. ബയേണിന് എതിരെ ഗോൾ നേടിയതോടെയാണിത്. റയൽ താരം കരീം ബെൻസീമയുടെ റെക്കോർഡാണ് പതിനെട്ടുകാരനായ എംബാപ്പെ തകർത്തത്. ബെൻസീമ ഇരുപത് വയസ്സിലാണ് 10 ഗോളുകൾ പൂർത്തിയാക്കിയത്. 


 

Latest News