ചെന്നൈ- മതരാഷ്ട്രീയം തമിഴ്നാട്ടിൽ വിലപ്പോകില്ലെന്ന് ഡിഎംകെ നേതാവ് എംകെ സ്റ്റാലിൻ. ഡിഎംകെയെ ഒരു 'യുക്തിവാദി' കക്ഷിയെന്ന് അധിക്ഷേപിക്കുന്നതിൽ അർത്ഥമില്ലെന്നും സ്റ്റാലിൻ പറഞ്ഞു. കരുണാനിധി മുഖ്യമന്ത്രിയായിരുന്ന കാലത്ത് നിരവധി ക്ഷേത്രങ്ങൾക്ക് ഫണ്ട് നൽകിയതും ക്ഷേത്രങ്ങൾ നിർമിച്ചു കൊടുത്തതുമായ നിരവധി കാര്യങ്ങൾ തനിക്ക് ചൂണ്ടിക്കാട്ടാൻ കഴിയും. കരുണാനിധി കുംഭാഭിഷേകങ്ങൾ നടത്തിയിട്ടുണ്ട്. തിരുവാരൂരിൽ രഥയാത്ര നടത്തിയിട്ടുണ്ട്. ഇതിനെല്ലാം പുറമെ ഹിന്ദു റിലീജ്യസ് എൻഡോവ്മെന്റ്സ് ഡിപ്പാർട്ട്മെന്റ് സ്ഥാപിച്ചതും കരുണാനിധിയാണ്.
തങ്ങളെ ഹിന്ദുക്കൾക്ക് എതിരാണെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടത്തുകയാണ് എഐഎഡിഎംകെയും ബിജെപിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനുള്ള ദുരുപദിഷ്ടമായ നീക്കമാണത്. തന്റെ ഭാര്യ ക്ഷേത്രസന്ദർശനം നടത്തുന്നയാളാണെന്നും താൻ ഒരിക്കൽപ്പോലും അതിനെ എതിർത്തിട്ടില്ലെന്നും തടയാൻ ശ്രമിച്ചിട്ടില്ലെന്നും സ്റ്റാലിൻ വ്യക്തമാക്കി. ദൈവത്തിൽ വിശ്വാസമുണ്ടോയെന്ന ചോദ്യത്തോട് താൻ ദൈവത്തെ വെറുക്കുന്നയാളല്ലെന്ന് സ്റ്റാലിൻ മറുപടി പറഞ്ഞു. താൻ ദൈവത്തെ വണങ്ങുകയോ വെറുക്കുകയോ ചെയ്യുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു.