വാഷിംഗ്ടണ്‍- ഫ്‌ളാറിഡയിലെ മിയാമി ബീച്ചില്‍ അധികൃതര്‍ അടിയന്തരാവസ്ഥയും കര്‍ഫ്യൂവും പ്രഖ്യാപിച്ചു. വാക്‌സിന്‍ വിതരണം ചെയ്ത് തുടങ്ങിയതിന് പിന്നാലെ കോവിഡ് വ്യാപനം ഇല്ലാതായെന്ന തെറ്റായ ധാരണയിലാണ് ആളുകള്‍ മിയാമി ബീച്ചിലേക്ക് പ്രവഹിക്കുന്നത്. ലോകത്ത് ഏറ്റവുമധികം കോവിഡ്19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത അമേരിക്കയില്‍ ഇപ്പോഴും കാര്യങ്ങള്‍ അനുകൂലമല്ല. പതിനായിരക്കണക്കിനാളുകള്‍ ചികിത്സയില്‍ തുടരുകയാണ്. വാക്‌സിന്‍ വിതരണം നടക്കുന്നുണ്ടെങ്കിലും കോവിഡ് മരണങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയാത്തതാണ് സര്‍ക്കാരിനെ സമ്മര്‍ദത്തിലാഴ്ത്തുന്നത്. ജനങ്ങള്‍ക്ക് കോവിഡിനോടുള്ള ഭയം കുറഞ്ഞത് സര്‍ക്കാരിന് തിരിച്ചടിയാകുകയാണ്. ബീച്ച്, റസ്‌റ്റോറന്റ്, പാര്‍ക്ക് എന്നിവടങ്ങളില്‍ ആളുകള്‍ കൂട്ടമായി എത്താനാരംഭിച്ചു. നിയന്ത്രണങ്ങളില്‍ അയവ് വന്നതോടെ ആളുകള്‍ ബീച്ചിലേക്ക് കൂട്ടമായി എത്താന്‍ ആരംഭിച്ചതോടെയാണ് മിയാമി ബീച്ചില്‍ അധികൃതര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ശനിയാഴ്ച മുതലാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. പോലീസിനും അധികൃതര്‍ക്കും നിയന്ത്രിക്കാന്‍ കഴിയാത്ത തരത്തിലുള്ള ആളുകളുടെ പ്രവാഹമാണ് ദിവസവും ഉണ്ടാകുന്നതെന്നാണ് റിപ്പോര്‍ട്ട്. രാത്രി സമയങ്ങളില്‍ ബീച്ചിലേക്ക് ആളുകള്‍ കൂട്ടമായി എത്തുന്ന സാഹചര്യത്തിലാണ് നിയന്ത്രണം. എട്ട് മണിയോടെ ബീച്ചില്‍ നിന്നും ആളുകള്‍ മടങ്ങിപ്പോകണം. എട്ട് മണിക്ക് തന്നെ ഭക്ഷണശാലകള്‍ അടയ്ക്കും. ബീച്ചിലെ ദ്വീപില്‍ നിന്നും മിയാമിയിലേക്കുള്ള മൂന്ന് പാലങ്ങള്‍ രാത്രി പത്ത് മുതല്‍ രാവിലെ ആറ് മണി വരെ അടച്ചിടും. പ്രദേശ വാസികള്‍ക്കും കച്ചവടക്കാര്‍ക്കും മാത്രമാണ് ഈ സമയങ്ങളില്‍ പാലങ്ങളിലൂടെ സഞ്ചരിക്കാന്‍ അനുവാദമുള്ളൂ.
ആളുകള്‍ കൂട്ടമായി ബീച്ചിലേക്ക് എത്തിയതോടെ സംഘര്‍ഷം ശക്തമായി. മദ്യപാനവും തുടര്‍ന്നുള്ള സംഘര്‍ഷങ്ങളും പതിവായതോടെ പോലീസിന് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. കൂടുതല്‍ ആളുകള്‍ എത്തിയതോടെ മിയാമി ബീച്ച് പരിസരത്ത് സാമൂഹികവിരുദ്ധപ്രവര്‍ത്തനങ്ങളും രൂക്ഷമായെന്ന് പോലീസ് പറയുന്നു. കോവിഡ് ഭീഷണി തുടരുമ്പോള്‍ ബീച്ചിലെ സ്ഥിതിഗതികള്‍ നിയന്ത്രിക്കാനാകില്ലെന്ന് ആശങ്കയുണ്ടെന്ന് മിയാമി ബീച്ച് പോലീസ് മേധാവി റിച്ചാര്‍ഡ് ക്ലെമന്റ്‌സ് പറഞ്ഞു. നടപ്പാതയും റോഡുകളും കാണാന്‍ കഴിയാത്ത വിധത്തില്‍ സഞ്ചാരികള്‍ ബീച്ചിലേക്ക് എത്തിയിരുന്നതായി ആക്ടിംഗ് സിറ്റി മാനേജര്‍ റൗള്‍ അഗുവില പറഞ്ഞു