Sorry, you need to enable JavaScript to visit this website.

ഹറമില്‍ സംസം വിതരണത്തിന് പുതിയ കാര്‍ട്ടുകള്‍

മക്ക - വിശുദ്ധ ഹറമില്‍ സംസം വെള്ളം വിതരണത്തിന് പുതിയ കാര്‍ട്ടുകള്‍ ഏര്‍പ്പെടുത്തി. ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്‌മാന്‍ അല്‍സുദൈസ് കാര്‍ട്ടുകള്‍ ഉദ്ഘാടനം ചെയ്തു. ഹറംകാര്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ. സഅദ് അല്‍മുഹൈമിദ് ചടങ്ങില്‍ സന്നിഹിതനായിരുന്നു.
തുരുമ്പ് പിടിക്കാത്ത സ്റ്റൈന്‍ലെസ് സ്റ്റീലില്‍ നിര്‍മിച്ച കാര്‍ട്ടുകളില്‍ 80 ലിറ്റര്‍ വീതം ശേഷിയുള്ള രണ്ടു ജാറുകളാണുള്ളത്. ജാറുകളില്‍ ഒന്നില്‍ തണുപ്പിച്ച സംസം വെള്ളവും രണ്ടാമത്തെതില്‍ തണുപ്പിക്കാത്ത വെള്ളവുമാണുള്ളത്. ജാറുകളിലെ സംസം വെള്ളം വിതരണം ചെയ്യാന്‍ കാര്‍ട്ടുകളില്‍ ഇലക്‌ട്രോണിക് പമ്പുകളുമുണ്ട്. മുന്‍കരുതല്‍ നടപടിയെന്നോണം കാര്‍ട്ടുകള്‍ പതിവായി അണുവിമുക്തമാക്കുന്നു.
സുരക്ഷാ, ആരോഗ്യ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായും മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ പാലിച്ചും സന്ദര്‍ശകര്‍ക്കും വിശ്വാസികള്‍ക്കും സംസം വെള്ളം എത്തിക്കുന്നതിന് ഹറമിനകത്തും മുറ്റങ്ങളിലും സുഗമമായി നീക്കം ചെയ്യാമെന്നത് കാര്‍ട്ടുകളുടെ പ്രത്യേകതയാണ്. വിശുദ്ധ റമദാനില്‍ തീര്‍ഥാടകരെയും വിശ്വാസികളെയും സ്വീകരിക്കാനുള്ള ഹറംകാര്യ വകുപ്പിന്റെ ഒരുക്കങ്ങളുടെ ഭാഗമായാണ് സംസം വിതരണത്തിന് പുതിയ കാര്‍ട്ടുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

 

Latest News