Sorry, you need to enable JavaScript to visit this website.

പെട്രോൾ വില: മോഡി സർക്കാർ വാരിക്കൂട്ടിയ നികുതി വരുമാനം മൂന്ന് ലക്ഷം കോടി; വർധന 300 ശതമാനം

ന്യൂദൽഹി- ഇന്ധനവിലക്കയറ്റങ്ങളിലൂടെ കേന്ദ്ര സർക്കാർ പെട്രോൾ-ഡീസൽ നികുതി വരുമാനം 300 ശതമാനം വർധിപ്പിച്ചു. കഴിഞ്ഞ ആറുവർഷത്തിനിടയിലാണ് ഇത്രയും വർധന സംഭവിച്ചത്. ലോക്സഭയിൽ സർക്കാർ തിങ്കളാഴ്ച സമർപ്പിച്ച കണക്കുകളാണ് ഈ വസ്തുത പറയുന്നത്. കേന്ദ്രസഹമന്ത്രി അനുരാഗ് താക്കൂറാണ് ഒരു ചോദ്യത്തിന് മറുപടിയായി ഈ വിവരങ്ങൾ സഭയിൽ വെച്ചത്.

ആദ്യ മോഡി സർക്കാർ നിലവിൽ വന്ന 2014-15 വർഷത്തിൽ പെട്രോളിൽ നിന്ന് എക്സൈസ് നികുതിയിനത്തിൽ 29,279 കോടി രൂപയാണ് സർക്കാർ പിരിച്ചത്. ഡീസൽ നികുതിയായി 42,881 കോടി രൂപയും അക്കാലയളവിൽ പിരിച്ചു. രണ്ടാം മോഡി  സർക്കാരിന്റെ ആദ്യ വർഷത്തിൽ മാത്രം പെട്രോൾ-ഡീസൽ നികുതിയിനത്തിൽ പിരിച്ചത് 2.94 ലക്ഷം കോടി രൂപയാണ്. പ്രകൃതിവാതക വിതരണത്തിലൂടെ കേന്ദ്ര സർക്കാർ സമ്പാദിച്ചിരുന്നത് 74,158 കോടി രൂപയാണ്. 2014-15 കാലയളവിൽ. ഇത് 2020 ഏപ്രിൽ മുതൽ 2021 ജനുവരി വരെയുള്ള കാലയളവിൽ 2.95 ലക്ഷം കോടിയായി വർധിച്ചു. 

നികുതികളുടെ അളവിൽ വന്നിട്ടുള്ള വർധന മൊത്തം വരുമാനത്തിൽ വരുത്തിയ വർധന 5.4 ശതമാനത്തിൽ നിന്ന് 12.2 ശതമാനമെന്ന നിലയിലാണ്. 2014ൽ പെട്രോളിന്റെ എക്സൈസ് ഡ്യൂട്ടി 9.48 ശതമാനമായിരുന്നു. ഇത് 2020-21ലെത്തുമ്പോൾ 32.90 ആയി ഉയർത്താൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞു. ഡീസലിന്റെ എക്സൈസ് നികുതി 3.56 രൂപയായിരുന്നത് 31.80 രൂപയിലേക്ക് ഉയർത്തിക്കൊണ്ടു വന്നു സർക്കാർ.

Latest News