മുംബൈ- ഏകതാപരിഷത്തുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ സാമൂഹ്യപ്രവർത്തകൻ സ്റ്റാന് സ്വാമിയുടെ ജാമ്യാപേക്ഷ മുംബൈയിലെ പ്രത്യേക എൻ.ഐ.എ കോടതി തള്ളി. 83-കാരനായ സ്റ്റാൻ സ്വാമിയെ 2020 ഒക്ടോബറിലാണ് അറസ്റ്റ് ചെയ്തത്. തുടർന്ന് നവി മുംബൈയിലെ തലോജ സെൻട്രൽ ജയിലിലെ തടവിൽ പാർപ്പിച്ചു. സ്റ്റാൻ സ്വാമിക്ക് പാർക്കിസൺസ് രോഗമുണ്ടെന്നും കേൾവി ശക്തി പൂർണമായും നഷ്ടമായെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഇതിനെ എൻ.ഐ.എ എതിർത്തു. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സംഘടനകൾക്ക് സ്റ്റാൻ സ്വാമി സഹായം നൽകുന്നുണ്ടന്നാണ് എൻ.ഐ.എ ആരോപിക്കുന്നത്.